Cobra Movie : റിലീസ് തീയതിയില്‍ മാറ്റമില്ല; കോബ്രയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍

Published : Jun 23, 2022, 07:19 PM IST
Cobra Movie : റിലീസ് തീയതിയില്‍ മാറ്റമില്ല; കോബ്രയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍

Synopsis

കൊവിഡിനു മുന്‍പ് പ്രദര്‍ശനത്തിനെത്തിയ കദരം കൊണ്ടാന്‍ ആണ് അവസാനം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട വിക്രം ചിത്രം

വിക്രത്തെ (Vikram) നായകനാക്കി ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്ര (Cobra) നേരത്തേ പ്രഖ്യാപിച്ച റിലീസ് തീയതിയ്ക്കു തന്നെ തിയറ്ററുകളിലെത്തും. ഇപ്പോള്‍ പുറത്തെത്തിയ പുതിയ പോസ്റ്ററിലാണ് ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ ഓഗസ്റ്റ് 11നു തന്നെ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

മഹാന് ശേഷമെത്തുന്ന വിക്രം ചിത്രമാണിത്. എന്നാല്‍ മഹാന്‍ ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്ട് റിലീസ് ആയിരുന്നു. കൊവിഡിനു മുന്‍പ് പ്രദര്‍ശനത്തിനെത്തിയ കദരം കൊണ്ടാന്‍ ആണ് അവസാനം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട വിക്രം ചിത്രം. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് കോബ്ര. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും സർജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ പുറത്തെത്തിയ ടീസറും ആരാധകപ്രീതി നേടിയിരുന്നു. ഇമൈക നൊടികൾ, ഡിമോണ്ടെ കോളനി എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജ്ഞാനമുത്തു. 

കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ കെ എസ് രവികുമാര്‍, ആനന്ദ്‍രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‍രാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. 7 സ്ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ എസ് എസ് ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഹരീഷ് കണ്ണന്‍ ആണ്. എ ആര്‍ റഹ്‍മാന്‍ ആണ് സംഗീത സംവിധാനം. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. ആക്ഷന്‍ കൊറിയോഗ്രഫി ദിലീപ് സുബ്ബരായന്‍. ചീഫ് കോ ഡയറക്ടര്‍ മുഗേഷ് ശര്‍മ്മ.

ALSO READ : കന്നഡയില്‍ നിന്ന് അടുത്ത പാന്‍ ഇന്ത്യന്‍ ചിത്രം; വിസ്‍മയിപ്പിക്കാന്‍ വിക്രാന്ത് റോണ

PREV
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ