
തെന്നിന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള സംവിധായകരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. എന്നാൽ, ഏറ്റവും ഒടുവിൽ രജനികാന്തിനെ നായകനാക്കി എത്തിയ ലോകേഷ് ചിത്രം കൂലി പ്രതീക്ഷക്കൊത്ത് ഉയരാത്തത് വലിയ തിരിച്ചടിയായിരുന്നു. ഇപ്പോഴിതാ ലോകേഷിന്റെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ മാനഗരമാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. തന്റെ ഏറ്റവും പുതിയ ചിത്രം വളയുടെ പ്രൊമോഷനോടനുബന്ധിച്ച് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുന്നത്.
'കാർത്തിക് സുബ്ബരാജ്, ലോകേഷ് ഈ ഒരു ഗ്യാങ്ങിനെ തുടക്കം മുതൽ ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. റിലീസിന് മുൻപുള്ള പ്രൊമോഷണൽ വിഡിയോകൾ കണ്ട് ആവേശത്തിലാണ് മാനഗരം കാണാൻ പോവുന്നത്. അത് അദ്ദേഹത്തിന്റെ ആദ്യ സിനിമയാണ്. അതിൽ അയാൾ പ്രൂവ് ചെയ്തിട്ടുണ്ട്. എനിക്ക് അന്നും ഇന്നും ലോകേഷിന്റെ സിനിമകളിൽ മാനഗരമാണ് ഇപ്പോഴും ഏറ്റവും ഇഷ്ടമുള്ള സിനിമ. ലോകേഷ് എന്ന ടെക്‌നിഷ്യൻ ആരാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം. അദ്ദേഹം തിരഞ്ഞടുത്ത ചില കഥകളിൽ വന്ന പാളിച്ച മാത്രമാണ് സംഭവിക്കുന്നത്. അത്രയും പ്രതീക്ഷ വയ്ക്കുന്ന ഒരു പ്രോജക്ടിനെ മീറ്റ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാ കാലവും നമുക്ക് ഒരു ബെസ്റ്റ് ഉണ്ടാവണമെന്നൊന്നും പറയാൻ കഴിയില്ല. കഥ പാളിയാൽ പാളിയതാണ്. ടെക്‌നിക്കലി ഇനി എന്ത് ഉണ്ടെന്ന് പറഞ്ഞാലും കഥ ഇല്ലെങ്കിൽ അത് വർക്ക് ആവണമെന്നില്ല. അദ്ദേഹത്തിന്റെ രണ്ടാമതായി എനിക്ക് ഇഷ്ടമുള്ള പടം കൈതിയാണ്. അദ്ദേഹം ചെയ്യുന്ന ഒരു കാര്യം സ്ട്രോങ്ങ് ഇമോഷണൽ പ്ലാറ്റ്ഫോം സെറ്റ് ചെയ്യും. അതിന്റെ പുറത്താണ് കഥ പറയുക. സിനിമ വലുതാക്കാനും പ്രേക്ഷകന്റെ പ്രതീക്ഷ മീറ്റ് ചെയ്യാനും നോക്കി കഥയിൽ പാളിച്ച വരും ചില സമയങ്ങളിൽ എന്നാണ് എനിക്ക് തോന്നുന്നത്. അവിടെ വലിയ കാൻവാസിൽ വലിയ താരങ്ങളെ വച്ച് സിനിമകൾ ചെയ്യുന്നു. മലയാളത്തിൽ ഇപ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്. ലോകേഷ് എന്ന മേക്കർ ആൾറെഡി സെലിബ്രേറ്റഡാണ്. അദ്ദേഹത്തിന് ഇനി ഒന്നും പ്രൂവ് ചെയ്യാനില്ല.' - ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ.
46 വർഷങ്ങൾക്ക് ശേഷം രജനി കാന്ത്- കമൽ ഹാസൻ ഒന്നിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുൻപ് തന്നെ ലോകേഷായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പൊതുവേദിയിൽ രജനി കാന്ത് അതിന് വ്യക്തത നൽകിയിരുന്നു. ചിത്രത്തിൻറെ കഥ തീരുമാനിച്ചിട്ടില്ലെന്നും, സംവിധായകൻ ആരാണെന്ന് ഉറപ്പിച്ചിട്ടില്ലെന്നുമായിരുന്നു രജനികാന്ത് പറഞ്ഞത്. അതേസമയം രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ്സ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.