
ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തില്‍ കലാഭവൻ മണിക്ക് സ്പെഷ്യൽ ജൂറി അവാർഡു മാത്രമേ ഉള്ളൂവെന്ന് അറിഞ്ഞപ്പോള്‍ അനുഭവിച്ച മാനസിക സംഘര്‍ഷത്തെ കുറിച്ച് ഓര്‍മിപ്പിച്ച് സംവിധായകൻ വിനയൻ. കലാഭവൻ മണി അന്ന് ബോധം കെട്ടു വീണതിന്റെ സത്യമായ കാരണം എന്താണ് എന്നൊന്നും ആരും അന്വേഷിച്ചില്ല. ചിലരൊക്കെ അതു തമാശയാക്കി എടുത്തു, ചിലരൊക്കെ മണിയെ കളിയാക്കി. മണി കരയുന്നതു കണ്ടപ്പോള്‍ താനും വല്ലാതെ പതറിപ്പോയെന്ന് വിനയൻ ഫേസ്‍ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
വിനയന്റെ കുറിപ്പ്
ഈ ജീവിതയാത്രയിലെ ഓർമ്മച്ചിന്തുകൾ കുത്തിക്കുറിക്കുന്ന ജോലി ഞാൻ തുടങ്ങിയിട്ടുണ്ട്.. പുതിയ സിനിമയുടെ തിരക്കഥാ രചനയുടെ ഇടവേളകളിൽ കുറച്ചു സമയം ആ എഴുത്തുകൾക്കായി മാറ്റിവയ്‍ക്കാറുണ്ട്.. അതിൽ നിന്നും ചില വരികൾ ഇങ്ങനെ എഫ്‍ബിയിൽ പങ്കുവയ്‍ക്കാനും ആഗ്രഹിക്കുന്നു. കലാഭവൻ മണിയെപ്പറ്റി എഴുതുന്നതിനിടയിൽ ഇന്നെന്റെ കണ്ണു നിറഞ്ഞു പോയി എന്നതാണു സത്യം. ചെറുപ്പത്തിൽ താനനുഭവിച്ച ദുരിതങ്ങളേക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചും പറയുമ്പോൾ വളരെ വേഗം പൊട്ടിക്കരയുകയും. ചെറിയ സന്തോഷങ്ങളിൽ അതിലുംവേഗം പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്ന നിഷ്‍കളങ്കനായ ഒരു കലാകാരനായിരുന്നു മണി. ആ മണി 2000ലെ നാഷണൽ അവാർഡ് പ്രഖ്യാപനത്തിൽ തനിക്കു സ്പെഷ്യൽ ജൂറി അവാർഡു മാത്രമേ ഉള്ളു എന്നറിഞ്ഞപ്പോൾ& ബോധം കെട്ടു വീണതിന്റെ സത്യമായ കാരണം എന്താണ്. ആ പാവം ചെറുപ്പക്കാരനെ അവിടം വരെ കൊണ്ടെത്തിച്ചതിന്റെ യഥാർത്ഥ ചരിത്രം എന്താണ് എന്നൊന്നും ആരും അന്നന്വേഷിച്ചില്ല ചിലരൊക്കെ അതു തമാശയാക്കി എടുത്തു, ചിലരൊക്കെ മണിയെ കളിയാക്കി.
'വാസന്തിയും ലക്ഷ്‍മിയും പിന്നെ ഞാനും' എന്ന ഒരു കൊച്ചു സിനിമ കേരളത്തിൽ സുപ്പർഹിറ്റായി ഓടിയപ്പോൾ മണിക്ക് അവാർഡ് ലഭിക്കും എന്നൊക്കെ അയാളെ സ്നേഹിക്കുന്നവർ പറഞ്ഞിരുന്നു എന്നത് സത്യമാണ്. പക്ഷേ നമ്മുടെ സിനിമകളൊന്നും അവാർഡിലേക്കു പരിഗണിക്കുമെന്നു ചിന്തിക്കയേ വേണ്ട. നമ്മളാ ജെനുസിൽ പെട്ടവരല്ല എന്ന് മണിയോട് എപ്പോഴും തമാശ രുപത്തിൽ ഞാൻ പറയുമായിരുന്നു. പിന്നെ അത്ഭുതമായി എന്തെങ്കിലും സംഭവിപ്പിക്കാൻ ആ കമ്മിറ്റിയിൽ ആരെങ്കിലും ഉണ്ടായാൽ അതു ഭാഗ്യം എന്നും ഞാൻ പറഞ്ഞിരുന്നു. മണിയുടെ തന്നെ 'കരുമാടിക്കുട്ടനും', പക്രുവിന്റെ 'അത്ഭുതദ്വീപി'നും ഒക്കെ ഇത്തരം രസകരമായ അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. അതിൽ വിലപിക്കാനും പരിഭവിക്കാനും ഒന്നും ഞാൻ പോയിട്ടുമില്ല. കാരണം നമ്മളാ ജെനുസ്സിൽ പെട്ട ആളല്ലല്ലോ?
2000 ലെ ദേശീയ അവാർഡ് സമയത്ത് ചാലക്കുടിയിൽ പടക്കം പൊട്ടീരും സദ്യ ഒരുക്കലും ഒക്കെ നടക്കുന്നതറിഞ്ഞ് ഫൈനൽ അനൗൺസ്മെൻറ് വരാതെ അതൊന്നും വേണ്ട എന്ന് ഫോണിലൂടെ നിർബ്ബന്ധപുർവ്വം ഞാൻ മണിയോടു പറഞ്ഞെങ്കിലും എന്റെ അവാർഡ് ഉറപ്പാ സാറെ, എന്നോടു പറഞ്ഞവർ വെളീലുള്ളവർ അല്ലല്ലോ..അതു സത്യമാ സാറെ.. സാറൊന്ന് ചിരിക്ക് എന്നൊക്കെ ആവേശത്തോടെയും സന്തോഷത്തോടെയും ഉറക്കെച്ചിരിച്ചു കൊണ്ട് പറഞ്ഞു കൊണ്ടിരുന്ന മണിയോട് പിന്നെയൊന്നും പറയാനെനിക്കായില്ല. പക്ഷേ എന്റെ മനസ്സൂ പറഞ്ഞപോലെ തന്നെ മണിക്കു അവാർഡു കിട്ടിയില്ല.
ആശ്വാസ അവാർഡ് പോലെ സ്പെഷ്യൽ ജൂറി അവാർഡും. ഏറ്റവും നല്ല ഗായകനുള്ള ദേശീയ അവാർഡും ആ സിനിമയ്‍ക്കു തന്നു ആ അവാർഡു പ്രഖ്യാപനം കഴിഞ്ഞ് തലേന്ന് എത്രമാത്രം സന്തോഷത്തോടെ മണി ചിരിച്ചോ അതിന്റെ നൂറിരട്ടി വേദനയോടെ കരയുന്നതു കണ്ടപ്പോൾ ഞാനും വല്ലാതെ പതറിപ്പോയി. എന്നെ കെട്ടിപ്പിടിച്ച് മണി പറഞ്ഞ വാക്കുകളും ആ സംഭവത്തിന്റെ യഥാർത്ഥ ചിത്രവും ഒക്കെ എന്റെ ഓർമ്മക്കുറിപ്പുകളിൽ പിന്നിടു നിങ്ങൾക്കു വായിക്കാം.
Read More: 'ലവ് എഗെയ്ൻ', പ്രിയങ്കയുടെ ഹോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ