
ദുൽഖർ സൽമാൻ നായകനായി എത്തിയ ഹിറ്റ് ചിത്രമാണ് 'സീതാ രാമം'. ഓഗസ്റ്റ് 5ന് റിലീസ് ചെയ്ത ഈ ചിത്രം തെന്നിന്ത്യയില്‍ മറ്റൊരു മെഗാഹിറ്റായി മാറി. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് കാഴ്ച വച്ചത്. ദുൽഖൽ സൽമാനെ പാൻ ഇന്ത്യൻ താരമായി ഉയർത്തുന്നതിന് സീതാ രാമം ചെറുതല്ലാത്തൊരു പങ്കുതന്നെ വഹിച്ചിട്ടുണ്ട്. ഇന്നിതാ പ്രേക്ഷകരുടെ കണ്ണിനെ ഈറനണിയിച്ച റാമിന്റെയും സീതയുടെയും കഥ സിനിമാസ്വാദകരുടെ മനസ്സിൽ കുടിയേറിയിട്ട് 50 ദിവസം പിന്നിട്ടിരിക്കുകയാണ്.
ഈ അവസരത്തിൽ ചിത്രത്തിന്റെ ഡിലീറ്റഡ് സീൻസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. റാമിനെയും സീനിയർ ഓഫീസറെയും പാക്കിസ്ഥാൻ തടവിലാക്കിയതിന് പിന്നാലെയുള്ള സീനാണ് പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പേർ കമന്റുകളുമായി രംഗത്തെത്തി. വളരെ നിഷ്കളങ്കനായ കഥാപാത്രമായിരുന്നു റാമിന്റേതെന്നാണ് ഭൂരിഭാഗം പേരും കുറിച്ചിരിക്കുന്നത്.
രശ്മിക മന്ദാനയും മൃണാള്‍ താക്കൂറും നായികമാരായി എത്തിയ ചിത്രം റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പതിനഞ്ച് ദിവസത്തിൽ 65 കോടി ദുൽഖർ ചിത്രം നേടിയിരുന്നു. ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുൽഖർ എത്തിയ ചിത്രം സംവിധാനം ചെയ്തത് ഹനു രാഘവപ്പുഡി ആണ്. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. സീതാ രാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.
അടുത്തിടെ ചിത്രം ഒടിടിയിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രത്തിന്റെ തെലുങ്ക്, മലയാളം, തമിഴ് പതിപ്പുകള്‍ സെപ്‍തംബര്‍ ഒമ്പത് മുതല്‍ സ്‍ട്രീം ചെയ്‍തിരുന്നു. പെൻ സ്റ്റുഡിയോസ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സെപ്റ്റംബര്‍ രണ്ടിന് തിയറ്ററ്‍ റിലീസ് ചെയ്‍തിരുന്നു.