
എല്ലാവരും വീട്ടിലിരിപ്പാണ്. പൊതുവെ നമ്മള്‍ പൊരുത്തപ്പെടാതിരുന്ന ഒരു സംഗതിയാണ്. തിരക്കിന്റെ ഓട്ടങ്ങളില്ല. പക്ഷേ വീട്ടിലിരിപ്പിന്റെ ഗുണം മലയാളികള്‍ തിരിച്ചറിയുന്നുണ്ട്. കണക്കുകള്‍ എടുക്കുമ്പോള്‍ കേരളത്തില്‍ രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നു. ഉറച്ച തീരുമാനങ്ങളില്‍ നിന്ന് ആളുകളിലേക്ക് കിട്ടിയ അതിജാഗ്രത ഗുണകരമായി മാറുന്നു. ആശ്വസിക്കാവുന്ന കണക്കുകളാണ്. പക്ഷേ മുഖ്യമന്ത്രി പറയുംപോലെ തന്നെ അങ്ങനങ്ങ് ആശ്വസിക്കാനായിട്ടില്ല. നമ്മുടെ ആരോഗ്യം മറ്റൊരാളെ ആശ്രയിച്ചുനില്‍ക്കുന്നു. അവരുടെ ആരോഗ്യം നമ്മളെയും. അതുകൊണ്ട് പുറത്തിറങ്ങാത്ത കാലത്തെ അന്യോന്യമുള്ള കരുതല്‍ തുടരുക തന്നെ വേണം.
കേരളം അതിജീവിക്കുകയാണ്. കൊവിഡിനെ ഭയന്ന് ലോകം ഇപ്പോഴും പകച്ചുനില്‍ക്കുമ്പോള്‍ കേരളത്തില്‍ അത്രത്തോളം നെടുവീര്‍പ്പുകളില്ല. ആരോഗ്യകേരളം ലോകസമൂഹത്തിന് ആകെ മാതൃകയാകുന്നു. കൂണുകള്‍പോലെ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങള്‍ വളര്‍ന്നുപന്തലിച്ച നാടാണ് കേരളവും. പക്ഷേ മഹാമാരിക്ക് അതിരിടാൻ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെയാണ് കരുത്താകുന്നത്. ഒപ്പം ചേരാൻ സ്വകാര്യ സ്ഥാപനങ്ങള്‍ ഇല്ലെന്നല്ല. കേരളത്തിന് താങ്ങാവുന്നത് പൊതു ആരോഗ്യമേഖല തന്നെയാണ് എന്നതാണ് യാഥാര്‍ഥ്യം.
കൊവിഡിനെ തുരത്താൻ കച്ചകെട്ടിയ ആരോഗ്യപ്രവര്‍ത്തകരാണ് ആരോഗ്യ കേരളത്തിന്റെ കാതല്‍. അവരുടെ പ്രവര്‍ത്തനം ഒരിക്കലും വിസ്‍മരിക്കാനാകില്ല. പക്ഷേ സ്വകാര്യമേഖലയില്‍ ചിലയിടങ്ങളില്‍ അവര്‍ക്ക് മതിയായ പ്രതിഫലം കിട്ടുന്നുണ്ടോയെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമായിട്ടില്ല. പ്രത്യേകിച്ച് നമ്മള്‍ വിശേഷണപ്പേര് മാത്രം നല്‍കിയ നഴ്‍സുമാര്‍ക്ക്; മാലാഖമാര്‍ക്ക്. ആരോ ഒരാള്‍ ഇതിനിടയില്‍ സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരുന്നു. 2500 രൂപയ്‍ക്ക് പെട്രോള്‍ അടിച്ചാണ് ഭാര്യയെ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടത്. മാസം കഴിഞ്ഞപ്പോള്‍ ശമ്പളം കിട്ടിയത് 5000 രൂപ. അതാണ് സ്‍ഥിതി. ഇനിയെങ്കിലും അത്തരമൊരു അവസ്ഥയ്‍ക്ക് മാറ്റം വരണം.
സാമൂഹ്യജിവി എന്ന വാക്കിന് മലയാളികള്‍ കൂടുതലായി അര്‍ഥമറിഞ്ഞു തുടങ്ങിയ കാലം കൂടിയാണ് ഇത്. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ കോര്‍ത്തിണക്കിയ കണ്ണികളിലെന്ന പോലെ ജനങ്ങളും പാലിക്കുന്നു. ഇപ്പോഴും രാഷ്‍ട്രീയക്കുപ്പായമിട്ട് പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷമുണ്ട്. അവരെ കൊവിഡിനെ എന്നപോലെ ഒഴിവാക്കുകയെ നിര്‍വ്വാഹമുള്ളൂ. പൊലീസ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. രോഗകാലാവസ്ഥയില്‍ മാത്രമല്ല ചൂടിന്റെ വിയര്‍പ്പിലുമാണ് പൊലീസ് കൃത്യനിര്‍വഹണം നടത്തുന്നത്. നാട്ടില്‍ പൊലീസുകാര്‍ വെയിലത്ത് നില്‍ക്കുന്നത് കണ്ട് അവര്‍ക്ക് തണല്‍ ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമം നടത്തി. ചെറിയ പന്തല്‍ ഉണ്ടാക്കി. നമുക്ക് കരുതലാകുന്ന അവര്‍ക്ക് തണലൊരുക്കേണ്ടത് നമ്മളാണ്.
ജനങ്ങളുടെ ആവശ്യങ്ങള്‍ അറിയിക്കാനുള്ള കോള്‍ സെന്ററില്‍ ഇതിനിടയില്‍ പോയിരുന്നു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള കോള്‍ സെന്ററില്‍ തിങ്കളാഴ്‍ച മുഴുവൻ സമയം ചെലവഴിക്കാമെന്നാണ് കരുതിയിരിക്കുന്നത്. ചില കോളുകള്‍ അറ്റൻഡ് ചെയ്‍തു. പ്രധാനമായും വ്യാജവാര്‍ത്തകളെ കുറിച്ച് അവബോധമുണ്ടാക്കാൻ കൂടിയാണ് ഞാൻ ശ്രമിക്കുന്നത്. കൊവിഡിനെതിരെ മാത്രമല്ല വ്യാജവാര്‍ത്തകള്‍ക്ക് എതിരെയും ജാഗ്രത പ്രധാനമാണ്. വ്യാജവാര്‍ത്തകള്‍ പടര്‍ത്താതിരിക്കുക എന്നതും ഇക്കാലത്ത് നമ്മള്‍ കാട്ടേണ്ട കരുതലാണ്.
ലോക്ക് ഡൗണ്‍ കാലത്ത് സിനിമാക്കാഴ്‍ചകള്‍ക്ക് തന്നെയാണ് കൂടുതല്‍ സമയം ഞാൻ ഉപയോഗിക്കുന്നത്. സുഹൃത്തുക്കളൊക്കെ നിര്‍ദ്ദേശിക്കുന്ന അന്താരാഷ്‍ട്ര സിനിമകള്‍ കാണുന്നു. അതുപോലെ പുസ്‍തക വായന. പുതിയ സിനിമയ്‍ക്കായുള്ള മുന്നൊരുക്കങ്ങള്‍. ഒരു സിനിമ കൊവിഡ് ഇങ്ങനെ രൂക്ഷമാകുന്നതിനു മുമ്പ് ആലോചിച്ചിരുന്നു. തീരുമാനമായിരുന്നു. ഇനിയിപ്പോള്‍ അതൊന്നുമല്ലല്ലോ പ്രധാനം. നമുക്ക് അതിജീവിക്കണം. ഓരോരുത്തരും സാമൂഹ്യ കടമകള്‍ നിറവേറ്റാൻ മറക്കരുത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ