പ്രായംകൂടിയ നടന്‍മാര്‍ ചെറുപ്പക്കാരുടെ വേഷം ചെയ്യുന്നത് നിര്‍ഭാഗ്യകരം; ബി ടൗണിൽ പുരുഷമേധാവിത്വമെന്ന് ദിയ

By Web TeamFirst Published Dec 17, 2020, 5:33 PM IST
Highlights

മധ്യവയസ്‌കരായ പുരുഷന്‍മാരെ കേന്ദ്രീകരിച്ചുള്ള തിരക്കഥകള്‍ ധാരാളമാണ്. എന്നാല്‍ അതേ പ്രായത്തിലുള്ള സ്ത്രീകളെപ്പറ്റി എഴുതാനോ സിനിമയെടുക്കാനോ ആരും ശ്രമിക്കാറില്ലെന്നും ദിയ പറഞ്ഞു.

ബോളിവുഡിൽ മധ്യവയസ്കരായ നടന്മാർ ചെറുപ്പക്കാരുടെ കഥാപാത്രങ്ങള്‍ ചെയ്യുന്നത് നിർഭാ​ഗ്യകരമെന്ന് നടി ദിയ മിര്‍സ. ഇത്തരം നടന്മാർ കൗമാരപ്രായക്കാരികള്‍ക്കൊപ്പം അഭിനയിക്കുന്നത് വിചിത്രമാണെന്നും പുരുഷ മേധാവിത്വം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ദിയ പറഞ്ഞു.  ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ ഈ പരാമര്‍ശം.

യുവത്വത്തിന്റെ സൗന്ദര്യത്തെ മാത്രമേ ബോളിവുഡിന് ഉൾക്കൊള്ളാൻ സാധിക്കുകയുള്ളൂ. നീന ഗുപ്തയെപ്പോലുള്ള നടിമാര്‍ ഇത്തരം പ്രതിസന്ധികള്‍ മറികടന്നാണ് നിലനില്‍ക്കുന്നത്. മധ്യവയസ്‌കരായ പുരുഷന്‍മാരെ കേന്ദ്രീകരിച്ചുള്ള തിരക്കഥകള്‍ ധാരാളമാണ്. എന്നാല്‍ അതേ പ്രായത്തിലുള്ള സ്ത്രീകളെപ്പറ്റി എഴുതാനോ സിനിമയെടുക്കാനോ ആരും ശ്രമിക്കാറില്ലെന്നും ദിയ പറഞ്ഞു.

അതുപോലെ മധ്യവയസ്‌കരായ നായകന്‍മാര്‍ അവരേക്കാള്‍ പ്രായം കുറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്യുന്നത് കാണാന്‍ വളരെ ബുദ്ധിമുട്ടാണ്. സൗന്ദര്യമാണ് പ്രശ്‌നം. അതിനാലാണ് സൗന്ദര്യമുള്ള മുഖങ്ങള്‍ക്ക് സിനിമയില്‍ ഇത്രയധികം ഡിമാന്റ്. മധ്യവയസ്‌കരായ നടിമാര്‍ക്ക് നമ്മുടെ ഇന്‍ഡസ്ട്രിയില്‍ സിനിമകള്‍ കുറവാണ്. അവര്‍ക്കായുള്ള കഥകള്‍ എഴുതാന്‍ ആരും മുന്നോട്ട് വരുന്നില്ലെന്നും ദിയ പറഞ്ഞു. ഇപ്പോഴും ഈ പ്രതിഭാസം തുടരുകയാണെന്നും അതിനുകാരണം ബോളിവുഡിലെ പുരുഷമേധാവിത്വമാണെന്നും താരം വ്യക്തമാക്കി.

click me!