'സുശാന്തിനെ കണ്ടിരുന്നപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു'; 'ദില്‍ ബേചാര' പ്രേക്ഷക പ്രതികരണങ്ങള്‍

Published : Jul 24, 2020, 11:35 PM IST
'സുശാന്തിനെ കണ്ടിരുന്നപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു'; 'ദില്‍ ബേചാര' പ്രേക്ഷക പ്രതികരണങ്ങള്‍

Synopsis

സിനിമയുടെ ഗുണദോഷങ്ങള്‍ക്കപ്പുറം സുശാന്തിനോട് തങ്ങള്‍ക്കുള്ള സ്നേഹവായ്പ്പ് പങ്കുവെക്കുകയാണ് ആരാധകരില്‍ പലരും. 'ഉടനീളം കരഞ്ഞു. ഓരോ അഞ്ച് മിനുറ്റിലും രോമാഞ്ചം കൊണ്ടു' എന്നാണ് ഒരു പ്രേക്ഷകന്‍റെ ട്വീറ്റ്.

സിനിമയില്‍ ഗോഡ്‍ ഫാദര്‍മാരൊന്നുമില്ലാതിരുന്ന, ലഭിച്ച വേഷങ്ങള്‍ വികവുറ്റതാക്കിയ പ്രിയനടന്‍. ആരാധകര്‍ക്ക് അതായിരുന്നു സുശാന്ത് സിംഗ് രാജ്‍പുത്. സുശാന്തിന്‍റെ മരണത്തിനു ശേഷം ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ച് ഇനിയും അവസാനിച്ചിട്ടില്ലാത്ത ചര്‍ച്ചകളിലൊക്കെയും അവര്‍ സുശാന്തിനുവേണ്ടി നിലകൊണ്ടു. അയാള്‍ക്ക് നീതി കിട്ടണമെന്ന് പറഞ്ഞു. ഇപ്പോഴിതാ പ്രിയതാരം അവസാനമായി അഭിനയിച്ച സിനിമയും അവര്‍ക്കുമുന്നില്‍ എത്തിയിരിക്കുന്നു. മുകേഷ് ഛബ്രയുടെ സംവിധാനത്തില്‍ സുശാന്ത് നായകനായെത്തുന്ന 'ദില്‍ ബേചാര' എന്ന ചിത്രം തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന കൊവിഡ് കാലത്ത് ഡയറക്ട് ഒടിടി റിലീസ് ആയാണ് എത്തിയത്. ഡിസ്‍നി + ഹോട്ട്സ്റ്റാറില്‍ ഇന്ന് വൈകിട്ട് 7.30നായിരുന്നു പ്രീമിയര്‍ പ്രദര്‍ശനം. ഇപ്പോഴിതാ ട്വിറ്ററില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നതും സുശാന്തിന്‍റെ അവസാന സിനിമയാണ്.

സിനിമയുടെ ഗുണദോഷങ്ങള്‍ക്കപ്പുറം സുശാന്തിനോട് തങ്ങള്‍ക്കുള്ള സ്നേഹവായ്പ്പ് പങ്കുവെക്കുകയാണ് ആരാധകരില്‍ പലരും. 'ഉടനീളം കരഞ്ഞു. ഓരോ അഞ്ച് മിനുറ്റിലും രോമാഞ്ചം കൊണ്ടു' എന്നാണ് ഒരു പ്രേക്ഷകന്‍റെ ട്വീറ്റ്. മറ്റു പല സുശാന്ത് സിനിമകളെയും പോലെ ജീവിതത്തെയും മരണത്തെയും സ്നേഹത്തെയും കുറിച്ചാണ് ദില്‍ ബേചാരയും സംസാരിക്കുന്നതെന്നും പല രംഗങ്ങള്‍ക്കും ആഴത്തിലുള്ള അര്‍ഥമുണ്ടെന്നും മറ്റൊരു പ്രേക്ഷകന്‍ കുറിയ്ക്കുന്നു. ഒരു മണിക്കൂര്‍ 41 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ 'മാനി' എന്ന് വിളിപ്പേരുള്ള 'ഇമ്മാനുവല്‍ രാജ്‍കുമാര്‍ ജൂനിയര്‍' എന്ന കഥാപാത്രത്തൊയാണ് സുശാന്ത് അവതരിപ്പിക്കുന്നത്. സിനിമയുടെ പ്രീമിയര്‍ ഷോയ്ക്കു ശേഷം ഈ പേരും ട്വിറ്ററില്‍ ട്രെന്‍റിംഗ് ആണ്. ദില്‍ ബേചാര, സുശാന്ത് സിംഗ് രാജ്‍പുത് എന്നിവയും ട്രെന്‍റിംഗ് ടോപ്പിക്കുകള്‍ തന്നെ. അന്‍പതിനായിരത്തോളം ട്വീറ്റുകളാണ് സുശാന്ത് സിംഗ് രാജ്‍പുത് എന്ന ടാഗില്‍ ഇതിനകം എത്തിയിരിക്കുന്നത്.

ഓഡിയന്‍സ് റേറ്റിംഗ് പ്ലാറ്റ്ഫോം ആയ ഐഎംഡിബിയിലും സുശാന്തിനോടുള്ള സ്നേഹം പ്രകടിപ്പിക്കുകയാണ് ആരാധകര്‍. പത്തില്‍ പത്താണ് ചിത്രത്തിന് അവിടെ ലഭിച്ച റേറ്റിംഗ്. ഗൂഗിളില്‍ ചിത്രം ഇതിനകം റേറ്റ് ചെയ്‍ത 99 ശതമാനം പേരും ചിത്രം തങ്ങള്‍ക്ക് ഇഷ്ടമായെന്ന് പറയുന്നു. 27,000 പേര്‍ ഗൂഗിളില്‍ റേറ്റ് ചെയ്‍തതില്‍ നിന്ന് ചിത്രത്തിന് ലഭിച്ചിരിക്കുന്നതും ഫൈവ് സ്റ്റാര്‍ റേറ്റിംഗ് ആണ്.

ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ സഞ്ജന സംഗിയാണ് നായികയായി എത്തിയിരിക്കുന്നത്. സെയ്‍ഫ് അലി ഖാന്‍, സാഹില്‍ വാഹിദ്, ശാശ്വത ചാറ്റര്‍ജി, സ്വാസ്തിത മുഖര്‍ജി, മിലിന്ത് ഗുണജി, ജാവേദ് ജെഫ്രി, ആദില്‍ ഹുസൈന്‍, മലയാളത്തിലെ മുതിര്‍ന്ന അഭിനേത്രി സുബ്ബലക്ഷ്‍മി തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. ജോണ്‍ ഗ്രീനിന്‍റെ ദി ഫോള്‍ട്ട് ഇന്‍ ഔവര്‍ സ്റ്റാര്‍സ് എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. എ ആര്‍ റഹ്മാന്‍റേതാണ് സംഗീതം. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി
"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ