'സാവിത്രി തമ്പുരാട്ടി'യായി ദീപ്‍തി സതി; വിനയന്‍റെ 'പത്തൊമ്പതാം നൂറ്റാണ്ടി'ലെ ക്യാരക്റ്റര്‍ പോസ്റ്റര്‍

By Web TeamFirst Published Sep 5, 2021, 12:54 PM IST
Highlights

രാജസദസ്സില്‍ നൃത്തം അവതരിപ്പിക്കുന്ന കഥാപാത്രം

വിനയന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് പിരീഡ് ഡ്രാമയാണ് 'പത്തൊമ്പതാം നൂറ്റാണ്ട്'. ചിത്രത്തിലെ ക്യാരക്റ്റര്‍ പോസ്റ്ററുകളുടെ തുടര്‍ച്ചയായി ദീപ്‍തി സതി അവതരിപ്പിക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് വിനയന്‍. 'സാവിത്രി തമ്പുരാട്ടി' എന്നാണ് ദീപ്‍തി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. വിദ്യാസമ്പന്നയും സുന്ദരിയുമായ സാവിത്രി രാജസദസ്സില്‍ നൃത്തം അവതരിപ്പിക്കുന്ന നര്‍ത്തകി കൂടിയാണ്. 

കഥാപാത്രത്തെക്കുറിച്ച് വിനയന്‍ പറയുന്നു

"പത്തൊമ്പതാം നൂറ്റാണ്ടിലെ നാലാമത് ക്യാരക്റ്റര്‍ പോസ്റ്റര്‍ ആണിത്. ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന വളരെ ബൃഹത്തായ ഈ ചരിത്ര സിനിമയിൽ അൻപതിലധികം പ്രമുഖ നടീനടൻമാർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയതാരം ദീപ്‍തി സതി അവതരിപ്പിക്കുന്ന 'വലിയ കോവിലകത്തെ സാവിത്രി തമ്പുരാട്ടി'യെ ആണ് ഇന്നത്തെ പോസ്റ്ററിലൂടെ നിങ്ങൾക്കു പരിചയപ്പെടുത്തുന്നത്. വിദ്യാസമ്പന്നയും സുന്ദരിയുമായിരുന്ന സാവിത്രി തമ്പുരാട്ടി രാജസദസ്സിൽ പോലും നൃത്തം അവതരിപ്പിക്കുന്ന നല്ലൊരു നർത്തകി കൂടി ആയിരുന്നു. ആ കാലഘട്ടത്തിൽ തിരുവിതാംകൂറിലെ താണജാതിക്കാർ അയിത്തത്തിന്‍റെ പേരിൽ അനുഭവിക്കുന്ന യാതനകൾ നേരിൽ കണ്ട സാവിത്രിയുടെ മനസ്സ് വല്ലാതെ ആകുലപ്പെട്ടു. അതേസമയം തന്നെ തീണ്ടലിന്‍റെയും തൊടീലിന്‍റെയും പേരിൽ നടക്കുന്ന മനുഷ്യത്വം ഇല്ലാത്ത പ്രവർത്തികൾക്കെതിരെ ആറാട്ടുപുഴയിൽ നിന്ന് ഒരാൾ ശക്തമായ എതിർപ്പ് ഉയർത്തിയിരുന്നു. അധ:സ്ഥിതർക്കുവേണ്ടി മുഴങ്ങിക്കേട്ട ആ ശബ്ദം ആറാട്ടുപുഴ വേലായുധപ്പണിക്കരുടേതായിരുന്നു.

 

വേലായുധനെ നേരിൽക്കണ്ട് അഭിനന്ദിക്കുവാനും മനസ്സുകൊണ്ടു കൂടെയുണ്ടന്നു പറയുവാനും സാവിത്രി തമ്പുരാട്ടി ആഗ്രഹിച്ചു. നന്നേ ചെറുപ്പമാണങ്കിലും മനക്കരുത്തുള്ള സ്ത്രീത്വവും അശരണരോടു ദീനാനുകമ്പയുള്ള മനസ്സുമായി ജീവിച്ച സാവിത്രിക്കുട്ടിക്കു പക്ഷേ നേരിടേണ്ടി വന്നത് അഗ്നിപരീക്ഷകളായിരുന്നു. ദീപ്തി സതി എന്ന അഭിനേത്രി പ്രതീക്ഷകൾക്കുമപ്പുറം ആ കഥാപാത്രത്തിനു ജീവൻ നൽകി."

പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് നായകന്‍. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരെയാണ് സിജു വിത്സണ്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കയാദു ലോഹര്‍ ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നങ്ങേലിയായാണ് കയാദു സ്ക്രീനില്‍ എത്തുക. വന്‍ താരനിര അണിനിരക്കുന്ന ചിത്രവുമാണിത്. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, രേണു സുന്ദര്‍, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങിയവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുമെന്ന് വിനയന്‍ നേരത്തെ അറിയിച്ചിരുന്നു. 

എം ജയചന്ദ്രനും റഫീഖ് അഹമ്മദും ചേര്‍ന്നൊരുക്കുന്ന നാല് ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് പൂര്‍ത്തിയായിട്ടുണ്ട്. ഛായാഗ്രഹണം ഷാജികുമാര്‍, കലാസംവിധാനം അജയന്‍ ചാലിശ്ശേരി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് വി സി പ്രവീൺ, ബൈജു ഗോപാലൻ, ക്യഷ്ണമൂർത്തി, പ്രൊജക്ട് ഡിസൈനര്‍ ബാദുഷ, എഡിറ്റിംഗ് വിവേക് ഹർഷൻ, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം ധന്യ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ സതീഷ്, സ്റ്റില്‍സ് സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല ഓള്‍ഡ് മങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍ ഉബൈനി യൂസഫ്, ആക്ഷന്‍ സുപ്രീം സുന്ദര്‍, രാജശേഖന്‍, മാഫിയ ശശി, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഇക്ബാല്‍ പാനായിക്കുളം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് രാജന്‍ ഫിലിപ്പ്, ഷെറിന്‍ സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ മാനേജേഴ്സ് ജിസ്സണ്‍ പോള്‍, റാം മനോഹര്‍, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!