5 ജി നെറ്റ്‍വര്‍ക്ക് നടപ്പാക്കുന്നതിനെതിരായ ഹര്‍ജി; നടി ജൂഹി ചൗളയ്ക്ക് 20 ലക്ഷം പിഴ

By Web TeamFirst Published Jun 4, 2021, 5:42 PM IST
Highlights

5 ജി വയർലെസ് നെറ്റ്‍വർക്ക് ആളുകളിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോപിച്ചാണ് ജൂഹി ചൗള ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. 

ദില്ലി: രാജ്യത്ത് 5 ജി വയര്‍ലെസ് നെറ്റ്‍വര്‍ക്ക് നടപ്പിലാക്കുന്നതിനെതിരെ നടി ജൂഹി ചൗള നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. അനാവശ്യ ഹര്‍ജിയെന്ന് അഭിപ്രായപ്പെട്ട കോടതി ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രസ്‍തുത ഹര്‍ജി മാധ്യമശ്രദ്ധ നേടാന്‍ വേണ്ടി നല്‍കിയതാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഓണ്‍ലൈനായി കേസ് പരിഗണിച്ചതിന്‍റെ ലിങ്ക് സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ജൂഹി ചൗള പങ്കുവച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം.

5 ജി വയർലെസ് നെറ്റ്‍വർക്ക് ആളുകളിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോപിച്ചാണ് ജൂഹി ചൗള ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. സാമൂഹികപ്രവര്‍ത്തകരായ വീരേഷ് മാലിക്, ടീന വചാനി എന്നിവരും ഹര്‍ജിയില്‍ പങ്കാളികളായിരുന്നു. 5ജി സേവനം അവതരിപ്പിക്കുന്നതിന് മുമ്പ് അത് മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും എത്രത്തോളം ഹാനികരമാണെന്ന പഠനം നടത്തണമെന്നായിരുന്നു ആവശ്യം. മൊബൈൽ സെൽ ടവറുകളിലൂടെയുണ്ടാവുന്ന റേഡിയേഷനെക്കുറിച്ച് സ്വകാര്യമേഖലയുടെ പങ്കാളിത്തമില്ലാതെ പഠനം നടത്താൻ കോടതി നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ അനാവശ്യവും ബാലിശവുമായ വാദഗതികളാണ് പരാതിക്കാരി ഹര്‍ജിയില്‍ ഉന്നയിച്ചതെന്നും അവര്‍ക്ക് വിഷയത്തില്‍ യാതൊരു ധാരണയുമില്ലെന്നും കോടതി പരാമര്‍ശിച്ചു. ഓണ്‍ലൈന്‍ ആയി കേസ് പരിഗണിക്കുന്നതിനിടെ സിനിമാഗാനം പാടി നടപടി തടസ്സപ്പെടുത്തിയ ആള്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസും കോടതി പുറപ്പെുവിച്ചിട്ടുണ്ട്. പ്രസ്‍തുത വ്യക്തിയെ കണ്ടെത്തണമെന്ന് ദില്ലി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട് കോടതി. 

click me!