
നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ യുവാവ് അതിക്രമിച്ച് കയറിയെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ.
സൈക്കോ പോലെ ഒരാളാണ് വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതെന്നും എല്ലാവരും പേടിച്ചുപോയെന്നും ദിയ യൂട്യൂബിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. യുവാവ് മതിലു ചാടിക്കടന്ന സമയത്ത് വീട്ടിലെ ഒരു വാതിൽ പൂട്ടിയിരുന്നില്ലെന്നും ഹൻസിക ഓടിയെത്തി വാതിൽ പൂട്ടുകയായിരുന്നുവെന്നും ദിയ പറയുന്നു.
ദിയയുടെ വാക്കുകൾ
‘ഞാനും ഇഷാനിയും ഒരാഴ്ചയോളം ഇവിടെ ഇല്ലായിരുന്നു. സംഭവം നടന്ന വൈകിട്ടാണ് ബംഗളൂരുവിൽ നിന്നും ഞങ്ങൾ തിരിച്ചെത്തുന്നത്. ഞാനും ഇഷാനിയും വന്നിറങ്ങിയ സമയത്താണ് ഇത് നടക്കുന്നത്. രാത്രി ഞാൻ ഫോണിൽ സംസാരിച്ചുകൊണ്ടു നിൽക്കുകയായിരുന്നു. അപ്പോഴാണ് ഹൻസിക പുറകിൽ നിന്നും എന്നെ വിളിച്ച് ഇക്കാര്യം കാണിക്കുന്നത്. താഴെ ഒരു സഹോദരൻ ഗേറ്റിൽ ചാരി കിടക്കുന്നു. അയാളെ കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി. ഹൻസികയോട് ഇയാളെക്കുറിച്ച് ചോദിച്ചപ്പോൾ അവൾക്കും ഒന്നും അറിയില്ല. അവസാനം അമ്മ പോയി വാതിൽ തുറന്ന് എന്തുവേണമെന്ന് ചോദിച്ചു. അയാൾ പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് സംസാരിച്ചത്. ഗേറ്റ് തുറക്ക്, അകത്തുവന്നു പറയാം എന്നൊക്കെ പറഞ്ഞു. ചില തമിഴ് സൈക്കോ പടങ്ങളിൽ നമ്മൾ കാണുന്നതുപോലെയുള്ള അവസ്ഥ.’
‘അമ്മ ഇതുവന്നു പറഞ്ഞപ്പോൾ ഞങ്ങൾക്കൊക്കെ പേടിയായി. അച്ഛനോട് കാര്യം പറഞ്ഞു. അച്ഛൻ മുറ്റത്ത് ഇറങ്ങി ചെല്ലാതെ മുകളിൽ വന്ന് അയാളോട് പറഞ്ഞുമനസിലാക്കാം എന്നു തീരുമാനിച്ചു. കാരണം അയാൾക്കൊരു ബോധവുമില്ലെന്ന് അറിയാമായിരുന്നു. അങ്ങനെ ചിരിച്ചുകൊണ്ടാണ് അച്ഛൻ അയാളോട് സംസാരിച്ചത്. എന്നാൽ വീട്ടിലെ വാതിൽ തുറക്ക് എന്നിട്ട് സംസാരിക്കാം എന്നാണ് അയാൾ പറഞ്ഞുകൊണ്ടിരുന്നത്. വാതിൽ തുറന്നില്ലെങ്കിൽ എന്തുചെയ്യുമെന്ന് അച്ഛൻ ചോദിച്ചു, ‘അങ്ങനെയെങ്കിൽ മതില് ചാടി കടക്കുമെന്ന് അയാൾ ചിരിച്ചുകൊണ്ടു പറഞ്ഞു.’നമ്മുടെ മനസിലും ഇയാൾ ഗേറ്റ് ചാടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. നീ ചാടുമോ എന്നു അച്ഛൻ ചോദിച്ചതും അയാൾ എടുത്തൊരു ചാട്ടം. അപ്പോഴേക്കും എല്ലാവരും പേടിച്ചു. കാരണം താഴെ ഒരു വാതിൽ പൂട്ടിയിട്ടില്ലായിരുന്നു. ഞങ്ങളെല്ലാം താഴേക്ക് ഓടി. ഇയാളുടെ കയ്യിൽ ആസിഡോ ബോംബോ ഉണ്ടോ എന്ന് ആർക്കറിയാം. ഹൻസിക പെട്ടന്നു തന്നെ പോയി സൈഡ് ഡോർ പൂട്ടി. അയാൾ പൂട്ടിൽ പിടിച്ചു വലിക്കാൻ തുടങ്ങി. അപ്പോഴേക്കും അച്ഛൻ പൊലീസിനെ വിളിച്ചു. ഞാനും അഹാനയും ഞങ്ങളുടെ സുഹൃത്തുക്കളെ വിളിച്ചു.‘
‘വീട്ടിനകത്തു നിന്ന് നോക്കുമ്പോൾ കാണാം അയാൾ വാതിലിനു മുന്നിൽ നിൽക്കുന്നത്. ഡോറ് തുറക്കില്ലെന്ന് മനസിലായതോടെ ഇയാൾ മൊബൈൽ ഫോണിൽ പാട്ടുവച്ച് അവിട ഇരുന്ന് ആസ്വദിക്കാൻ തുടങ്ങി. കുറച്ചോടെ കഴിഞ്ഞപ്പോൾ പൊലീസു വന്നു, അവരും മതിലു ചാടേണ്ടി വന്നു. കാരണം മതിലിന്റെ വാതിൽ അകത്തുനിന്നും പൂട്ടിയിരുന്നു. പിടിച്ചപ്പോൾ ഇയാള്‍ പറഞ്ഞു, അഹാനയുടെ ഫാൻ ആണെന്ന്. എന്ത് ഫാൻ ആണെങ്കിലും രാത്രി പതിനൊന്നരയ്ക്കാണോ ഇങ്ങനെ ബോധമില്ലാതെ വരുന്നത്. എന്റെ ജീവിതത്തിൽ ആദ്യമായാണ് ഇതുപോലൊരു സംഭവം ഉണ്ടാകുന്നത്.’–ദിയ വീഡിയോയിൽ പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ