
കടുവ (Kaduva) സിനിമയിലെ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ സംഭാഷണം നീക്കുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍. പ്രസ്‍തുത സംഭാഷണം മാറ്റിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചുവെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചാല്‍ ഇന്ന് രാത്രി തന്നെ പ്രിന്‍റ് മാറ്റുമെന്നും പൃഥ്വിരാജ് (Prithviraj Sukumaran) അറിയിച്ചു. സംവിധായകന്‍ ഷാജി കൈലാസ്, രചയിതാവ് ജിനു വി എബ്രഹാം തുടങ്ങിയവര്‍ക്കൊപ്പം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പൃഥ്വിരാജ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
"വിവാദത്തെക്കുറിച്ച് ക്ഷമ ചോദിക്കുന്നു. ന്യായീകരിക്കുന്നില്ല. പക്ഷേ സാഹചര്യം വിശദീകരിക്കാം. പറയാന്‍ പാടില്ലാത്ത ഒരു കാര്യം ജോസഫിനോട് കുര്യച്ചന്‍ പറയുന്നു എന്നു തന്നെയാണ് ആ സീനിലൂടെ ഞങ്ങള്‍ ഉദ്ദേശിച്ചത്. അത് കഴിഞ്ഞാലുടന്‍ ജോസഫ് വണ്ടിക്കുള്ളില്‍ ഇരുന്ന് പറയുന്നത് അവന്‍ എന്‍റെ ദിവസം നശിപ്പിച്ചു എന്നാണ്. കുര്യച്ചന്‍റെ മുഖഭാവത്തിലും അത് പറയേണ്ടിയിരുന്നില്ല എന്ന ഒരു ഭാവമാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്. പക്ഷേ ഞങ്ങള്‍ മനസിലാക്കുന്നു. ഈ സിനിമയുടെ നായക സ്ഥാനത്ത് നില്‍ക്കുന്ന കഥാപാത്രമായതുകൊണ്ട് ഈ സിനിമ ആ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നോ എന്ന് ഒരു പ്രേക്ഷകന് തോന്നിയാല്‍ ആ പ്രേക്ഷകനെ കുറ്റം പറയാന്‍ പറ്റില്ല.
എന്തുകൊണ്ട് ഭിന്നശേഷിയുള്ള ഒരു കുട്ടിയെ ആ വേഷത്തിന് തെരഞ്ഞെടുത്തു എന്നതാണ് മറ്റൊരു ചോദ്യം. ആ സാഹചര്യത്തില്‍ പക്ഷേ ഞങ്ങള്‍ക്ക് മറിച്ചാണ് ഒരു സംശയം തോന്നിയത്. ആ വേഷത്തിലേക്ക് ഒരു സാധാരണ കുട്ടിയെ അഭിനയിപ്പിച്ചിട്ട്, ഏതെങ്കിലും രീതിയില്‍ ആ കുട്ടി ഭിന്നശേഷിയുള്ള ആളാണെന്ന് വരുത്തിത്തീര്‍ത്താല്‍ അത് പ്രശ്‍നമാകില്ലേ എന്നാണ് ഞങ്ങള്‍ ചിന്തിച്ചത്. അതുകൊണ്ടാണ് ആ വേഷം ഒരു ഭിന്നശേഷിയുള്ള കുട്ടിയെക്കൊണ്ടുതന്നെ ചെയ്യിച്ചത്. ഇത് ചിത്രീകരിച്ച സമയത്തോ പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്തോ ഇതിലെ പ്രശ്‍നം ഞങ്ങള്‍ മനസിലാക്കിയില്ല. അതിനാലാണ് ക്ഷമ ചോദിച്ചത്. ഈ പറഞ്ഞത് ഒരു ന്യായൂകരണമായി എടുക്കരുത്. സിനിമ ചെയ്യുന്ന സമയത്ത് ഇതേക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചിരുന്നത് എന്തെന്ന് വ്യക്തമാക്കുക മാത്രമാണ് ചെയ്‍തത്. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. ഇനി ഭാഗഭാക്കാവുന്ന സിനിമകളിലും ശരിയായ കാഴ്ചപ്പാടുകൾ തന്നെ ഉൾപ്പെടുത്താൻ ഇനിയും ശ്രമിക്കും", ചോദ്യങ്ങള്‍ക്ക് മറുപടിയായി പൃഥ്വിരാജ് പറഞ്ഞു.
കടുവ സിനിമയില്‍ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ചും അവരുടെ മാതാപിതാക്കളെക്കുറിച്ചും നായക കഥാപാത്രം പറയുന്ന സംഭാഷണമാണ് വിവാദത്തിന് ഇടയാക്കിയത്. സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയതിനൊപ്പം ചിത്രത്തിലെ പരാമര്‍ശത്തിനെതിരെ സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ നിര്‍മ്മാതാക്കള്‍ക്കും സംവിധായകനും നോട്ടീസ് അയക്കുകയും ചെയ്‍തിരുന്നു. വിമര്‍ശനം കടുത്തതോടെ തെറ്റ് സമ്മതിച്ചും ക്ഷമ ചോദിച്ചും ഷാജി കൈലാസും പൃഥ്വിരാജും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഇന്ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനനവും വിളിച്ചുചേര്‍ത്തത്.
അതേസമയം വിജയ് ബാബു 'അമ്മ യോഗത്തിൽ പങ്കെടുത്ത സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് അതില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്നായിരുന്നു പൃഥ്വിരാജിന്‍റെ മറുപടി. "താനും ആ യോഗത്തിൽ പങ്കെടുത്തിട്ടില്ല. സംഘടനയുടെ അത്തരം കാര്യങ്ങളെ കുറിച്ചും അറിയില്ല". അമ്മ ഒരു ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്‍റെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ചാരിറ്റബിൾ സൊസൈറ്റി ആയാണ് അമ്മ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും രജിസ്‌ട്രേഷൻ മാറ്റുന്നത് വരെ അതങ്ങനെ തുടരുമെന്നുമായിരുന്നു പൃഥ്വിരാജിന്‍റെ മറുപടി. 'അമ്മ സംഘടനകളെ കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കാമോ എന്നും വാര്‍ത്താ സമ്മേളനത്തിനിടെ പൃഥ്വിരാജ് ചോദിച്ചു. നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കൊപ്പം നിന്ന പൃഥ്വിരാജ് വിജയ് ബാബു കേസില്‍ പ്രതികരണങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ- "നടി ആക്രമിക്കപ്പെട്ട കേസിൽ എന്‍റെ സുഹൃത്ത് കൂടിയായ നടിയിൽ നിന്ന് നേരിട്ടുള്ള വിവരങ്ങൾ ഉണ്ടായിരുന്നു. എന്നാല്‍ വിജയ് ബാബു കേസ് അങ്ങനെയല്ല. മാധ്യമങ്ങളില്‍ നിന്ന് ലഭിച്ചതു മാത്രമേ തനിക്കറിയൂ. അതുവച്ച് ഒരു അഭിപ്രായ പ്രകടനം നടത്താന്‍ സാധിക്കില്ല", പൃഥ്വിരാജ് പറഞ്ഞു.
ALSO READ : ഇന്ന് പൃഥിരാജ്, അന്ന് ദിലീപ്; ഒഴിവാക്കേണ്ടിവന്നത് 'ട്വന്‍റി 20'യിലെ ഡയലോഗ്
അതേസമയം ചിത്രം മികച്ച ബോക്സ് ഓഫീസ് പ്രതികരണവുമായി മുന്നേറുകയാണ്. ആദ്യ നാല് ദിനങ്ങളില്‍ നിന്ന് 25 കോടിയാണ് ചിത്രം നേടിയിരിക്കുന്നതെന്ന് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് കളക്ഷന്‍ ആണിത്. സമീപകാലത്ത് തിയറ്ററുകളില്‍ വിജയിച്ച പൃഥ്വിരാജിന്‍റെ തന്നെ ജനഗണമന എട്ട് ദിവസം കൊണ്ടാണ് ഈ കളക്ഷന്‍ നേടിയത്.