മകൻ എന്നെപ്പോലെ കുസൃതി കാട്ടും, കുഞ്ഞിനെ കുറിച്ച് അനുജനോട് ചിരഞ്‍ജീവി സര്‍ജ പറഞ്ഞ കാര്യങ്ങള്‍

By Web TeamFirst Published Oct 23, 2020, 1:43 PM IST
Highlights

ചിരഞ്‍ജീവി സര്‍ജയുടെ പുനര്‍ജന്മമാണ് കുഞ്ഞെന്നാണ് ആരാധകര്‍ കരുതുന്നത്. 

മേഘ്ന രാജ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്ന വാർത്ത വളരെയധികം സന്തോഷത്തോടെ വരവേൽക്കുകയാണ് ആരാധകരും സുഹ‍ൃത്തുക്കളും. ചിരഞ്‍ജീവിയുടെ മരണം ഉള്‍ക്കൊള്ളാൻ ഇനിയും കുടുംബത്തിന് കഴിഞ്ഞില്ലെങ്കിലും കുഞ്ഞിന്റെ ജനനം ആശ്വാസം പകരുന്നതാണ്. ഇപ്പോഴിതാ പിറക്കാൻ പോകുന്നത് ആൺകുഞ്ഞ് ആണെന്നും തന്നെ പോലെ അവൻ കുസൃതി കാട്ടുമെന്നും സഹോദരൻ പറഞ്ഞിരുന്നതായി ധ്രുവ് സർജ പറയുന്നു.

“ചേട്ടൻ അച്ഛനാകാൻ ഒരുങ്ങുകയാണ്. മകനാണെങ്കിൽ അവന് ചേട്ടന്റെ സ്വഭാവം ആയിരിക്കുമല്ലോ എന്ന് ഒരിക്കൽ ചോദിച്ചിരുന്നു. കാരണം സ്കൂൾ കാലഘട്ടങ്ങളിൽ ചേട്ടന്റെ കുസൃതികാരണം ടീച്ചർമാർക്ക് പരാതി പറയാനേ നേരമുണ്ടായിരുന്നുള്ളൂ. ഇത് മനസിൽ വച്ചാണ് കുഞ്ഞിന്റെ കാര്യം ഞാൻ ചോദിച്ചതും. തനിക്കു ജനിക്കുന്നത് ആൺകുഞ്ഞ് തന്നെയായിരിക്കുമെന്നും അവനും ഇതുപോലെ കുസൃതി കാട്ടുമെന്നുമായിരുന്നു മറുപടിയായി ചേട്ടൻ പറഞ്ഞത്“ ധ്രുവ് പറയുന്നു. ജൂനിയർ ചിരു ഉണ്ടായതിന്റെ സന്തോഷം പങ്കുവച്ച് സംസാരിക്കുന്നതിനിടെയാണ് ധ്രുവ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“ആരോഗ്യമുള്ള ഒരു ആൺകുഞ്ഞിനെ ഞങ്ങളുടെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞാൻ അതീവ സന്തുഷ്ടനാണ്.മേഘ്നയും കുഞ്ഞും സുഖമായി ഇരിക്കുന്നു. ഇതിന് ഞാൻ ഹനുമാൻ പ്രഭുവിന് നന്ദി പറയുന്നു. കുഞ്ഞിനെ കയ്യിലെടുത്ത് നിൽക്കുമ്പോൾ ചിരു കൂടെ ഉള്ളതുപോലെ തോന്നുന്നു. അത് വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്ത അനുഭവമാണ്“ധ്രുവ് പറഞ്ഞു.

ചിരഞ്‍ജീവി മരിക്കുമ്പോള്‍ നാല് മാസം ഗര്‍ഭിണിയായിരുന്നു മേഘ്‍ന എന്നത് ഏറെ സങ്കടത്തിലാക്കിയ വാര്‍ത്തയായിരുന്നു. ഒക്ടോബര്‍ 22ന്, എല്ലാവരും കാത്തിരുന്ന ആ കുഞ്ഞ് ജനിച്ചു. പ്രത്യേകതയുള്ള ഒരു ദിവസമാണ് കുഞ്ഞ് ജനിച്ചതെന്നാണ് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു ഒക്ടോബര്‍ 22നായിരുന്നു ചിരഞ്‍ജീവി സര്‍ജയും മേഘ്‍ന രാജിന്റെയും വിവാഹം ഉറപ്പിച്ചിരുന്നത്. അതേസമയം, ചിരഞ്‍ജീവി സര്‍ജയുടെ പുനര്‍ജന്മമാണ് കുഞ്ഞെന്നാണ് ആരാധകര്‍ കരുതുന്നത്. 

click me!