
പുറത്തെത്തിയതു മുതല്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന സംസാരവിഷയമാണ് കുഞ്ചാക്കോ ബോബന്‍റെ (Kunchacko Boban) വൈറല്‍ ഡാന്‍സ്. കാതോട് കാതോരം എന്ന ചിത്രത്തിനുവേണ്ടി ഔസേപ്പച്ചന്‍ ഈണം പകര്‍ന്ന ദേവദൂതര്‍ പാടി (Devadoothar Paadi) എന്ന എവര്‍ഗ്രീന്‍ ഗാനമാണ് ന്നാ താന്‍ കേസ് കൊട് (Nna Thaan Case Kodu) എന്ന ചിത്രത്തിനുവേണ്ടി പുനസൃഷ്ടിച്ചത്. ഒരു ഗാനമേള വേദിയില്‍ ആലപിക്കപ്പെടുന്ന ഗാനത്തിന് കുഞ്ചാക്കോ ബോബന്‍റെ കഥാപാത്രം നടത്തുന്ന സ്വാഭാവിക നൃത്തമാണ് ആസ്വാദകരുടെ മനം കവര്‍ന്നത്. യുട്യൂബില്‍ ആറ് മില്യണിലധികം കാഴ്ചകള്‍ ഇതിനകം ലഭിച്ചുകഴിഞ്ഞ ഗാനത്തിന്‍റെ ഒരു ചെറിയ ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
അംബാസ് രാജീവന്‍ എന്ന തന്‍റെ കഥാപാത്രത്തിന്‍റെ നൃത്തം ക്യാമറ മോണിറ്ററിലൂടെ റീപ്ലേ ചെയ്‍ത് കാണുന്ന ചാക്കോച്ചനെ വീഡിയോയില്‍ കാണാം. ഭരതന്‍റെ സംവിധാനത്തില്‍ 1985ല്‍ പുറത്തെത്തിയ കാതോട് കാതോരം എന്ന ചിത്രത്തിനു വേണ്ടി ഔസേപ്പച്ചന്‍ സംഗീതം പകര്‍ന്ന് യേശുദാസ്, കൃഷ്‍ണചന്ദ്രന്‍, ലതിക, രാധിക എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനമാണ് ദേവദൂതര്‍ പാടി. കുഞ്ചാക്കോ ബോബന്‍ ചിത്രത്തിനുവേണ്ടി ഗാനത്തിന്‍റെ പുനരാവിഷ്കാരം നടത്തിയിരിക്കുന്നത് ഡോണ്‍ വിന്‍സെന്‍റ് ആണ്. ആലപിച്ചിരിക്കുന്നത് ബിജു നാരായണനും.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആണ് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്‍റെ സംവിധാനം. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ബോളിവുഡ് ചിത്രം ഷെര്‍ണിയുടെ ഛായാഗ്രഹണം മലയാളിയായ ഇദ്ദേഹമായിരുന്നു. സൂപ്പര്‍ ഡീലക്സ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ തമിഴ് താരം ഗായത്രി ശങ്കര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗായത്രിയുടെ ആദ്യ മലയാള ചിത്രമാണിത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലും കനകം കാമിനി കലഹത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജേഷ് മാധവനാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കുന്നു.