'ജാതിയും മതവും പറയുന്നവര്‍ക്ക് വോട്ട് ചെയ്യരുത്'; വിജയ് സേതുപതിയുടെ പ്രസംഗത്തിന് നിറഞ്ഞ കൈയ്യടി

By Web TeamFirst Published Apr 19, 2019, 4:27 PM IST
Highlights

 ജാതിയും മതവും പറയുന്നവര്‍ അവരുടെ വീടുകളില്‍ സുരക്ഷിതരായിരിക്കും. നമ്മളാണ് അവസാനം കെണിയില്‍ വീഴുന്നത്. ഇക്കാര്യം ഓര്‍ത്ത് വേണം വോട്ട് ചെയ്യാന്‍'- വിജയ് സേതുപതി പറഞ്ഞു.

ചെന്നൈ: വേനല്‍ ചൂടിനെക്കാള്‍ പൊള്ളുന്ന ചൂടിലാണ് ഇന്ത്യന്‍ രാഷ്ട്രീയം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ അരങ്ങ് കൊഴുപ്പിക്കുകയാണ്. ഇന്ത്യയുടെ ജനവിധിക്ക് നാളുകള്‍ മാത്രം അകലെ നില്‍ക്കെ സോഷ്യല്‍ മീഡിയയും തെരഞ്ഞെടുപ്പ് ചൂടില്‍ കത്തുകയാണ്. സെലിബ്രിറ്റികളും അവര്‍ തെരഞ്ഞെടുപ്പിനെ കുറിച്ച് പറയുന്നതുമെല്ലാം ആരവത്തോടെയാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത്. തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട പോളിങും പൂര്‍ത്തിയാകുമ്പോള്‍ ശ്രദ്ധേയമാകുകയാണ് ഒരു താരത്തിന്‍റെ പ്രസംഗം. മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ മക്കള്‍ സെല്‍വം വിജയ് സേതുപതിയുടെ പ്രസംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ കൈയ്യടി നേടുന്നത്. ജാതിയും മതവും നോക്കി വോട്ട് ചെയ്യരുതെന്നും ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കാവണം വോട്ട് ചെയ്യേണ്ടത് എന്നുമാണ് വിജയ് സേതുപതി പറയുന്നത്. 

'നിങ്ങള്‍ വോട്ട് ചെയ്യുമ്പോള്‍ നന്നായി ശ്രദ്ധിച്ച് വോട്ട് ചെയ്യണം. സമൂഹത്തിന്‍റെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കാവണം വോട്ട് ചെയ്യുന്നത്. നമ്മുടെ നാട്ടിലെ പ്രശ്നം, നമ്മുടെ കോളേജിലെ പ്രശ്നം, നമ്മുടെ സുഹൃത്തിനൊരു പ്രശ്നം അല്ലെങ്കില്‍ നമ്മുടെ സംസ്ഥാനത്തിനൊരു പ്രശ്നം എന്ന് പറയുന്നവര്‍ക്കൊപ്പം നില്‍ക്കണം. ജാതി പ്രശ്നവും മതത്തിന്‍റെ പേരിലുള്ള പ്രശ്നങ്ങളും പറയുന്നവര്‍ക്കൊപ്പം നില്‍ക്കരുത്.  ജാതിയും മതവും പറയുന്നവര്‍ അവരുടെ വീടുകളില്‍ സുരക്ഷിതരായിരിക്കും. നമ്മളാണ് അവസാനം കെണിയില്‍ വീഴുന്നത്. ഇക്കാര്യം ഓര്‍ത്ത് വേണം വോട്ട് ചെയ്യാന്‍'- വിജയ് സേതുപതി പറഞ്ഞു. തെരഞ്ഞെടുപ്പ് കളത്തില്‍ പോര് മുറുകുമ്പോള്‍ വിജയ് സേതുപതിയുടെ പ്രസംഗവും വൈറലാവുകയാണ്.

click me!