
സിനിമ റിവ്യൂ ചെയ്യുന്നതിന് സാങ്കേതികവശങ്ങൾ അറിയേണ്ട ആവശ്യം ഇല്ലെന്ന് സംവിധായകൻ വി.സി.അഭിലാഷ്.
29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ടാഗോർ തിയേറ്ററിൽ നടന്ന ഓപ്പൺ ഫോറത്തിൽ,'ന്യൂ ഏജ് സിനിമയും റിവ്യൂവും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര പ്രവർത്തകൻ അർജുൻ,ചലച്ചിത്ര നിരൂപകരായ ശ്രേയ ശ്രീകുമാർ,സ്വാതി ലക്ഷ്മി വിക്രം എന്നിവർ സംസാരിച്ചു.
മുൻകാലങ്ങളിലെ സിനിമാ നിരൂപണങ്ങളും ഇന്നത്തെ കാലത്തെ റിവ്യൂവും രണ്ടും രണ്ടാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഒറ്റ വാക്കിലോ വാക്യത്തിലോ ഒതുക്കാവുന്ന ഒന്നായി റിവ്യൂ മാറിയെന്നും ഓരോ കാലഘട്ടത്തിലും അവയ്ക്ക് പലവിധത്തിലുള്ള രൂപമാറ്റം സംഭവിച്ചുവെന്നും സ്വാതി ലക്ഷ്മി പറഞ്ഞു. തിയേറ്ററിൽ നിന്ന് സിനിമ കണ്ടിറങ്ങുന്ന ആസ്വാദകരെ ഫിലിം റിവ്യൂവർ ആക്കാൻ വെമ്പുന്ന മാധ്യമ സംസ്കാരമാണ് നിലനിൽക്കുന്നതെന്നും സ്വാതി കൂട്ടിച്ചേർത്തു.
ചരിത്രത്തിൽ ചില സിനിമകൾ അടയാളപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് മുൻകാല നിരൂപകർ സിനിമകളെ കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. അതുപോലെ സത്യസന്ധമായിരിക്കണം പുതിയ കാലഘട്ടത്തിലെ നിരൂപണങ്ങളെന്നാണ് ചർച്ചയിൽ പങ്കെടുത്തവർക്ക് പറയാനുള്ളത്.
കുടുംബ ബന്ധങ്ങളുടെ ആര്‍ദ്രതയും പ്രാധാന്യവും ചര്‍ച്ച ചെയ്യുന്ന 'എ പാന്‍ ഇന്ത്യന്‍ സ്റ്റോറി' എന്ന ചിത്രമാണ് അഭിലാഷിന്റേതായി മേളയിൽ പ്രദർശിപ്പിച്ചത്. ഭാര്യയും മകനും സഹോദരനുമുള്ള വീട്ടില്‍ ജീവിക്കുന്ന റെജിയുടെ കുടുംബത്തിലേക്ക് സഹപ്രവര്‍ത്തകന്‍ കുടുംബസമേതം വരുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന നാടകീയതയുമാണ് സിനിമയുടെ പ്രമേയം. അഭിലാഷിന്റെ ആദ്യചിത്രമായ 'ആളൊരുക്കം' ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നേടിയിരുന്നു.
ചലച്ചിത്രമേളയിലും തിളങ്ങി രുധിരം; രാജ് ബി ഷെട്ടി- അപർണ ചിത്രത്തിന് വൻ വരവേൽപ്പ്
അതേസമയം, അഞ്ചാം ദിനമായ ഇന്ന് 67 സിനിമകളാണ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. രാജ്യാന്തര മത്സര വിഭാഗത്തിൽ ഏഴ് ചിത്രങ്ങളും ലോക സിനിമ വിഭാഗത്തിൽ 23 ചിത്രങ്ങളും ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗത്തിൽ 7 ചിത്രങ്ങളും മലയാളം സിനിമ ടുഡേ വിഭാഗത്തിൽ 4 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ