
കരിയറില്‍ 100 ശതമാനം സക്സസ് റേറ്റ് ഉള്ള മലയാളത്തിലെ അപൂര്‍വ്വം സംവിധായകരില്‍ ഒരാളാണ് ദിലീഷ് പോത്തന്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മൂന്നേ മൂന്ന് സിനിമകള്‍ മാത്രമേ ദിലീഷ് സംവിധാനം ചെയ്തിട്ടുള്ളൂ. ആദ്യ ചിത്രമായ മഹേഷിന്‍റെ പ്രതികാരത്തിലൂടെ സ്വന്തം കൈയൊപ്പ് പതിപ്പിച്ച ദിലീഷ് തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി എന്നീ ചിത്രങ്ങളും ഒരുക്കി. ഇതില്‍ ജോജി കൊവിഡ് കാലത്ത് ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ചിത്രമായിരുന്നു. ഈ മൂന്ന് ചിത്രങ്ങളിലും ഫഹദ് ഫാസില്‍ ആയിരുന്നു നായകനെന്ന പ്രത്യേകതയും ഉണ്ട്. എന്നാല്‍ ജോജി പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിന് ശേഷം ദിലീഷ് സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ അല്ല നായകന്‍. മറിച്ച് മോഹന്‍ലാല്‍ ആണ്!
ഏറെക്കാലമായി റിപ്പോര്‍ട്ടുകള്‍ എത്തുന്ന ഈ പ്രോജക്റ്റ് ഉറപ്പായെന്ന് ആദ്യമായി പറഞ്ഞത് ആന്‍റണി പെരുമ്പാവൂര്‍ ആയിരുന്നു. ദൃശ്യം 3 റിലീസിന് മുന്നോടിയായി മോഹന്‍ലാല്‍ ആരാധകരുമായി എക്സ് സ്പേസില്‍ നടത്തിയ സംവാദത്തിലാണ് ആന്‍റണി ഇക്കാര്യം പറഞ്ഞത്. ഷിബു ബേബി ജോണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പിന്നാലെ ഷിബു ബേബി ജോണ്‍ ഒരു ചാനല്‍ ചര്‍ച്ചയിലും ഈ ചിത്രം ഉറപ്പിച്ചിരുന്നു. വരും ദിവസങ്ങളില്‍ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് ഷിബു ബേബി ജോണ്‍ പറഞ്ഞത്. ഇപ്പോഴിതാ തന്‍റെ അടുത്ത ചിത്രത്തെക്കുറിച്ച് ദിലീഷ് പോത്തന്‍ പുതിയ അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങളും സിനിമാപ്രേമികളുടെ ശ്രദ്ധ നേടുകയാണ്.
ബാബു രാമചന്ദ്രന് നല്‍കിയ അഭിമുഖത്തിലാണ് ദിലീഷ് പോത്തന്‍ ഇതേക്കുറിച്ച് പറയുന്നത്. അടുത്ത ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് ദിലീഷിന്റെ മറുപടി ഇങ്ങനെ- “ഇപ്പോള്‍ ഞാനൊരു ഐഡിയയില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. അതിന്‍റെ ഒരു പ്ലോട്ട് കേട്ടപ്പോള്‍ എക്സൈറ്റഡ് ആയ ഒന്നാണ്. ഞാന്‍ എടുത്തിട്ടുള്ള എല്ലാ കഥകളിലും എനിക്ക് തോന്നുന്നത് പ്ലോട്ട് ഭയങ്കര എക്സൈറ്റിംഗും എന്നാല്‍ അതില്‍ ഒരുപാട് വെല്ലുവിളികളും ഉണ്ടായിരിക്കും. ഇതും എനിക്ക് അങ്ങനെയാണ് തോന്നുന്നത്. ഞാന്‍ ആ വെല്ലുവിളികളെ പതുക്കെ പതുക്കെ തരണം ചെയ്യാനുള്ള അതിന്‍റെയൊരു റൈറ്റിംഗ് പ്രോസസിലും പ്രീ പ്രൊഡക്ഷന്‍ പരിപാടികളിലും ഒക്കെയാണ്. പോള്‍സണും ശ്യാമും കൂടിയിട്ടാണ് എഴുതുന്നത്. അത് ഒരു ഡെവലപ്മെന്‍റല്‍ സ്റ്റേജില്‍ ആണ്. ഇത് വട്ടം എത്തുമെന്ന് തോന്നുന്നു.”
“ഏകദേശം ഒരു ഫസ്റ്റ് ഡ്രാഫ്റ്റ് ആയിട്ടുണ്ട്. അതൊരു ഡ്രാമയാണ്. അതാണ് പറയാനുള്ളത്. ഒരു സിനിമ ചെയ്യുമ്പോള്‍ അതിന്‍റെ പ്രോസസിലാണ് അതിന്‍റെ ജോണറും പരിപാടികളുമൊക്കെ കണ്ടെത്തി വരുന്നത്. പക്ഷേ എന്‍ഗേജിംഗ് ആയിട്ടുള്ള ഒന്നായിരിക്കും ഇത്. എന്‍റെ മുന്‍പത്തെ സിനിമകളില്‍ നിന്ന് കുറച്ചുകൂടി വിട്ടിട്ടാണെന്ന് ഞാന്‍ കരുതുന്നു. കുറച്ചുകൂടി ഡ്രാമയുള്ള ഒരു കഥയാണ്”, ദിലീഷ് പോത്തന്‍റെ വാക്കുകള്‍. എന്നാല്‍ മോഹന്‍ലാല്‍ ചിത്രമാണെന്ന് ദിലീഷ് പോത്തന്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ അടുത്ത ചിത്രം മോഹന്‍ലാല്‍ നായകനാവുന്ന ഒന്ന് തന്നെയാണെന്നാണ് ഇതിനകം പുറത്തെത്തിയ വിവരം. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ