മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തില്‍ ടെലിവിഷന്‍ പ്രീമിയര്‍; 'ദൃശ്യം 2' ഏഷ്യാനെറ്റില്‍

By Web TeamFirst Published May 20, 2021, 5:19 PM IST
Highlights

ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ മലയാളം സിനിമകളില്‍ എക്കാലത്തെയും ട്രെന്‍ഡ് സെറ്റര്‍ ആണ് ദൃശ്യം 2

ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തി തരംഗം തീര്‍ത്ത ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 2'ന്‍റെ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ നാളെയാണ് (21) പ്രീമിയര്‍. രാത്രി ഏഴ് മണിക്കാണ് പ്രദര്‍ശനം.

ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ മലയാളം സിനിമകളില്‍ എക്കാലത്തെയും ട്രെന്‍ഡ് സെറ്റര്‍ ആണ് ദൃശ്യം 2. പല ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട 'ദൃശ്യ'ത്തിന്‍റെ രണ്ടാംഭാഗം പ്രഖ്യാപനസമയം മുതലേ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കൊച്ചിയിലും തൊടുപുഴയിലും നിന്നുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ അടക്കം വൈറല്‍ ആയിരുന്നു. എന്നാല്‍ ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് എത്തുന്നതെന്ന പ്രഖ്യാപനം സിനിമാ മേഖലയ്ക്കും പ്രേക്ഷകര്‍ക്കും സര്‍പ്രൈസ് ആയിരുന്നു. പുതുവര്‍ഷ രാത്രിയിലാണ് ചിത്രത്തിന്‍റെ ടീസറിനൊപ്പം ഡയറക്റ്റ് ഒടിടി റിലീസും പ്രഖ്യാപിക്കപ്പെട്ടത്.

ഫെബ്രുവരി 19നാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. ആമസോണ്‍ പ്രൈം എന്ന മുന്‍നിര പ്ലാറ്റ്ഫോമിലൂടെയായിരുന്നു റിലീസ് എന്നതിനാല്‍ മലയാളികള്‍ അല്ലാത്ത 'ദൃശ്യം' ആരാധകരിലേക്കും രണ്ടാംഭാഗം കടന്നുചെന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടതും ഈ ചിത്രമായിരുന്നു. പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാബേസ് ആയ ഐഎംഡിബിയുടെ മോസ്റ്റ് പോപ്പുലര്‍ ലിസ്റ്റിലും ചിത്രം ഇടംപിടിച്ചിരുന്നു. 

 

2013ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗമായി എത്തിയ ചിത്രം കൊവിഡ് കാലത്താണ് പ്രഖ്യാപിക്കപ്പെട്ടത്. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരുന്നു ചിത്രീകരണം. ആദ്യഭാഗത്തിലെ മിക്ക അഭിനേതാക്കളും എത്തിയ രണ്ടാംഭാഗത്തില്‍ ആദ്യഭാഗത്തില്‍ ഇല്ലാതിരുന്ന ചില താരങ്ങളും എത്തുന്നുണ്ട്. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്‍കുമാര്‍ എന്നിവരാണ് അവരില്‍ പ്രധാനികള്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും ജീത്തു ജോസഫ്. അതേസമയം ദൃശ്യം 2ന്‍റെ തെലുങ്ക് റീമേക്ക് ഇതിനകം ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ദൃശ്യം തെലുങ്ക് റീമേക്ക് നടി ശ്രീപ്രിയയാണ് സംവിധാനം ചെയ്തതെങ്കില്‍ ദൃശ്യം 2 തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് തന്നെയാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും. ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് റൈറ്റ്സും വിറ്റുപോയിട്ടുണ്ട്. 

click me!