
ദിലീപ്- റാഫി കൂട്ടുകെട്ടിൽ എത്തിയ ചിത്രം. അതുതന്നെയാണ് മലയാളികളെ ഒന്നടങ്കം 'വോയിസ് ഓഫ് സത്യനാഥനി'ലേക്ക് ആകർഷിച്ച ഘടകം. കോമഡി ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം കാത്തിരിപ്പുകൾക്ക് ഒടുവിൽ തിയറ്ററിൽ എത്തിയപ്പോൾ പ്രേക്ഷർ ഒന്നടങ്കം അതേറ്റെടുത്തു. ആദ്യദിനം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും തിളങ്ങി. ഈ അവസരത്തിൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
'പ്രതീക്ഷകൾക്കും അപ്പുറം ഈ സത്യനാഥും കൂട്ടരും', എന്നാണ് പുതിയ പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയും പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നിരവധി പേരാണ് ആശംസകളുമായി എത്തുന്നതും. അതേസമയം, രണ്ടാം വാരവും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തന്നെ ചിത്രം കാഴ്ചവയ്ക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകൾ. ആദ്യവാരത്തിലെ കളക്ഷനൊപ്പം തന്നെ ആകും രണ്ടാം വാരവും എന്നും ഇവര്‍ പറയുന്നു.
ആദ്യദിനം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയ ചിത്രം അന്നേദിവസം 1.8 കോടിയാണ് നേടിയത്. പിന്നാലെ വന്ന ദിനങ്ങളും മികച്ച കളക്ഷൻ തന്നെ ചിത്രം നേടി. ഒടുവിൽ ഒന്നാം വാരം പിന്നിട്ടപ്പോൾ 9.5 കോടിയാണ് ചിത്രം നേടിയതെന്നാണ് സിനിമയുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ അറിയിച്ചത്. ജൂലൈ 28 ന് കേരളത്തിൽ റിലീസ ചെയ്ത ചിത്രം യുഎഇ, ജിസിസി, ഓസ്ട്രേലിയ എന്നിവിടങ്ങളിലും പ്രദർശനം തുടരുകയാണ്.
ദിലീപിനൊപ്പം ജോജു ജോർജും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദ്ദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേശ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ, അനുശ്രീ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നായിരുന്നു ചിത്രത്തിന്റെ നിർമ്മാണം.
'ഒരുപാട് പേരെ വിളിച്ചു, ആരും വന്നില്ല, അച്ഛന്റെ മൃതദേഹം ദഹിപ്പിച്ചത് ഞാനായിരുന്നു': നിഖില വിമല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..