കര്‍ഷകര്‍ക്ക് കമ്പിളിപ്പുതപ്പ് വാങ്ങാന്‍ ഒരു കോടിയുടെ സഹായവുമായി ഗായകന്‍ ദില്‍ജിത് ദൊസാഞ്ജ്

By Web TeamFirst Published Dec 6, 2020, 2:09 PM IST
Highlights

പഞ്ചാബി ഗായകനായ സിംഗയാണ് സോഷ്യല്‍ മീഡിയയിലൂടെ ധനസഹായത്തിന്‍റെ കാര്യം അറിയിച്ചത്. "നന്ദി സഹോദരാ. കര്‍ഷകര്‍ക്ക് കമ്പിളിപ്പുതപ്പ് വാങ്ങാന്‍ നിങ്ങള്‍ ഒരു കോടി നല്‍കി. ഇക്കാര്യം ആര്‍ക്കും അറിയില്ല. നിങ്ങള്‍ അതേക്കുറിച്ച് പോസ്റ്റ് ചെയ്തില്ല.."

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലിയുടെ അതിര്‍ത്തികളില്‍ പ്രേക്ഷോഭം നടത്തുന്ന കര്‍ഷകരില്‍ ഭൂരിഭാഗവും പഞ്ചാബില്‍ നിന്നുള്ളവരാണ്. പഞ്ചാബിലെ കലാലോകം കര്‍ഷകര്‍ക്ക് പ്രത്യക്ഷ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അതില്‍ പ്രധാനിയായിരുന്നു ഗായകനും നടനുമായ ദില്‍ജിത് ദൊസാഞ്ജ്. പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ നേരിട്ട് അഭിസംബോധന ചെയ്യാന്‍ ദില്ലി-ഹരിയാന അതിര്‍ത്തിയായ സിംഘുവില്‍ ഇന്നലെ ദില്‍ജിത്ത് നേരിട്ടെത്തിയിരുന്നു. ഇപ്പോഴിതാ കൊടും തണുപ്പില്‍ സമയം തുടരുന്ന കര്‍ഷകര്‍ക്ക് കമ്പിളിപ്പുതപ്പ് വാങ്ങാന്‍ ഒരു കോടി രൂപ നല്‍കിയിരിക്കുകയാണ് അദ്ദേഹം.

പഞ്ചാബി ഗായകനായ സിംഗയാണ് സോഷ്യല്‍ മീഡിയയിലൂടെ ധനസഹായത്തിന്‍റെ കാര്യം അറിയിച്ചത്. "നന്ദി സഹോദരാ. കര്‍ഷകര്‍ക്ക് കമ്പിളിപ്പുതപ്പ് വാങ്ങാന്‍ നിങ്ങള്‍ ഒരു കോടി നല്‍കി. ഇക്കാര്യം ആര്‍ക്കും അറിയില്ല. നിങ്ങള്‍ അതേക്കുറിച്ച് പോസ്റ്റ് ചെയ്തില്ല. പത്ത് രൂപയുടെ സഹായത്തെക്കുറിച്ചുപോലും ആളുകള്‍ക്ക് നിശബ്ദത പാലിക്കാന്‍ പറ്റാത്ത കാലമാണിത്", ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ സിംഗ പറഞ്ഞു.

 

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സിംഘു അതിര്‍ത്തിയിലെത്തിയ ദില്‍ജിത്ത് സമരത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചു പറഞ്ഞു. "നിങ്ങള്‍ ഏവര്‍ക്കും അഭിനന്ദനങ്ങള്‍. ഒരു പുതു ചരിത്രമാണ് നിങ്ങള്‍ രചിച്ചിരിക്കുന്നത്. ഈ ചരിത്രം വരാനിരിക്കുന്ന തലമുറകളിലേക്കും സംവേദനം ചെയ്യപ്പെടും. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഇനിമേല്‍ വഴിതിരിച്ചുവിടാന്‍ ആവില്ല. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക എന്ന ഒറ്റ അപേക്ഷയേ കേന്ദ്ര സര്‍ക്കാരിനോട് ഉള്ളൂ. സമാധാനപൂര്‍വ്വമാണ് പ്രതിഷേധക്കാര്‍ ഇവിടെ ഇരിക്കുന്നത്. മുഴുവന്‍ രാജ്യവും കര്‍ഷകര്‍ക്കൊപ്പമാണ്. ട്വിറ്ററില്‍ തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ കര്‍ഷകര്‍ സമാധാനപൂര്‍വ്വം പ്രതിഷേധിക്കുന്നു എന്നതാണ് വാസ്തവം. രക്തം ചിന്തുന്നതിനെക്കുറിച്ച് ഇവിടെ ആരും സംസാരിക്കുന്നില്ല", ദില്‍ജിത് സമരവേദിയില്‍ സംസാരിച്ചു. നേരത്തെ കര്‍ഷക സമരത്തിനെതിരെ നടി കങ്കണ റണൗത്ത് നടത്തിയ പരാമര്‍ശങ്ങളോട് പ്രതിഷേധിച്ച് ട്വിറ്ററിലൂടെ ദില്‍ജിത്ത് രംഗത്തെത്തിയിരുന്നു. 

click me!