സിസ്റ്റൈൻ ചാപ്പലിലെ നി​ഗൂഢമായ ഇടവഴികൾ, മാർപ്പാപ്പയുടെ മരണവും തെരഞ്ഞെടുപ്പും; ക്ലാസിക്കാകുന്ന 'കോൺക്ലേവ്'

Published : Dec 14, 2024, 09:04 PM ISTUpdated : Dec 15, 2024, 11:17 AM IST
സിസ്റ്റൈൻ ചാപ്പലിലെ നി​ഗൂഢമായ ഇടവഴികൾ, മാർപ്പാപ്പയുടെ മരണവും തെരഞ്ഞെടുപ്പും; ക്ലാസിക്കാകുന്ന 'കോൺക്ലേവ്'

Synopsis

സിസ്റ്റൈൻ ചാപ്പലിലെ നിഗൂഢ ഇടവഴികളും കോൺക്ലേവിലെ കർദിനാൾമാരുടെ രഹസ്യങ്ങളും ചേർത്ത് മുന്നേറുന്ന കഥാതന്തു പ്രേക്ഷകന് മികച്ച അനുഭവം നൽകുന്നു. ശക്തമായ അഭിനയവും ക്യാമറയും പശ്ചാത്തലസംഗീതവും വെളിച്ച-ശബ്ദ വിന്യാസവും വത്തിനാക്കിന്റെ രഹസ്യം തുറന്നു കാണിക്കുന്നു

ത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാനിലെ ഓരോ ഇലയനക്കങ്ങളും വാർത്തയാണ്. മാർപ്പാപ്പയെ തെരഞ്ഞെടുക്കുന്ന പ്രക്രിയയാകട്ടെ ലോക ശ്രദ്ധ മുഴുവൻ വത്തിക്കാനിലേക്ക് ക്ഷണിക്കുന്നു. സിസ്റ്റൈൻ ചാപ്പലിലെ പുകക്കുഴലിൽ നിന്നുയരുന്നത് കറുത്ത പുകയോ വെളുത്ത പുകയോ എന്ന് നോക്കി വിശ്വാസി സമൂഹം മാത്രമല്ല, ലോകം തന്നെ കാത്തിരിക്കുന്നു. ഒരു പോപ്പിന്റെ മരണം മുതൽ മറ്റൊരു പോപ്പ് അധികാരമേറ്റെടുക്കുന്നതുവരെയുള്ള പ്രക്രിയകളെയും മുഹൂർത്തങ്ങളെയും കോർത്തിണക്കി ക്ലാസിക് ത്രില്ലർ ചിത്രമൊരുക്കിയിരിക്കുകയാണ് ജർമൻ സംവിധായകനായ എഡ്‍മണ്ട് ബെർജർ. 2016ൽ പുറത്തിറങ്ങിയ ബെസ്റ്റ് സെല്ലർ പുസ്തകമായ കോൺക്ലേവിനെ അടിസ്ഥാനമാക്കിയാണ് ചിത്രമെടുത്തത്. പീറ്റർ സ്ട്രോഗന്റെ മനോഹരമായ തിരക്കഥയും എടുത്ത് പറയേണ്ടതാണ്.

സിസ്റ്റൈൻ ചാപ്പലിലെ നിഗൂഢമായ ഇടവഴികളിലൂടെയും കോൺക്ലേവിലെ കർദിനാൾമാരുടെ അടക്കംപറച്ചിലുകളിലൂടെയും മുന്നോട്ടുപോകുന്ന കഥാതന്തു മികച്ച സിനിമാ അനുഭവമാണ് പ്രേക്ഷകന് നൽകുക. അഭിനേതാക്കളുടെ ഗംഭീര പ്രകടനവും മികച്ച ക്യാമറയും പശ്ചാത്തല സംഗീതവും ശബ്‍ദവും വെളിച്ചവും വത്തിനാക്കിനിലെ രഹസ്യങ്ങളുടെ ചുരുൾ നിവർത്തുന്നു. മാർപ്പാപ്പയുടെ മരണത്തെ തുടർന്ന് സിസ്റ്റൈൻ ചാപ്പലിലെ സിസ്റ്റർ ആഗ്നസ് (ഇസബെല്ല റോസെല്ലിനി) ഉയർത്തിയ ചെറിയ സംശയം സിനിമയിലുടനീളം കഥാപാത്രങ്ങളെയെന്ന പോലെ പ്രേക്ഷകനെയും മുന്നോട്ടുകൊണ്ടുപോകുന്നു. മാർപ്പാപ്പയുടെ മരണത്തിലെ സംശയത്തിൽ തുടങ്ങി കത്തോലിക്കാ സഭ മുന്നോട്ടുവെക്കുന്ന പാരമ്പര്യ സദാചാരങ്ങളെ വെല്ലുവിളിച്ച് അവസാനിക്കുന്നതാണ് സിനിമയുടെ പ്രമേയം.

സംഭാഷണങ്ങളെപ്പോലെ തന്നെ മൗനത്തെയും നിശബ്‍ദതതെയും മനോഹരമായി ഉൾച്ചേർത്താണ് അവതരണം.  മാർപ്പാപ്പ എന്നത് കേവലം മതനേതാവ് മാത്രമല്ലെന്നും ലോകത്തിലെ അധികാരകേന്ദ്രങ്ങളിലെ പ്രധാന സ്ഥാനമാണെന്നും തിരിച്ചറിഞ്ഞ് ഓരോ കർദിനാൾമാരും  വാക്കിലൂടെയും നോക്കിലൂടെയും നിശ്വാസങ്ങളിലൂടെയും വരെ  കരുക്കൾ നീക്കുന്നതും തന്ത്രം മെനയുന്നതും ബെർജർ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

ബ്രിട്ടീഷ് കർദ്ദിനാളായ തോമസ് ലോറൻസിനെ കേന്ദ്ര സ്ഥാനത്തുനിർത്തിയാണ് കഥ മുന്നോട്ടുനീങ്ങുന്നത്. പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിന്റെ ചുമതല തോമസ് ലോറൻസിനാണ്. തോമസ് ലോറൻസ് കർദ്ദിനാളെ അവതരിപ്പിച്ച നടൻ റാൽഫ് ഫിയന്നസ് അസാമാന്യ പ്രകടനമാണ് കാഴ്‍ചവെച്ചിരിക്കുന്നത്. മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള ചുമതലയുള്ള ഗ്രൂപ്പായ കർദ്ദിനാൾസ് കോളേജിന്റെ ഡീനായി വാക്കിലും നോക്കിലും അദ്ദേഹം ജീവിക്കുന്നു. സിസ്റ്റർ ആഗ്നസ് ആയി വേഷമിട്ട ഇസബെല്ല റോസെല്ലിനി മികച്ച് നിൽക്കുന്നു. കടുത്ത കത്തോലിക്കാ പാരമ്പര്യവാദിയായ കർദിനാൾ ടെഡെസ്‌കോയെ അവതരിപ്പിച്ച സെർജിയോ കാസ്റ്റെലിറ്റോയുടെ പ്രകടനവും സിനിമയുടെ ഒഴുക്കിനെ സുഗമമാക്കുന്നു. ചിത്രത്തിൽ വന്നുപോകുന്ന ഓരോ കഥാപാത്രവും അഭിനയത്തിന്റെ റഫറൻസ് ബുക്കായി മാറുന്നുവെന്നതിൽ സംശയമില്ല.

ഓസ്‌കർ നേടിയ ഓൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ടാണ് ബെർജറിന്റെ മുൻ ചിത്രം. രണ്ട് ചിത്രങ്ങളെയും ബന്ധിപ്പിക്കുന്ന ഏകഘടകം ക്യാമറയാണ്. കോൺക്ലേവിന്റെ നിഗൂഢതതകൾ മനോഹരമായാണ് ഛായാഗ്രാഹകൻ  സ്റ്റെഫാൻ ഫോണ്ടെയ്‍ന്റെ ഒപ്പിയെടുത്തിരിക്കുന്നത്. ദൃശ്യങ്ങളുടെ ഭംഗി വർധിപ്പിക്കുന്ന തരത്തിലെ പശ്ചാത്തല സംഗീതവും സിനിമയുടെ മൊത്തത്തിലുടെ ആസ്വാദന നിലവാരത്തെ ഉയർത്തുന്നു.

സൂക്ഷ്‍മമായി ഗവേഷണം നടത്തിയ നോവലായിരുന്നു കോൺക്ലേവ്. നോവലിനോട് നൂറ്റിയൊന്ന് ശതമാനം നീതിപുലർത്തിയെന്ന് സംവിധായകന് അവകാശപ്പെടാം. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പായാലും പോപ്പ് തെരഞ്ഞെടുപ്പായാലും അധികാരത്തിന്റെ തന്ത്രങ്ങളും കുതന്ത്രങ്ങളും എല്ലായിടത്തും സമാനമാണ് എന്ന് ചിത്രം പറയുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വീര മല്ലു തകര്‍ന്നു, പക്ഷേ താരത്തിന് ഒടിടിയില്‍ ഇപ്പോഴും ഡിമാൻഡ്, നെറ്റ്ഫ്ലിക്സ് ആ വമ്പൻ പടം സ്വന്തമാക്കി
'അവസാന ഷോട്ടിലെ വാൾട്ടർ മമ്മൂട്ടിയോ?'; ചർച്ചയായി 'ചത്താ പച്ച' ട്രെയ്‌ലർ