
സഹസംവിധായകനായി മലയാള സിനിമയിൽ തുടക്കം കുറിച്ച ആളാണ് വൈശാഖ്. പോക്കിരി രാജ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് വൈശാഖ് എന്ന സംവിധായകനെ മോളിവുഡിന് ലഭിക്കുന്നത്. ചിത്രത്തിൽ മധുര രാജയായി മമ്മൂട്ടി കസറിക്കയറിയപ്പോൾ വൈശാഖ് എന്ന സംവിധായകനും അടയാളപ്പെടുക ആയിരുന്നു. പിന്നീട് വൈശാഖ് ചിത്രത്തിനായി ഏവരും കാത്തിരിക്കാൻ തുടങ്ങി. വൈശാഖ് ആണ് സംവിധായകൻ എന്ന് കണ്ടാൽ മിനിമം ഗ്യാരന്റി പ്രേക്ഷകന് ഉറപ്പായി. അക്കൂട്ടത്തിലേക്ക് ഒരു സിനിമ കൂടി എത്തുകയാണ് ടർബോ.
പോക്കിരി രാജ, മധുരരാജ തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ടർബോ. മെയ് 23ന് സിനിമ തിയറ്ററുകളിൽ എത്തും. ഈ അവസരത്തിൽ വൈശാഖിന്റെ ഫിലിമോഗ്രഫി സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.
2010ൽ ആണ് പോക്കിരി രാജ റിലീസ് ചെയ്യുന്നത്. മമ്മൂട്ടി തകർത്താടിയ ഈ ചിത്രം ഓൾ ടൈം ബ്ലോക് ബസ്റ്റർ ആയിരുന്നുവെന്ന് ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നു. സീനിയേഴ്സ് ആണ് അടുത്ത ചിത്രം. 2011ൽ പുറത്തിറങ്ങിയ സീനിയേഴ്സിൽ ജയറാം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, മനോജ് കെ. ജയൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ സിനിമയും മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. ഉണ്ണി മുകുന്ദൻ എന്ന നടനെ മലയാളത്തിന് ലഭിച്ച മല്ലു സിംഗ് ആണ് അടുത്ത ചിത്രം. കുഞ്ചാക്കോയും ഉണ്ണിയും തകർത്തഭിനയിച്ച ചിത്രം സൂപ്പർ ഹിറ്റ് ആയിരുന്നു.
ദിലീപ് നായകനായി എത്തിയ വൈശാഖ് ചിത്രം ആയിരുന്നു സൗണ്ട് തോമ. ഈ ചിത്രവും സൂപ്പർ ഹിറ്റായിരുന്നുവെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. വിശുദ്ധൻ, കസിൻസ്, പിന്നീട് വൈശാഖിന്റെ സംവിധാനത്തിൽ ഇറങ്ങിയ സിനിമകൾ. ഇവയ്ക്ക് വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഈ ക്ഷീണം മാറ്റിയത് പുലിമുരുകന്റെ വരവോടെ ആണ്. മോഹൻലാൽ മുരുകനായി കസറിക്കയറിയ ചിത്രം ഇന്റസ്ട്രി ഹിറ്റായി മാറി. ആദ്യ 100 കോടി ക്ലബ്ബ് ചിത്രം എന്ന ഖ്യാതി ആയിരുന്നു പുലിമുരുകന് സ്വന്തമായത്. ശേഷമാണ് പോക്കിരി രാജയുടെ രണ്ടാം ഭാഗമായ മധുരരാജ റിലീസ് ചെയ്യുന്നത്. മമ്മൂട്ടി വിളയാടിയ ചിത്രവും സൂപ്പർ ഹിറ്റായി. ശേഷം ഇറങ്ങിയ നൈറ്റ് ഡ്രൈവും മോൺസ്റ്ററും വേണ്ടത്ര പ്രകടനം കാഴ്ചവച്ചില്ല. പ്രത്യേകിച്ച് മോൺസ്റ്റർ. മോഹൻലാൽ നായകനായി എത്തിയ ചിത്രം വൻ ഹൈപ്പിലാണ് എത്തിയതെങ്കിലും ബോക്സ് ഓഫീസ് പരാജയം നേരിട്ടു.
നടയൊരുങ്ങി..ഇനി കല്ല്യാണമേളം; രസിപ്പിച്ച് 'ഗുരുവായൂരമ്പല നടയിൽ' ട്രെയിലർ
മുകളിൽ പറഞ്ഞ പത്ത് സിനിമകൾക്ക് പിന്നാലെ എത്തുന്ന ചിത്രമാണ് ടർബോ. ആക്ഷൻ- കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ നിർമ്മാണ സംരംഭം കൂടിയായ സിനിമയിൽ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എല്ലാം ഒത്തുവന്നാൽ, പീക്ക് ലെവലിൽ നിൽക്കുന്ന മലയാള സിനിമയ്ക്ക് മറ്റൊരു പൊൻതൂവൽ കൂടി ആകും ടർബോ എന്നാണ് വിലയിരുത്തലുകൾ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ