
ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തറിങ്ങുന്ന ഏറ്റവും പുതിയ ചിത്രം 'ദൃശ്യം 3' തൊടുപുഴയിൽ ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ രണ്ട് ഭാഗത്തിന്റെ മികച്ച വിജയത്തിന് ശേഷം ജീത്തു ജോസഫ് ചിത്രത്തിൽ ജോർജ്കുട്ടിയായി വീണ്ടും മോഹൻലാൽ എത്തുമ്പോൾ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും ആരാധകരും കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ സിനിമയിൽ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.
ജോർജ്കുട്ടിയും കുടുംബവും വീട്ടിലെ ഡൈനിങ് ടേബിളിലിരുന്നുകൊണ്ട് ഭക്ഷണം കഴിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിലെയും ചിത്രങ്ങളുടെ കൂടെയാണ് പുതിയത് പങ്കുവെച്ചിരിക്കുന്നത്. 'ദൃശ്യം ടേബിൾ ട്രിലജി' എന്നാണ് മൂന്ന് ചിത്രങ്ങൾക്കായി ജീത്തു ജോസഫ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. സിനിമയിൽ ഏറ്റവും മർമ്മ പ്രധാനമായ പല തീരുമാനങ്ങളും ജോർജ്കുട്ടിയും കുടുംബവും എടുക്കുന്നത് ഈ ടേബിളിൽ ഇരുന്നാണ് എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ മൂന്നാം ഭാഗത്തിലും പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിക്കാത്ത ത്രില്ലിങ്ങ് കാര്യങ്ങൾ ചിത്രത്തിലുണ്ടാവുമെന്ന് കരുതാം.
മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ, കലാഭവൻ ഷാജോൺ, ആശാ ശരത്, സിദ്ധിഖ് തുടങ്ങീ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അടുത്ത വർഷം തുടക്കത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ. അതേസമയം ഹൃദയപൂര്‍വ്വമാണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. പത്ത് വര്‍ഷത്തിന് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിച്ച ചിത്രം കഴിഞ്ഞ ദിവസം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. മാളവിക മോഹനന്‍, സംഗീത് പ്രതാപ്, സംഗീത തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.