'ഹൃദയത്തിൽ കൂടി സ്വഭാവങ്ങൾ, ശീലങ്ങൾ ഒക്കെ കൈമാറ്റം ചെയ്യുന്നുവെന്നത് ബാലഭൂമി കഥ...'; ഹൃദയപൂർവ്വത്തെ വിമർശിച്ച് ഡോ. ഹാരിസ് ചിറയ്ക്കൽ

Published : Sep 19, 2025, 09:47 AM IST
Dr Haris Chirackal

Synopsis

ദാതാവും സ്വീകർത്താവും പൊതുവെ തമ്മിൽ അറിയരുത് എന്നൊരു ചിന്ത ഉണ്ടായിരുന്നു. പിന്നീടുണ്ടാകാവുന്ന കുറേ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള ഒരു സമ്പ്രദായം ആയിരുന്നു. ഇപ്പോൾ മീഡിയയുടെ ശക്തമായ ഇടപെടൽ മൂലം ആ രഹസ്യ സ്വഭാവം പാലിക്കപ്പെടുന്നില്ല.

അവയവദാനം പ്രധാന പ്രമേയമായി വരുന്ന സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഹൃദയപൂർവം' എന്ന ചിത്രടാതെ വിമർശിച്ച് ഡോ. ഹാരിസ് ചിറയ്ക്കൽ. ഇത്ര സീനിയറായ ഒരു സംവിധായകൻ വളരെ അലക്ഷ്യമായിട്ടാണ് വിഷയം കൈകാര്യം ചെയ്തതെന്നും, അവയവം മാറ്റിവെച്ച വ്യക്തി എടുക്കേണ്ട കരുതലുകൾ ഒന്നും തന്നെ ചിത്രത്തിൽ പ്രതിപാദിക്കുന്നില്ലെന്നും ഡോ. ഹാരിസ് ചിറയ്ക്കൽ ചൂണ്ടികാണിച്ചു.

ഹൃദയത്തിൽ കൂടി സ്വഭാവങ്ങൾ, ശീലങ്ങൾ, വികാരങ്ങൾ ഇതൊക്കെ കൈമാറ്റം ചെയ്യുന്നു എന്നതൊക്കെ വെറും ബാലഭൂമി കഥകൾ മാത്രമാണെന്നും വെറും പേശികളും അതിനെ നിയന്ത്രിക്കുന്ന നാഡികളും മാത്രമുള്ള ഒരു പമ്പ് മാത്രമാണ് ഹൃദയമെന്നും ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഡോ ഹാരിസ് ചിറയ്ക്കൽ ഓർമ്മിപ്പിക്കുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

"ഹൃദയപൂർവം എന്ന സിനിമ കണ്ടു. ഒരു കാര്യവും നന്നായി പഠിക്കുകയോ മനസിലാക്കുകയോ ചെയ്യാതെയാണ് മിക്ക മലയാളം സിനിമകളും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്. ജോസഫ് എന്ന സിനിമ മസ്തിഷ്ക്ക മരണ അവയവ ദാനത്തിന് ഏൽപ്പിച്ച പ്രഹരം മാരകമായിരുന്നു. തലയിൽ ചുറ്റിക കൊണ്ട് അടിച്ച്, ബ്രെയിൻ ഡെത്ത് അവസ്ഥയിൽ എത്തിക്കുമത്രെ. വിദൂര സാധ്യതപോലും ഇല്ലാത്ത ആരോപണം. ഹൃദയപൂർവത്തിൽ ഇത്ര സീനിയറായ ഒരു സംവിധായകൻ എത്ര അലക്ഷ്യമായിട്ടാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. അവയവം മാറ്റിവെച്ച വ്യക്തി എടുക്കേണ്ട കരുതലുകൾ ഒന്നും ചിത്രം കാണിക്കുന്നില്ല. ഒക്കെ വെറും തമാശ. അവയവം ദാനം ചെയ്ത വ്യക്തിയോടും കുടുംബത്തോടും ഒരൊറ്റ വികാരമാണ് ദാനം സ്വീകരിച്ചവർക്കും അവരുടെ ബന്ധുക്കൾക്കും പൊതുസമൂഹത്തിനും ഉണ്ടാകാൻ പാടുള്ളു. ബഹുമാനം. RESPECT.

ആകസ്മികമായി ഒരു വ്യക്തി അപകടത്തിലോ മറ്റ് കാരണങ്ങൾ കൊണ്ടോ, ബ്രെയിൻ ഡെത്ത് സ്റ്റേജിൽ പോകുന്നതും ആ വ്യക്തിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ ഉറ്റ ബന്ധുക്കൾ തീരുമാനിക്കുന്നതും തുടർന്ന് നടക്കുന്ന ബൃഹത്തായ ടീം വർക്കും. ഇവിടെ കോമഡിക്ക് സ്ഥാനമില്ല. ഇനി, അവയവം സ്വീകരിച്ച വ്യക്തി. ഒരുപാട് നിയന്ത്രണങ്ങൾ അവർക്ക് ആവശ്യമുണ്ട്. അവയവത്തെ തിരസ്കരിക്കാൻ ശരീരം നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കും. എത്ര കാലം കഴിഞ്ഞാലും. ആ പ്രതിരോധത്തെ പ്രതിരോധിച്ച് തോൽപ്പിക്കാനാണ് മരുന്നുകൾ തുടർച്ചയായി കഴിക്കേണ്ടിവരുന്നത്. ശരീരത്തിന്റെ മൊത്തം പ്രതിരോധ ശക്തി( immunity) കുറയ്ക്കുന്ന അവസ്ഥയിൽ രോഗികൾ കുറേ കാര്യങ്ങൾ ശ്രദ്ധിക്കണം. ഇൻഫെക്ഷനുകളാണ് പ്രധാന വില്ലൻ.

പല തരത്തിലുള്ള രോഗാണുബാധകൾ ഉണ്ടാകാം. സീരിയസ് ആകാം. അവയവം തിരസ്കരിക്കപ്പെടാം. മരണം പോലും സംഭവിക്കാം. ഒരു കോംപ്ലിക്കേഷൻ വന്നു കഴിഞ്ഞാൽ ഉണ്ടാകുന്ന സാമ്പത്തിക ചിലവ് വളരെ ഉയർന്നതാകാം. മാസ്ക് ഉപയോഗിക്കുക, ധാരാളം ജനക്കൂട്ടം ഉള്ള സ്ഥലങ്ങൾ ഒഴിവാക്കുക, മൃഗങ്ങളുമായി( pet animals ) അടുത്ത് ഇടപഴകാതിരിക്കുക. മൃഗങ്ങളിൽ നിന്ന് ടോക്സോപ്ലാസ്മ, പലതരം ഫങ്കസുകൾ, പരാദജീവികൾ ഇത്തരം അസുഖങ്ങൾ വളരെ മാരകമാകാം. സ്റ്റിറോയ്ഡ് ഉൾപ്പെടെ മരുന്നുകൾ കഴിക്കുന്നത് കൊണ്ട് എല്ലുകളുടെ ബലം കുറയാം. അതിനാൽ അപകടങ്ങൾ, അടിപിടി... ഇതൊക്കെ കഴിയുന്നതും ഒഴിവാക്കുക.

ദാതാവും സ്വീകർത്താവും പൊതുവെ തമ്മിൽ അറിയരുത് എന്നൊരു ചിന്ത ഉണ്ടായിരുന്നു. പിന്നീടുണ്ടാകാവുന്ന കുറേ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള ഒരു സമ്പ്രദായം ആയിരുന്നു. ഇപ്പോൾ മീഡിയയുടെ ശക്തമായ ഇടപെടൽ മൂലം ആ രഹസ്യ സ്വഭാവം പാലിക്കപ്പെടുന്നില്ല. ഹൃദയത്തിൽ കൂടി സ്വഭാവങ്ങൾ, ശീലങ്ങൾ, വികാരങ്ങൾ ഇതൊക്കെ കൈമാറ്റം ചെയ്യുന്നു എന്നതൊക്കെ വെറും ബാലഭൂമി കഥകൾ മാത്രം. വെറും പേശികളും അതിനെ നിയന്ത്രിക്കുന്ന നാഡികളും മാത്രമുള്ള ഒരു പമ്പ് മാത്രമാണ് ഹൃദയം. അല്ലാതെ അതിൽ കൂടി "വികാരം “ ഒന്നും മാറ്റിവെയ്ക്കപ്പെടുന്നില്ല. സയൻസിനെ പോലും വളച്ചും ഒടിച്ചും വക്രീകരിച്ചും കാണിക്കുന്നതിലൂടെ നഷ്ടപ്പെടുന്നത് ജനങ്ങളുടെ ശാസ്ത്രാവബോധവും സിനിമയുടെ ക്രെഡിബിലിറ്റിയുമാണ്.”

വമ്പൻ വിജയമായി ഹൃദയപൂർവ്വം

അതേസമയം മോഹൻലാല്‍ നായകനായി വന്ന ഹിറ്റ് ചിത്രമാണ് ഹൃദയപൂര്‍വം. സത്യൻ അന്തിക്കാടാണ് സംവിധാനം നിര്‍വഹിച്ചത്. ആഗോള ബോക്സ് ഓഫീസില്‍ ചിത്രം 67.75 കോടി കളക്ഷൻ നേടിയപ്പോള്‍ വിദേശത്ത് നിന്ന് മാത്രം 27.85 കോടിയും ഹൃദയപൂര്‍വം നേടിയിട്ടുണ്ടെന്നും ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. 2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിൽ ഒടുവിൽ എത്തിയത്.

സത്യൻ അന്തിക്കാടിന്‍റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും 'ഹൃദയപൂര്‍വ്വ'ത്തിനുണ്ട്. ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. നവാഗതനായ ടി പി സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാന സഹായിയായിട്ടുള്ളത്. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഗാനരചന: മനു മഞ്ജിത്ത്, സംഗീതം: ജസ്റ്റിൻ പ്രഭാകർ, കലാസംവിധാനം: പ്രശാന്ത് നാരായണൻ, മേക്കപ്പ്: പാണ്ഡ്യൻ, കോസ്റ്റ്യൂം: സമീറ സനീഷ്, സഹ സംവിധായകർ: ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ: ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, സ്റ്റിൽസ്: അമൽ സി സദർ.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ