'ഒരു ബാഹുബലിയോ പഴശ്ശിരാജയോ പ്രതീക്ഷിക്കരുത്'; 'മാമാങ്ക'ത്തെക്കുറിച്ച് പത്മകുമാര്‍

By Web TeamFirst Published Jul 13, 2019, 5:51 PM IST
Highlights

"ചിത്രീകരണം ഭൂരിഭാഗവും പൂര്‍ത്തിയാക്കി പോസ്റ്റ്-പ്രൊഡക്ഷന്‍ ഘട്ടത്തിലേക്ക് പുരോഗമിയ്ക്കുകയാണ് ഞങ്ങള്‍. ഈ വര്‍ഷാവസാനം തന്നെ തീയേറ്ററുകളില്‍ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷ.."

മലയാളത്തില്‍ ഈ വര്‍ഷം വരാനിരിക്കുന്ന പ്രധാന റിലീസുകളിലൊന്നാണ് മമ്മൂട്ടി നായകനാവുന്ന 'മാമാങ്കം'. കാന്‍വാസിന്റെ വലിപ്പം കൊണ്ടും 'പഴശ്ശിരാജ'യ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന പീരീഡ് ഫിലിം എന്നതുകൊണ്ടുമൊക്കെ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണ് ഇത്. എന്നാല്‍ ഒരു 'ബാഹുബലി'യോ 'പഴശ്ശിരാജ'യോ അല്ല പ്രതീക്ഷിക്കേണ്ടതെന്ന് പറയുന്നു ചിത്രത്തിന്റെ സംവിധായകന്‍ എം പത്മകുമാര്‍. പോസ്റ്റ്-പ്രൊഡക്ഷന്‍ ഘട്ടത്തിലേക്ക് പുരോഗമിക്കുന്ന ചിത്രത്തെക്കുറിച്ച് ദി ഹിന്ദു ഫ്രൈഡേ റിവ്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പത്മകുമാര്‍ ഇങ്ങനെ പറയുന്നു.

'ചിത്രീകരണം ഭൂരിഭാഗവും പൂര്‍ത്തിയാക്കി പോസ്റ്റ്-പ്രൊഡക്ഷന്‍ ഘട്ടത്തിലേക്ക് പുരോഗമിയ്ക്കുകയാണ് ഞങ്ങള്‍. ഈ വര്‍ഷാവസാനം തന്നെ തീയേറ്ററുകളില്‍ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. ഒരു ബാഹുബലിയോ പഴശ്ശിരാജയോ പ്രതീക്ഷിക്കരുതെന്നാണ് പ്രേക്ഷകരോട് ആദ്യംതന്നെ പറയാനുള്ളത്. ഒരര്‍ഥത്തില്‍ ഒരു പരാജിത നായകന്റെ കഥയാണ് മാമാങ്കം. തീര്‍ച്ഛയായും ആ കഥ ആവേശമുണ്ടാക്കുന്നതും ഒരു വിനോദചിത്രത്തിന്റെ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണ്. അന്നത്തെ സാമൂഹ്യ അധികാരശ്രേണി അനുസരിച്ച് ഭരണവര്‍ഗത്തിന് താഴെയുണ്ടായിരുന്ന മനുഷ്യരുടെ ജീവിതത്തിലേക്കാണ് സിനിമയുടെ ഫോക്കസ്', പത്മകുമാര്‍ പറയുന്നു.

പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുന്ന രീതിയില്‍ അക്കാലം പുനരാവിഷ്‌കരിക്കുക എന്നതിലായിരുന്നു ഏറ്റവും ശ്രദ്ധ പുലര്‍ത്തിയതെന്നും തന്റെ സംഘം പൂര്‍ത്തിയാക്കിയ ജോലിയില്‍ ആവേശമുണ്ടെന്നും പത്മകുമാര്‍. സജീവ് പിള്ളയെ പ്രോജക്ടില്‍ നിന്ന് മാറ്റിയതടക്കമുള്ള വിവാദങ്ങളെക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും സ്വന്തം ചിത്രം എന്ന നിലയ്ക്കാണ് മാമാങ്കം പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നും പത്മകുമാര്‍.

കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. എറണാകുളം നെട്ടൂരില്‍ തയ്യാറാക്കിയ 18 ഏക്കറോളം വിസ്തൃതിയുള്ള സെറ്റിലാണ് ഫൈനല്‍ ഷെഡ്യൂള്‍ ചിത്രീകരിച്ചത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്. 

click me!