
സംവിധാനം ജീത്തു ജോസഫ്. ഈ പേര് തിയറ്റർ സ്ക്രീനിൽ എഴുതിക്കാണിക്കുമ്പോൾ പ്രേക്ഷകർക്ക് ഒരു ആശ്വാസം ആണ്. മിനിമം ഗ്യാരന്റി ഉള്ളൊരു ചിത്രമാകും അത് എന്നതാണ് ആ ആശ്വാസം. ഇന്ന് തിയറ്ററിൽ റിലീസ് ചെയ്ത 'നേര്' കണ്ടിറങ്ങുമ്പോഴും പ്രേക്ഷകർക്ക് ഏറെ ആശ്വാസം തന്നെ. തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടനെ ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിച്ച സംവിധാകനെ പുകഴ്ത്തിപ്പാടുകയാണ് ആരാധകർ എമ്പാടും.
2007ൽ ഡിക്ടറ്റീവ് എന്ന ചിത്രത്തിലൂടെയാണ് ജീത്തു ജോസഫ് വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് മമ്മി & മി, മൈ ബോസ്, മെമമറീസ് എന്നീ ചിത്രങ്ങൾ അദ്ദേഹം ചെയ്തു. ശേഷം സംവിധാനം ചെയ്തത് ഒരു മോഹൻലാൽ ചിത്രം. ദൃശ്യം. അതുവരെ അധികം ആർക്കും അറിയാതിരുന്ന ജീത്തു ജോസഫ് എന്ന സംവിധായകൻ പ്രേക്ഷക മനസിൽ നിറയാൻ തുടങ്ങിയത് അന്ന് മുതലായിരുന്നു. ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെ കഥ, അതുവരെ മലയാളികൾക്ക് അത്ര കണ്ട് പരിചിതമല്ലാത്ത രീതിയിൽ ഒരുക്കിയെടുത്ത ചിത്രം അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ച് വിജയഭേരി മുഴക്കി. ശേഷം ഇറങ്ങിയ ദൃശ്യം 2വും സൂപ്പർ ഹിറ്റ് തന്നെ.
2013ലെ ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 19ന് ആയിരുന്നു ദൃശ്യം തിയറ്ററിൽ എത്തിയത്. അന്ന് ലാലേട്ടന്റെ പ്രകടനം കണ്ട് കയ്യടിച്ചവർ സമീപകാലത്ത് അദ്ദേഹത്തെ പഴിക്കുന്ന സാഹചര്യം വരെ ഉണ്ടായി. എന്നാൽ മറ്റൊരു ഡിസംബർ 21ന് പഴിച്ചവരെയും ട്രോളിയവരെയും കൊണ്ട് കയ്യടിപ്പിക്കുകയാണ് നേരിലെ വിജയമോഹൻ. അതും ജീത്തും ജോസഫ്- മോഹന്‍ലാല്‍ കോമ്പോ. പക്കാ മാസില്ലാതെ പൂർണമായും ക്യാരക്ടർ റോളിൽ നിറഞ്ഞാടിയ മോഹൻലാൽ ചിത്രത്തിന് എങ്ങും വൻവരവേൽപ്പാണ്. ആദ്യ ഷോ കഴിഞ്ഞത് മുതൽ ചൂടപ്പം പോലെ വിറ്റുപോകുകയാണ് ടിക്കറ്റുകളും. ഈ അവസരത്തിൽ പ്രേക്ഷകർക്ക് നന്ദി പറയുകയാണ് ജീത്തു ജോസഫ്.
തന്റെ സോഷ്യൽ മീഡി പേജുകളിലൂടെയാണ് ജീത്തു തന്റെ സ്നേഹവും നന്ദിയും അറിയിച്ചത്. "നേരിനുള്ള എല്ലാ നല്ല പ്രതികരണങ്ങൾക്കും സ്നേഹത്തിനും നന്ദി", എന്നായിരുന്നു ജീത്തുവിന്റെ വാക്കുകൾ. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്.
"ജിത്തു സാർ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല നിങ്ങളോട്, കള്ളത്തെളിവുകൾ ഉണ്ടാക്കി പ്രതികളെ രക്ഷിക്കുക മാത്രമല്ല, കള്ള തെളിവുമായി കോടതിയിൽ വരുന്ന പ്രതിയെ കീറി ഒട്ടിക്കുന്ന ക്രിമിനൽ ലോയർ കൂടിയാണ് ജീത്തു ജോസഫ്, നിങ്ങൾ എന്തൊരു മനുഷ്യനാണ്, നിങ്ങൾ മികച്ച ഒരു craftsman ആണ്, പ്രേക്ഷകരെ മനസിലാക്കുന്ന ചുരുക്കം സംവിധായകരിൽ ഒരാൾ... ഒരു സിനിമ എങ്ങനെ end ചെയ്‌താൽ പ്രേക്ഷകർക്ക് connect ആകും എന്ന് നന്നായി അറിയാം, ഓരോ ലാലേട്ടൻ ആരാധകനും മലയാള സിനിമ പ്രേക്ഷകരും നിങ്ങളോട് വീണ്ടും കടപ്പെട്ടിരിക്കുന്നു സാർ", എന്നിങ്ങനെ പോകുന്നു പ്രശംസ കമന്റുകൾ.
കാക്കിക്കുള്ളിലെ പോരാട്ട കഥയുമായി ബിജു മേനോനും ആസിഫ് അലിയും; 'തലവൻ' സെക്കന്റ് ലുക്ക്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..