ടെലിവിഷന്‍ പ്രീമിയറിലും 'ദൃശ്യം 2'ന് റെക്കോര്‍ഡ് റേറ്റിംഗ്; കണക്കുകള്‍

By Web TeamFirst Published May 28, 2021, 7:34 PM IST
Highlights

ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രീമിയര്‍ മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായിരുന്ന 21ന് ഏഷ്യാനെറ്റിലൂടെയായിരുന്നു. 

പാന്‍ ഇന്ത്യന്‍ തലത്തില്‍ ഏറ്റവുമധികം പ്രേക്ഷകപ്രതികരണം നേടിയ മലയാളത്തില്‍ നിന്നുള്ള ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നു ദൃശ്യം 2. ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രീമിയര്‍ മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായിരുന്ന 21ന് ഏഷ്യാനെറ്റിലൂടെയായിരുന്നു. ഒടിടി റിലീസിലൂടെ ഒരു വലിയ പ്രേക്ഷകസമൂഹം അതിനകം കണ്ട ചിത്രമായിരുന്നെങ്കിലും ടെലിവിഷന്‍ പ്രീമിയറിലും ദൃശ്യം 2 നേട്ടം ഉണ്ടാക്കിയിരിക്കുകയാണ്.

 

ബാര്‍ക്കിന്‍റെ (ബ്രോഡ്‍കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) കണക്കനുസരിച്ച് മലയാളം ടെലിവിഷനില്‍ കഴിഞ്ഞവാരം ഏറ്റവുമധികം കാണികളെ ലഭിച്ച പരിപാടി ദൃശ്യം 2 പ്രീമിയര്‍ ആയിരുന്നു. ലഭിച്ച ഇംപ്രഷനുകള്‍ 66 ലക്ഷം. 21 ടിവിആര്‍ പോയിന്‍റുകളും പ്രീമിയര്‍ നേടി.

 

2013ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗമായി എത്തിയ ചിത്രം കൊവിഡ് കാലത്താണ് പ്രഖ്യാപിക്കപ്പെട്ടത്. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരുന്നു ചിത്രീകരണം. ആദ്യഭാഗത്തിലെ മിക്ക അഭിനേതാക്കളും എത്തിയ രണ്ടാംഭാഗത്തില്‍ ആദ്യഭാഗത്തില്‍ ഇല്ലാതിരുന്ന ചില താരങ്ങളും എത്തുന്നുണ്ട്. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്‍കുമാര്‍ എന്നിവരാണ് അവരില്‍ പ്രധാനികള്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും ജീത്തു ജോസഫ്. അതേസമയം ദൃശ്യം 2ന്‍റെ തെലുങ്ക് റീമേക്ക് ഇതിനകം ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ദൃശ്യം തെലുങ്ക് റീമേക്ക് നടി ശ്രീപ്രിയയാണ് സംവിധാനം ചെയ്തതെങ്കില്‍ ദൃശ്യം 2 തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് തന്നെയാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും. ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് റൈറ്റ്സും വിറ്റുപോയിട്ടുണ്ട്. 

click me!