
സിനിമാരംഗത്തുനിന്നുള്ള ബിജെപിയുടെ പ്രധാന മുഖമായിരുന്നു സംവിധായകന്‍. പല വിവാദ വിഷയങ്ങളിലും ബിജെപിക്കും കേന്ദ്ര സര്‍ക്കാറിനും അനുകൂലമായി നിലപാട് സ്വീകരിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു. അങ്ങനെ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം വരെയായി രാജസേനന്‍. സുരേഷ് ഗോപിക്കും കൃഷ്ണകുമാറിനുമൊപ്പം സിനിമാരംഗത്ത് നിന്നുള്ള ബിജെപിയുടെ സജീവമുഖമായിരുന്നു രാജസേനന്‍. ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. എന്നാല്‍ ഇപ്പോള്‍ രാജസേനന് മനംമാറ്റമുണ്ടായിരിക്കുകയാണ്. കേരളത്തിലെ ബിജെപി അത്രപോരെന്ന് അഭിപ്രായപ്പെട്ട് രാജസേനന്‍ സിപിഎമ്മിലെത്തി.
സിപിഎമ്മിന്‍റെ കേരളത്തിലെ ആസ്ഥാനമായ തിരുവനന്തപുരത്തെ എകെജി സെന്ററിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് രാജസേനന്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് അറിയിച്ചത്. ഉടന്‍ തന്നെ സിപിഎം പ്രവേശനമുണ്ടാകും. ബിജെപി സംസ്ഥാന നേതൃത്വം അവഗണിച്ചെന്നാരോപിച്ചാണ് പാർട്ടി വിടുന്നത്. കൂടെയുണ്ടായിരുന്ന പലര്‍ക്കും സ്ഥാനമാനങ്ങള്‍ കിട്ടിയപ്പോഴും അവഗണിക്കപ്പെട്ടെന്നാണ് രാജസേനന്‍റെ ആരോപണം. കലാകാരൻ എന്ന നിലയിലും പാർട്ടി പ്രവർത്തകൻ എന്ന നിലയിലും പരിഗണന കിട്ടിയില്ലെന്നും രാജസേനന്‍ നേതൃത്വത്തെ കുറ്റപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനമെടുക്കുകയായിരുന്നുവെന്നും രാജസേനൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കലാകാരന്മാർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്ന പാർട്ടിയാണ് സിപിഎം. ബിജെപിയുടെ സംസ്ഥാന ഘടകത്തിൽ ഏറെ പോരായ്മകളുണ്ട്. അവഗണന ആവർത്തിക്കപ്പെട്ടതോടെയാണ് രാജിയെന്നും ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്വം ഇന്ന് രാജിവെക്കുമെന്നും രാജസേനൻ അറിയിച്ചു. വിവാദമായ പല നിലപാടുകളും സ്വീകരിച്ച വ്യക്തിയായിരുന്നു രാജസേനന്‍. 2018ല്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് സിനിമ പ്രവര്‍ത്തകര്‍ ബഹിഷ്കരിച്ച സംഭവത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ചിരുന്നു.
അതിഥി തൊഴിലാളികളെക്കുറിച്ച് നടത്തിയ പ്രസ്താവനയും ഏറെ വിവാദമായി. അതിഥി തൊഴിലാളികള്‍ നാടിന് ആപത്താണ്. അവരെ എത്രയും പെട്ടന്ന് വേണ്ടതൊക്കെ കൊടുത്ത് ഇവരെ ഈ നാട്ടിൽ നിന്ന് ഓടിക്കണമെന്നായിരുന്നു രാജസേനൻറെ പ്രസ്താവന. എന്നാല്‍, വിവാദമായതോടെ ഇന്ത്യക്കാരെ ഉദ്ദേശിച്ചല്ലെന്നും മറ്റുരാജ്യങ്ങളില്‍ നിന്ന് അനധികൃതമായി കുടിയേറിയവരെയാണ് ഉദ്ദേശിച്ചതെന്നും വിശദീകരിച്ചു. ഇവര്‍ക്കൊപ്പം എന്ന പേരില്‍ ബിജെപി അനുകൂല സിനിമയും രാജസേനന്‍ സംവിധാനം ചെയ്തു. രാജ്യസ്നേഹികള്‍ക്കായി ഒരു സിനിമ എന്നായിരുന്നു പരസ്യവാചകം. പലപ്പോഴും കടുത്ത നിലപാടുകള്‍ സ്വീകരിച്ച രാജസേനന്‍ സോഷ്യല്‍മീഡിയയില്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. പാര്‍ട്ടി മാറി സിപിഎമ്മിലെത്തുമ്പോള്‍ രാജസേനന്‍റെ നിലപാടുകള്‍ക്ക് മാറ്റമുണ്ടാകുമോ എന്നതാണ് ശ്രദ്ധേയമായ കാര്യം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ