വന്ന വഴികൾ മറക്കാത്ത യഥാർത്ഥ നായകൻ ജോജു; സംവിധായകൻ്റെ കുറിപ്പ് വൈറലാകുന്നു

Web Desk   | Asianet News
Published : Apr 15, 2020, 01:40 PM ISTUpdated : Apr 15, 2020, 01:51 PM IST
വന്ന വഴികൾ മറക്കാത്ത യഥാർത്ഥ നായകൻ ജോജു; സംവിധായകൻ്റെ കുറിപ്പ് വൈറലാകുന്നു

Synopsis

ഒരുപാട് ബന്ധുക്കളും സുഹൃത്തുക്കളുമുണ്ടെങ്കിലും അവരാരും ചെയ്യാത്ത കാര്യമാണ് തനിക്ക് വലിയ പരിചയമൊന്നുമില്ലാത്ത ജോജു ജോർജ് എന്ന വ്യക്തിയിൽ നിന്നുണ്ടായത്. 

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയില്‍ ആയിരിക്കുന്നത് സിനിമാ മേഖലയിലെ സാങ്കേതിക പ്രവർത്തകരും സഹതാരങ്ങളും കൂടിയാണ്. പലപ്പോഴും ഇവർക്ക് താങ്ങാകുന്നത് സഹപ്രവർത്തകരുടെ മനസറിഞ്ഞുള്ള ഇടപെടൽ കൂടിയാണ്. അത്തരത്തിൽ നടൻ ജോജു ജോർജ് നടത്തിയ സഹായത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ബോബി സിനിമയുടെ സംവിധായകൻ ഷെബി ചൗഘട്ട്. 

 പലരും പ്രതിസന്ധിയിലായ ഈ നാളുകളിലെ യഥാർത്ഥ ഹീറോ ജോജു ജോർജ് തന്നെയാണെന്ന് ഷെബി ചൗഘട്ട് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഒരുപാട് ബന്ധുക്കളും സുഹൃത്തുക്കളുമുണ്ടെങ്കിലും അവരാരും ചെയ്യാത്ത കാര്യമാണ് തനിക്ക് വലിയ പരിചയമൊന്നുമില്ലാത്ത ജോജു ജോർജ് എന്ന വ്യക്തിയിൽ നിന്നുണ്ടായത്. സുഖവിവരങ്ങൾ അന്വേഷിക്കാൻ സുഹൃത്തുക്കൾ പോലും മടി വിചാരിക്കുന്ന ലോക്ക് ഡൗൺ കാലത്ത് സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞ് സഹായിക്കാൻ ജോജു തയ്യാറായത് അദ്ദേഹത്തിന്റെ വലിയ മനസാണെന്നും ഷെബി പറയുന്നു

ഷെബി ചൗഘട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ലോക്ക്ഡൗൺ വിഷുക്കാലത്തെ യഥാർത്ഥ ഹീറോ

2017ലാണ് ഞാൻ ഒടുവിൽ സംവിധാനം ചെയ്ത ബോബി റിലീസാവുന്നത്.ഇപ്പോൾ മൂന്ന് വർഷമാകാറായി. സിനിമയല്ലാതെ മറ്റൊരു ജോലിയും അറിയാത്തവൻ്റെ ഇപ്പോഴത്തെ ബാങ്ക് ബാലൻസ് ഊഹിക്കാമല്ലോ. ആകെ സമ്പാദ്യമായി ഉള്ളത് പത്തു പതിനഞ്ച് കഥകളാണ്. എല്ലാം ഞാൻ തന്നെ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവ.എന്നാൽ സാമ്പത്തിക പ്രശ്നം വല്ലാതെ അലട്ടിത്തുടങ്ങിയ കാലത്ത് ഒരു കഥ ലാൽജോസിനോട് പറഞ്ഞു. അതാണ് 41 എന്ന സിനിമയായത്.(തിരക്കഥ എൻ്റേതല്ല ). ഏതു സമയത്തും നല്ലൊരു പ്രോജക്ടുമായി ചെന്നാൽ നമുക്കൊരു പടം ചെയ്യാം എന്ന് ഉറപ്പു നൽകിയ ഒരു നിർമ്മാതാവ് എൻ്റെ സൗഹൃദവലയത്തിലുണ്ട്.ദുൽഖർ ചിത്രം ഒരു യമണ്ടൻ പ്രേമകഥയുടെ പ്രൊഡ്യൂസർ സി ആർ സലീം. അദ്ദേഹം നിർമ്മിക്കാമെന്നേറ്റ പ്രോജക്ടിനു വേണ്ടി മഞ്ജു വാര്യരെക്കണ്ട് കഥ പറഞ്ഞു.ഇതേ സബ്ജക്ടുമായി സാമ്യമുള്ള ഒരു സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും മറ്റൊരു സ്ക്രിപ്റ്റുമായി വരാനുമായിരുന്നു മറുപടി.
പിന്നീടാണ് രണ്ടു സിനിമകൾ അടുപ്പിച്ച് ഹിറ്റടിച്ചു നിൽക്കുന്ന ജോജു ജോർജിനെ വിളിക്കുന്നത്.പത്തു പടങ്ങളിൽ ഒന്ന് ഹിറ്റായാൽ പോലും വിളിച്ചാൽ ഫോണെടുക്കാത്ത നായകന്മാരുള്ള സിനിമാലോകത്ത് ആദ്യ വിളിയിൽത്തന്നെ ഫോണെടുത്ത് ജോജു എന്നെ ഞെട്ടിച്ചു.കഥ കേൾക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. ലൊക്കേഷനിൽ ചെന്നു പറഞ്ഞ കഥയും ഇഷ്ടപ്പെട്ടു. മൂന്നു വർഷത്തോളമായി സിനിമ ചെയ്യാതിരിക്കുന്ന എൻ്റെ വിഷമം മനസിലാക്കിയെന്ന് തോന്നുന്നു.സ്ക്രിപ്പ്റ്റുമായി വരാൻ പറഞ്ഞാണ് പിരിഞ്ഞത്.തിരക്കഥ പൂർത്തിയാക്കിയ സമയത്താണ് ലോകത്തെ മുഴുവൻ ഞെട്ടിച്ചു കൊണ്ട് കൊറോണ വ്യാപനവും ലോക്ക്ഡൗണും. എല്ലാവരും കനത്ത പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ഈയുള്ളവൻ്റെ കാര്യം പറയേണ്ടല്ലോ.

സിനിമകൾ ചെയ്യുമ്പോൾ ഹിറ്റാവുമെന്ന് കരുതി കൂടെ നിന്ന ചില സുഹൃത്തുക്കളുണ്ടായിരുന്നു.പടമില്ലാതെ വീട്ടിലിരിക്കുന്നതു കൊണ്ടാവാം ആരും വിളിക്കുന്നില്ല.സിനിമയിൽ ജയിക്കുന്നവനു മാത്രമേ സ്ഥാനമുള്ളൂവെന്നും തോറ്റു പോയവൻ്റെ കഥ ഒരിക്കലും വാഴ്ത്തുപാട്ടാവില്ലെന്ന് അറിയാവുന്നതു കൊണ്ടും എല്ലാ വിഷമവും ഉള്ളിലൊതുക്കി വീട്ടിലിരിക്കാൻ മാനസികമായി തയ്യാറെടുത്തു.

പക്ഷേ, തികച്ചും അപ്രതീക്ഷിതമായി ഒരു ഫോൺകോൾ എന്നെത്തേടിയെത്തി. എൻ്റെ കഥയിലെ നായകൻ ജോജുജോർജായിരുന്നു മറുതലയ്ക്കൽ.എന്തെങ്കിലും സാമ്പത്തിക പ്രശ്നങ്ങളുണ്ടോ എന്ന് ചോദിക്കാനാണ് വിളിച്ചത്.ഉണ്ടെന്നു പറയാൻ അഭിമാനം സമ്മതിച്ചില്ലെങ്കിലും എൻ്റെ ശബ്ദത്തിലെ പതർച്ച തിരിച്ചറിഞ്ഞിട്ടാവണം നിർബന്ധിച്ച് അക്കൗണ്ട് നമ്പർ വാങ്ങിച്ചു.പത്ത് മിനിട്ടിനകം പണമെത്തിയതായി ഫോണിൽ മെസേജും വന്നു.

ഒരുപാട് ബന്ധുക്കളും സുഹൃത്തുക്കളുമുണ്ടെങ്കിലും അവരാരും ചെയ്യാത്ത കാര്യമാണ് എനിക്ക് വലിയ പരിചയമൊന്നുമില്ലാത്ത ജോജു ജോർജ് എന്ന വ്യക്തിയിൽ നിന്നുണ്ടായത്.ചെറിയ വേഷങ്ങൾ ചെയ്ത് വളരെ ബുദ്ധിമുട്ടി മുൻനിരയിലേക്ക് വന്നതു കൊണ്ടാവാം അദ്ദേഹത്തിന് മറ്റുള്ളവരുടെ വിഷമങ്ങൾ മനസിലാക്കാൻ സാധിക്കുന്നത്.

ജോജു ജോർജിൻ്റെ സഹായം ഈ ലോക്ക്ഡൗൺ വിഷുക്കാലത്ത് എനിക്കു മാത്രമല്ല കിട്ടുന്നത്.കൊച്ചിയിലും കോട്ടയത്തും അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നിരവധിയാളുകൾക്ക് നിത്യേന ഭക്ഷണം നൽകുന്നു. പ്രതിസന്ധികളിലാണ് നായകന്മാർ ഉണ്ടാകുന്നതെങ്കിൽ പലരും പ്രതിസന്ധിയിലായ ഈ നാളുകളിലെ നായകൻ ജോജു ജോർജ് തന്നെയാണ്.
ഒരു യഥാർത്ഥ നായകൻ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തിയേറ്ററുകളില്‍ ചിരിയുടെ ഭൂകമ്പം; മികച്ച പ്രതികരണങ്ങളുമായി 'അടിനാശം വെള്ളപൊക്കം' പ്രദര്‍ശനം തുടരുന്നു
ഐഎഫ്എഫ്കെയിൽ 'അവൾക്കൊപ്പം' ഐക്യദാർഢ്യവുമായി ചലച്ചിത്ര പ്രവർത്തകരും ഡെലിഗേറ്റുകളും