
മലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ(Dulquer Salmaan). സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ വന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമാസ്വാദകരുടെ മനസ്സിൽ ഇടംനേടാൻ താരത്തിന് സാധിച്ചു. അഭിനേതാവെന്നതിന് പുറമെ താനൊരു ഗായകനാണെന്നും ദുൽഖർ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ദുൽഖർ പങ്കുവച്ച ചിത്രങ്ങളും കമന്റുകളും അതിന് നൽകിയ മറുപടിയുമാണ് വൈറലാകുന്നത്.
സ്ലിം ലുക്കിൽ സ്റ്റൈലിഷായിട്ടുള്ള ദുൽഖറെ ഫോട്ടോയിൽ കാണാം. ‘ഫൈൻഡിഫ് യാസ്ഹാൻ’ എന്ന അടിക്കുറിപ്പും ഈ ചിത്രങ്ങൾക്കൊപ്പം ദുൽഖർ നൽകിയിരിക്കുന്നു. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി രംഗത്തെത്തിയത്. ദുൽഖറിന്റെ പ്രായം റിവേഴ്സ് ഗിയറിലാണോ ഓടുന്നതെന്ന് എന്നായിരുന്നു ഒരു കമന്റ്. പിന്നാലെ മറുപടിയുമായി ദുൽഖർ എത്തി. മമ്മൂട്ടിയുമായി ബന്ധപ്പെടുത്തിയായിരുന്നു ദുൽഖറിന്റെ മറുപടി.'സീനിയര്‍ എന്നെക്കടന്നുപോകുന്നതിനുമുമ്പ് അല്‍പ്പം വേഗത കൂട്ടണ്ടേ...' എന്നായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.
ഹേയ് സിനാമിക എന്ന തമിഴ് ചിത്രമാണ് ദുൽഖറിന്റേതായി പുറത്തുവരാനിരിക്കുന്നത്. തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക്, കന്നഡ തുടങ്ങി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. അദിതി റാവുവും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍. കൊറിയോഗ്രാഫര്‍ ബ്രിന്ദ മാസ്റ്ററാണ് സംവിധാനം. ഈ ചിത്രവും മാർച്ച് മൂന്നിന് പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
മലയാളത്തിൽ കുറുപ്പ് എന്ന ചിത്രമാണ് ദുൽഖറിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്‍ത ചിത്രം 'സല്യൂട്ട്'ആണ് റിലീസ് കാത്തു നിൽക്കുന്നത്. കഴിഞ്ഞ മാസം 14ന് ആയിരുന്നു ചിത്രം തിയറ്ററുകളില്‍ എത്തേണ്ടിയിരുന്നത്. എന്നാൽ കൊവിഡ് വർധിച്ച സാഹചര്യത്തിൽ മാറ്റിവയ്ക്കുക ആയിരുന്നു. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി - സഞ്ജയ് കൂട്ടുകെട്ടാണ്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.
ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ഛായാഗ്രഹണം - അസ്‍ലം പുരയിൽ, മേക്കപ്പ് - സജി കൊരട്ടി, വസ്ത്രാലങ്കാരം - സുജിത് സുധാകരൻ, ആർട്ട് - സിറിൽ കുരുവിള, സ്റ്റിൽസ് - രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ധു പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - കെ. സി. രവി, അസോസിയേറ്റ് ഡയറക്ടർ - ദിനേഷ് മേനോൻ, ഫർസ്റ്റ് എ. ഡി. - അമർ ഹാൻസ്പൽ, അസിസ്റ്റന്റ് ഡയറക്ടെഴ്‌സ് - അലക്സ് ആയിരൂർ, ബിനു കെ. നാരായണൻ, സുബീഷ് സുരേന്ദ്രൻ , രഞ്ജിത്ത് മടത്തിൽ. പിആർഒ - മഞ്ജു ഗോപിനാഥ്.