പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം; ‘ഡോണ്ട് ബി എ സക്കര്‍’ ഹ്രസ്വചിത്രത്തിലെ രം​ഗം പങ്കുവച്ച് സണ്ണി വെയ്ൻ

By Web TeamFirst Published Dec 14, 2019, 11:38 PM IST
Highlights

പൗരത്വ ഭേദഗതി നിയമത്തിനെതിരെ 1943ൽ അമേരിക്കയിൽ പുറത്തിറങ്ങിയ ‘ഡോണ്ട് ബി എ സക്കര്‍’ എന്ന ഹ്രസ്വചിത്രത്തിലെ രം​ഗമാണ് പ്രതിഷേധ സൂചകമായി സണ്ണി വെയ്ൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.  

കൊച്ചി: നടി പാർ‌വതി തിരുവോത്ത്, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർക്ക് പിന്നാലെ പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി നടൻ സണ്ണി വെയ്ൻ. വംശീയ, ഫാസിസ്റ്റ് വിരുദ്ധ ആശയങ്ങളിൽ ഊന്നി 1943ൽ അമേരിക്കയിൽ പുറത്തിറങ്ങിയ ‘ഡോണ്ട് ബി എ സക്കര്‍’ എന്ന ഹ്രസ്വചിത്രത്തിലെ രം​ഗമാണ് പ്രതിഷേധ സൂചകമായി സണ്ണി വെയ്ൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. അമേരിക്കയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് വാർ ആണ് ഹ്രസ്വ ചിത്രം പുറത്തിറക്കിയത്.

അമേരിക്കയിലെ തെരുവില്‍ ഒരാള്‍ നടത്തുന്ന വംശീയ വിദ്വേഷ പ്രസംഗത്തിലൂടെയാണ് നടൻ പങ്കുവച്ച ചിത്രത്തിലെ രംഗം ആരംഭിക്കുന്നത്. ‘രാജ്യത്ത് നടക്കുന്ന ചില കാര്യങ്ങള്‍ കണ്ടിട്ട് എന്റെ രക്തം തിളയ്ക്കുന്നു. കൈയില്‍ പണമുള്ള വിദേശികളെ ഞാനിവിടെ കാണുന്നു. എനിക്കും നിങ്ങൾക്കും കിട്ടേണ്ട ജോലി കൈക്കലാക്കിയ നീഗ്രോകളെ ഞാൻ കാണുന്നു. ഇതിനിയും നമ്മള്‍ അനുവദിക്കുകയാണെങ്കില്‍ എന്താണ് യഥാര്‍ത്ഥ അമേരിക്കകാര്‍ക്ക് സംഭവിക്കുക?’, എന്ന് തുടങ്ങുന്ന പ്രസം​ഗത്തിൽ‌ പ്രാസം​ഗികൻ രാജ്യത്തുനിന്ന് നീഗ്രോകളെയും കത്തോലിക്ക വിഭാഗക്കാരെയും വിദേശികളെയും പുറത്താക്കാന്‍ ആഹ്വാനം ചെയ്യുകയാണ്.

Read more:'നട്ടെല്ലിലൂടെ ഒരു ഭയം'; പൗരത്വ ഭേദഗതി ബില്ലിനെതിരേ പാര്‍വ്വതി

ഇതിനിടെ പ്രസം​ഗ കേട്ടുകൊണ്ടിരുന്ന ഒരു കൽപ്പണിക്കാരനും പ്രൊഫസറും ഇതേപറ്റി സംസാരിക്കുകയാണ്. പ്രസംഗത്തിന്റെ ആദ്യ ഘട്ടത്തില്‍ പ്രസംഗത്തില്‍ ആകൃഷ്ടനാകുന്ന കല്‍പ്പണിക്കാരൻ, വിദേശികൾക്കും നീ​ഗ്രോക്കാർക്കുമൊപ്പം കല്‍പ്പണിക്കാരെയും പുറത്താക്കണമെന്ന് പറയുമ്പോള്‍ അസ്വസ്ഥനാവുന്നു. പിന്നീട് ഹംഗേറിയയില്‍ നിന്നും പാലായനം ചെയ്ത് അമേരിക്കൻ പൗരത്വം സ്വീകരിച്ച പ്രെഫസര്‍ കല്‍പ്പണിക്കാരന് പ്രസംഗത്തിലെ വിദ്വേഷത്തെ പറ്റി വിശദീകരിക്കുന്നതും ചിത്രത്തിൽ കാണാം.

ബെര്‍ലിനില്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറായിരുന്ന കാലത്ത് താനും ഇതേ വാക്കുകള്‍ കേട്ടിട്ടുണ്ട്. അന്ന് നാസികൾ മണ്ടൻമാരും വെറും മതഭ്രാന്തൻമാരും മാത്രമായിരുന്നുവെന്നാണ് താൻ ധരിച്ചിരുന്നത്. എന്നാൽ, നിര്‍ഭാഗ്യവശാല്‍ അവരങ്ങനെയായിരുന്നില്ല. ഐക്യത്തോടെ കഴിയുന്ന ഒരു രാജ്യത്തെ എളുപ്പത്തിൽ കീഴക്കാൻ കഴിയില്ലെന്ന് അവർക്കറിയാം. അതുകൊണ്ടാണ് അവർ ജർമ്മനിയെ ചെറിയ ​ഗ്രൂപ്പുകളായി തിരിച്ചത്. ഭിന്നിച്ചാണ് രാജ്യത്തെ അവർ കീഴടക്കിയതെന്നും പ്രൊഫസർ പറയുന്നു.

Read More:'ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള്'; മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി ലിജോ ജോസ് പെല്ലിശ്ശേരി

പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയതിനെതിരെ മലയാള ചലച്ചിത്ര മേഖലയിൽനിന്ന് പ്രതിഷേധമറിയിച്ച് രം​ഗത്തെത്തിയ ആദ്യ താരമായിരുന്നു പാര്‍വതി തിരുവോത്ത്. 'നട്ടെല്ലിലൂടെ ഭീതി അരിച്ചുകയറുന്നു. ഇത് ഒരിക്കലും അനുദിക്കരുത്' - എന്നായിരുന്നു പാര്‍വതി ട്വിറ്ററില്‍ കുറിച്ചത്. ഇതിന് പിന്നാലെ പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയിൽ ഊന്നി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമറിയിച്ചിരുന്നു.

click me!