
കാഴ്ച എന്ന് കേൾക്കുമ്പോൾ മലയാള സിനിമാസ്വാദകരുടെ മനസിൽ ആദ്യം ഓടി എത്തുന്നത് ബ്ലെസിയുടെ സിനിമ തന്നെയാണ്. 2004ൽ റിലീസ് ചെയ്ത ചിത്രത്തിലെ മമ്മൂട്ടിയുടെ മാധവൻ എന്ന കഥാപാത്രം ഇന്നും മലയാളികളുടെ നെഞ്ചിൽ നോവുണർത്തുന്ന വേഷമാണ്. മാധവൻ കരഞ്ഞപ്പോൾ അതിനൊപ്പം മലയാളികളും കരഞ്ഞു. ബ്ലെസിയുടെ മികച്ച അഞ്ച് സിനിമകൾ എടുത്താൽ അതിൽ ഒരു സ്ഥാനം തീർച്ചയായും ഈ മമ്മൂട്ടി ചിത്രത്തിനാണ് എന്ന കാര്യത്തിൽ തർക്കമില്ല.
ഇപ്പോഴിതാ കാഴ്ച സിനിമയെ കുറിച്ച് സംവിധായകൻ തരുൺ മൂർത്തി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. "കാഴ്ച കണ്ടുകഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് വന്നിട്ടും സിനിമ എന്റെ മനസിൽ വന്നു കൊണ്ടേയിരുന്നു. അതിലെ പാട്ടുകൾ വിഷ്വൽസ്. ക്ലൈമാക്സിൽ മമ്മൂക്ക പോയി എന്തെങ്കിലും വിവരം കിട്ടിയാൽ ഈ അഡ്രസിലോ നമ്പറിലോ വിളിക്കണമെന്ന് പറഞ്ഞ് പേപ്പർ കൊടുക്കുന്ന സീൻ. അയാളാ പേപ്പർ ചുരുട്ടി കളഞ്ഞതിനേക്കാൾ വേദന എനിക്ക് വേറെ ഉണ്ടായിട്ടില്ല. ആ പ്രായത്തിൽ. എന്നെങ്കിലും ഇങ്ങനത്തെ ഒക്കെ സിനിമയുടെ ഭാഗം അകണമെന്ന് ആഗ്രഹം ഉണ്ടാക്കിയിട്ടുണ്ട്", എന്നാണ് തരുൺ പറഞ്ഞത്. സൈന സൗത്ത് പ്ലസ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആഹാ..പിള്ളേര് അങ്ങ് വലുതായല്ലോ ! പ്രേക്ഷകരുടെ കൺമുന്നിൽ വളർന്ന കുട്ടിത്താരങ്ങൾ
ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. "ഇതൊക്കെ ആണു സിനിമ..കാഴ്ച, വാൽസല്യം, തനിയാവർത്തനം, രാപകൽ. വല്ലാത്തൊരു സിനിമ. നെഞ്ചിൽ കല്ലെടുത്തു വച്ച് അവസാനിപ്പിക്കുന്ന സിനിമ, കണ്ണും മനസ്സുംനിറച്ച കാഴ്ച്ച", എന്നിങ്ങനെ പോകുന്നു കമന്റുകൾ. പളുങ്ക്, കാഴ്ച തുടങ്ങിയ പടങ്ങൾക്ക് ശേഷം ബ്ലെസി എന്തു കൊണ്ട് മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്തില്ലെന്ന ചോദ്യവും ആരാധകർ ഉയർത്തുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..