
ഉണ്ണി മുകുന്ദന്‍ തന്നെ മര്‍ദിച്ചതായ മാനേജര്‍ വിപിന്‍ കുമാറിന്‍റെ പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നു. കൊച്ചിയിലെ തന്‍റെ ഫ്ലാറ്റിലെത്തി മർദിച്ചു എന്നാണ് വിപിൻ കുമാർ പരാതി നൽകിയത്. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ സിനിമാ രംഗത്തുനിന്നുള്ള പലരും പ്രതികരണവുമായി എത്തുന്നുണ്ട്. ഇപ്പോഴിതാ വിപിന്‍ കുമാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ജയന്‍ വന്നേരി. ഒരു സിനിമയുടെ കഥയുമായി ഉണ്ണി മുകുന്ദനെ സമീപിക്കാന്‍ ശ്രമിച്ച താനടക്കമുള്ളവര്‍ക്ക് വിപിന്‍ കുമാറില്‍ നിന്ന് മോശം അനുഭവമാണ് ഉണ്ടായതെന്ന് ജയന്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ജയന്‍ വന്നേരിയുടെ പ്രതികരണം. 2018 ല്‍ പുറത്തെത്തിയ ഒറ്റയ്ക്കൊരു സംവിധായകന്‍ എന്ന സിനിമയുടെ സംവിധായകരില്‍ ഒരാളാണ് ജയന്‍ വന്നേരി.
ജയന്‍ വന്നേരിയുടെ കുറിപ്പ്
ഇവന് ഒരു അടിയുടെ കുറവുണ്ടായിരുന്നു. അത് ഉണ്ണിയുടെ കയ്യിൽ നിന്ന് തന്നെ കിട്ടിയതിൽ സന്തോഷം. 2021 ൽ എന്റെ സ്ക്രിപ്റ്റിൽ ഉണ്ണിയെ നായകാനാക്കി ഒരു ബിഗ് ബഡ്ജറ്റ് പടം ചെയ്യാൻ ഒരു സംവിധായകൻ വന്നു. പ്രൊഡ്യൂസർ കന്നഡ സിനികളൊക്കെ ചെയ്ത ഒരാളായിരുന്നു. അവർക്ക് ഒറ്റ കണ്ടീഷൻ ഉള്ളത് നായിക രസ്മിക മന്ദാന ആയിരിക്കണം (അന്ന് പുഷ്പ 1 റിലീസ് ചെയ്തിട്ടില്ല). സൗത്തിലെ 4 ഭാഷയിലും ഒരുമിച്ച് റിലീസ് ചെയ്യാനാണ് പ്ലാൻ.
പരിപാടി കുറച്ചു വലുതായത് കൊണ്ട് പ്രൊജക്റ്റ് ബാദുഷയെ ഏൽപ്പിക്കാൻ തീരുമാനിച്ചു. ഗോകുലം പാർക്കിൽ പോയി ബാദുഷയോട് കഥ പറഞ്ഞു. കഥ പുള്ളിക്ക് ഇഷ്ടപ്പെട്ടു.. അദ്ദേഹം തിരക്കിലായത് കൊണ്ട് കൂടുതൽ ഒന്നും പറയാതെ പിരിഞ്ഞു. എന്നാൽ അന്ന് രാത്രി പുള്ളീടെ ഒരു സുഹൃത്ത്, റിയാസ് വിളിച്ചു ബാദ്ക്ക കൂടെ ഉണ്ടെന്ന് പറഞ്ഞു പുള്ളിക്ക് ഫോൺ കൊടുത്തു. എന്റെ കഥ ഗംഭീരമാണെന്നും ഉണ്ണിക്ക് പെർഫോം ചെയ്യാൻ ഒത്തിരി സാധ്യതകൾ ഉണ്ടെന്നും കൊമേഴ്‌ഷ്യലി വലിയ വിജയമാകാൻ ചാൻസ് ഉണ്ടെന്നും പറഞ്ഞു.
ഉണ്ണി ദുബായിൽ ആയിരുന്നത് കൊണ്ട് ബാദുഷ പറഞ്ഞത് പ്രകാരം ഉണ്ണീടെ മാനേജർ വിപിനോട് കഥ പറഞ്ഞു. കഥ കേട്ട് കൊള്ളാമെന്നു പറഞ്ഞ വിപിൻ ഇതിന് എത്ര ബഡ്ജറ്റ് ആകുമെന്ന് ചോദിച്ചു. 12 കോടി ആണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞു. എന്തോ അത് അത്ര കണ്‍വിന്‍സിംഗ് ആകാത്ത പോലെ, ശരി ഞാൻ ഉണ്ണിയോട് പറയാമെന്നു പറഞ്ഞു കൈ തന്ന് പിരിഞ്ഞു. പിന്നീട് ഒരു രണ്ടു മാസം ഒരു അപ്ഡേറ്റിന് വേണ്ടി വിപിന്റെയും ബാദുഷയുടേയും നമ്പറിൽ പല തവണ വിളിച്ചു. ആദ്യമൊക്കെ ഓരോ ഒഴിവ് കഴിവ് പറഞ്ഞ അവർ പിന്നീട് കാൾ എടുക്കാതെയും മെസേജിന് റിപ്ലൈ ചെയ്യാതെയും ആയി.
ഒടുവിൽ പ്രൊഡ്യൂസർ കൈവിട്ട് പോകുമെന്ന അവസ്ഥയിൽ മലയാളത്തിലെ മറ്റൊരു പ്രൊഡക്ഷൻ കൺട്രോളറെ പ്രൊജക്റ്റ് ഏൽപ്പിച്ചു. 24 ന് ഞാൻ വിളിച്ചു അദ്ദേഹത്തോട് ആവശ്യം പറഞ്ഞു. 26 ന് വൈകുന്നേരം 6 മണിക്ക് ഞങ്ങൾ മാരിയറ്റ് ഹോട്ടലിൽ ഉണ്ണിയെ മീറ്റ് ചെയ്തു. ഉണ്ണിയുടെ കൂടെ വിപിനും ഉണ്ടായിരുന്നു. ഞങ്ങളെ കണ്ടതും അയാളുടെ മുഖം മാറി. ഞങ്ങളാണ് കഥ പറയാൻ വരുന്നതെന്ന് അവന് അറിയില്ലായിരുന്നു. ഡീറ്റൈൽ ആയി കഥ കേൾക്കാൻ സമയമില്ലാത്തത് കൊണ്ട് ഉണ്ണി സിനോപ്സിസ് കേട്ടു. ഞാൻ പിച്ച് ഡെക്ക് കാണിച്ചു. അതിൽ ഒരു സീനിൽ വരുന്ന ഒരു ഗസ്റ്റ് റോളിന് ദുൽഖർ സൽമാനെ ആയിരുന്നു മനസ്സിൽ കണ്ടത്. അത് കണ്ടപ്പോൾ ഉണ്ണി ചോദിച്ചു. ഒരു സീനൊക്കെ ദുൽഖർ ചെയ്യുമോ? ഉടനെ അടുത്തിരുന്ന വിപിൻ അറിയാതെ പറഞ്ഞു 'അത് ഞാനും ഇവരോട് ചോദിച്ചതാണ്' എന്ന്. അപ്പോൾ ഉണ്ണി വിപിനോട് ചോദിച്ചു നീ ഈ കഥ മുൻപ് കേട്ടിരുന്നോ? വിപിൻ എന്തൊക്കെയോ പറഞ്ഞു ഉരുണ്ടു കളിച്ചു. അപ്പോഴാണ് ഞങ്ങൾക്ക് മനസ്സിലായത് കഴിഞ്ഞ രണ്ട് മാസമായി ഉണ്ണി ഈ പ്രോജെക്ടിനെ കുറിച് അറിഞ്ഞിട്ട് പോലുമില്ല എന്ന്.
ഉണ്ണിക്ക് പ്രോജെക്ടിൽ താല്പര്യം തോന്നി. ഒരാഴ്ച കഴിഞ്ഞു ഡീറ്റൈൽ ആയി സ്ക്രിപ്റ്റ് വായിച്ചു കേൾക്കാമെന്ന് പറഞ്ഞു പിരിഞ്ഞു. അപ്പോൾ സംവിധായകന്റെ ഫോണിൽ ബാദുഷയുടെ ഒരു മെസേജ് വന്നു കിടപ്പുണ്ടായിരുന്നു. പ്ലീസ് കോള്‍ മീ ബാക്ക് എന്ന്. ഇനി തിരിച്ചു വിളിക്കേണ്ട കാര്യമില്ല എന്നും പറഞ്ഞു ഡയറക്ടർ ആ മെസേജ് അവോയ്ഡ് ചെയ്തു. അടുത്ത ദിവസം രാവിലെയും ബാദുഷ ഡയറക്ടറെ വിളിച്ചു. ഡയറക്ടർ കോള്‍ എടുത്തില്ല. ഞങ്ങൾ ഉണ്ണിയോട് സംസാരിക്കുന്ന നേരം വിപിൻ ആർക്കോ കാര്യമായി മെസേജ് ടൈപ്പ് ചെയ്ത് അയക്കുന്നുണ്ടായിരുന്നു. ഒരുപക്ഷെ ബാദുഷക്ക് ആയിരുന്നിരിക്കാം.
3 ദിവസം കഴിഞ്ഞപ്പോൾ പ്രൊഡ്യൂസർക്ക് കൊച്ചിയിൽ നിന്ന് ഒരു കോള്‍, ഏതോ ഒരു പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആണെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ. ഉണ്ണിയെ വച്ചു ചെയ്യുന്ന പ്രൊജക്റ്റ് റിസ്ക് ആണെന്നും ഷൂട്ട് പോലും കംപ്ലീറ്റ് ആകില്ലെന്നും ആയാൽ തന്നെ റിലീസ് ആകുമെന്ന് ഉറപ്പില്ലെന്നുമൊക്കെ പറഞ്ഞു പ്രൊഡ്യുസറെ നന്നായി പേടിപ്പിച്ചു. സംവിധായകനെ വിളിച് ഞാൻ ഒന്ന് ഫാമിലിയുമായി ഡിസ്‌കസ് ചെയ്തിട്ട് ബാക്കി കാര്യങ്ങൾ ചെയ്യാമെന്ന് പറഞ്ഞ പ്രൊഡ്യൂസർ 2 ദിവസത്തിന് ശേഷം വിളിച്ചു റിസ്ക് എടുക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞു ആ പ്രോജെക്ടിൽ നിന്ന് പിന്മാറി.
അങ്ങനെ വലിയൊരു പ്രൊജക്റ്റ്, ഒത്തിരി പേരുടെ പ്രയത്നം, പ്രതീക്ഷ, സ്വപ്‌നങ്ങൾ എല്ലാം അതോടെ ഇല്ലാതായി. അതിന് ഒരു കാരണം ഇന്ന് ഉണ്ണി ചെവിക്കല്ല് നോക്കി ഒന്ന് കൊടുത്ത വിപിൻ തന്നെ ആയിരുന്നു. സത്യത്തിൽ ഉണ്ണിയോട് കഥ പറയാൻ വിപിന്റെ പുറകെ നടന്ന പലരും ആഗ്രഹിച്ച ഒരു കാര്യം തന്നെയാണ് ഉണ്ണി ചെയ്തത്. പിന്നെ ഇപ്പൊ അടിച്ചു വിടുന്ന തലക്കെട്ട്, "നരിവേട്ടയെ പ്രശംസിച്ചതിന് ഉണ്ണി തല്ലി" അത് വിപിന്റെ പിആര്‍ ബുദ്ധി മാത്രമാണ്. അവനറിയാം ഒരു വാർത്തയെ എങ്ങനെ ഹൈലൈറ്റ് ചെയ്യണമെന്ന്. അതാണല്ലോ അവന്റെ പണി. സത്യമെന്തെന്ന് അറിയണമെങ്കിൽ ഉണ്ണിയുടെ ഭാഗം കൂടി കേൾക്കണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ