നിര്‍മ്മാണം ഷാരൂഖ് ഖാന്‍; അലിയ ഭട്ടിനൊപ്പം റോഷന്‍ മാത്യു

By Web TeamFirst Published Feb 17, 2021, 5:43 PM IST
Highlights

റോഷന്‍ മാത്യുവിന്‍റേതായി നിരവധി ശ്രദ്ധേയ പ്രോജക്ടുകളാണ് വരാനിരിക്കുന്നത്. മനു വാര്യയുടെ കുരുതി, സിബി മലയിലിന്‍റെ കൊത്ത്, സിദ്ധാര്‍ഥ ശിവയുടെ വര്‍ത്തമാനം, വിക്രത്തിനൊപ്പമെത്തുന്ന തമിഴ് ചിത്രം കോബ്ര എന്നിവയൊക്കെയാണ് റോഷന്‍റേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍.

അനുരാഗ് കശ്യപ് ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം നടത്താനുള്ള ഭാഗ്യം ലഭിച്ച നടനാണ് റോഷന്‍ മാത്യു. നെറ്റ്ഫ്ളിക്സ് ഒറിജിനല്‍ ചിത്രമായി കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യപ്പെട്ട 'ചോക്ക്ഡ്' ആയിരുന്നു ആ ചിത്രം. ഇപ്പോഴിതാ റോഷന്‍റെ രണ്ടാമത്തെ ബോളിവുഡ് ചിത്രവും വരികയാണ്. അതും ഒന്നാംനിര പ്രൊഡക്ഷന്‍ ഹൗസിനും താരങ്ങള്‍ക്കുമൊപ്പം.

'ഡാര്‍ലിംഗ്‍സ്' എന്നു പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സാക്ഷാല്‍ ഷാരൂഖ് ഖാന്‍ ആണ്. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഷാരൂഖ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അലിയ ഭട്ട് ആണ് നായിക. അമ്മ-മകള്‍ ബന്ധത്തിലൂന്നിയ കഥ പറയുന്ന ചിത്രത്തില്‍ മകളായി അലിയ ഭട്ടും അമ്മയായി ഷെഫാലി ഷായും എത്തുന്നു. വിജയ് വര്‍മ്മയും റോഷന്‍ മാത്യുവുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോഷന്‍ മാത്യുവിന്‍റെ കഥാപാത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തെത്തിയിട്ടില്ല.

 

ചീഫ് അസോസിയേറ്റ് ഡയറക്ടറും തിരക്കഥാകൃത്തുമായ ജസ്‍മീത് കെ റീന്‍ ആണ് 'ഡാര്‍ലിംഗ്‍സ്' സംവിധാനം ചെയ്യുന്നത്. ജസ്‍മീതിന്‍റെ സംവിധായക അരങ്ങേറ്റചിത്രമാണിത്. ഫോഴ്സ് 2, ഫാനി ഖാന്‍, പതി പത്നി ഓര്‍ വോ എന്നീ ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ചിട്ടുണ്ട് ജസ്‍മീത്. മുംബൈയിലെ മധ്യവര്‍ഗ്ഗജീവിത പശ്ചാത്തലത്തിലാവും ചിത്രം. ഈ മാസമോ അടുത്ത മാസമോ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ഈ വര്‍ഷം തന്നെ തിയറ്ററുകളിലെത്തിക്കാനാണ് റെഡ് ചില്ലീസിന്‍റെ പദ്ധതിയെന്ന് അറിയുന്നു. പ്രീ-പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാവുമെന്നും അറിയുന്നു.

അതേസമയം റോഷന്‍ മാത്യുവിന്‍റേതായി നിരവധി ശ്രദ്ധേയ പ്രോജക്ടുകളാണ് വരാനിരിക്കുന്നത്. മനു വാര്യയുടെ കുരുതി, സിബി മലയിലിന്‍റെ കൊത്ത്, സിദ്ധാര്‍ഥ ശിവയുടെ വര്‍ത്തമാനം, വിക്രത്തിനൊപ്പമെത്തുന്ന തമിഴ് ചിത്രം കോബ്ര എന്നിവയൊക്കെയാണ് റോഷന്‍റേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍.
 

click me!