
2014ൽ റിലീസ് ചെയ്ത് ഏറ്റവും വലിയ സർപ്രൈസ് ഹിറ്റ് സമ്മാനിച്ച സിനിമയാണ് 'പ്രേമലു'. നസ്ലെനും മമിത ബൈജുവും നായികാനായന്മാരായി എത്തിയ ചിത്രം കേരളത്തിൽ ബ്ലോക് ബസ്റ്റർ ഹിറ്റാണ് സമ്മാനിച്ചിരിക്കുന്നത്. കേരളക്കരയിൽ തരംഗം തീർത്ത ചിത്രം ഇന്ന് തെലുങ്കിലും റിലീസ് ചെയ്തിരുന്നു. രാവിലെ തന്നെ ചിത്രം കാണാൻ പ്രമുഖ സംവിധായകൻ രാജമൗലിയും എത്തി. ഇതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ പ്രേമലു കണ്ട് തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് രാജമൗലി.
'കാർത്തികേയ തെലുങ്കിൽ പ്രേമലു കൊണ്ടുവന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്. ആദ്യാവസാനം വരെ പ്രേമലു ഒരു ചിരി കലാപം ആയിരുന്നു. മീം/യൗവന ഭാഷ തികച്ചും മികച്ച രീതിയിൽ അവതരിപ്പിക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. ട്രെയിലർ കണ്ടപ്പോഴെ റീനു എന്ന പെൺകുട്ടിയെ എനിക്ക് ഇഷ്ടപ്പെട്ടു. സച്ചിൻ എനിക്ക് പ്രിയങ്കരനാണ്. പക്ഷേ എന്റെ ഫേവറേറ്റ് ആദിയാണ്.. ജെ കെ...ജസ്റ്റ് കിഡ്ഡിംഗ്', എന്നാണ് രാജമൗലി കുറിച്ചത്. രാജമൗലിയുടെ മകൻ കാർത്തികേയ ആണ് പ്രേമലു തെലുങ്കിൽ വിതരണത്തിന് എത്തിച്ചത്.
രാജമൗലിയുടെ പ്രതികരണം കണ്ട് കണ്ണും മനവും നിറഞ്ഞിരിക്കുകയാണ് നടന്‍ ശ്യാം മോഹന്. പ്രേമലുവില്‍ ആദി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്യാം ആയിരുന്നു. കേരളത്തില്‍ വന്‍ തരംഗമായി മാറിയ ജസ്റ്റ് കിഡ്ഡിംഗ് ഡയലോഗ് ഇദ്ദേഹത്തിന്‍റേത് ആയിരുന്നു. 'എന്ത് പറയണം എന്നറിയില്ല, എൻ്റെ കഥാപാത്രത്തെക്കുറിച്ച് രാജമൗലി സാർ..ഇത് ലൈഫ് ടൈം സെറ്റിൽമെൻ്റ്', എന്നാണ് ശ്യാം ട്വീറ്റ് പങ്കുവച്ച് കുറിച്ചത്.
ഇന്ന് രാവിലെയാണ് ഹൈദരാബാദിലെ പ്രസാദ് തിയറ്ററില്‍ രാജമൗലി പ്രേമലുവിന്‍റെ തെലുങ്ക് പതിപ്പ് കാണാന്‍ എത്തിയത്. ഒപ്പം അദ്ദേഹത്തിന്‍റെ കുടുംബവും ഉണ്ടായിരുന്നു. ഫെൂബ്രുവരി 9ന് ആയിരുന്നു പ്രേമലു കേരളത്തില്‍ റിലീസ് ചെയ്തത്. കോമഡി റൊമാന്‍റിക് വിഭാഗത്തില്‍പ്പെട്ട ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗിരീഷ് എ ഡിയാണ്. ഇതുവരെയുള്ള കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ 90 കോടി തൊടാനുള്ള തയ്യാറെടുപ്പിലാണ് പ്രേമലു.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..