Latest Videos

'ലോറൻസ് ബിഷ്ണോയിയെ അവസാനിപ്പിക്കും', സല്‍മാനെ ഒപ്പം നിര്‍ത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ

By Web TeamFirst Published Apr 17, 2024, 1:39 PM IST
Highlights

കൂടികാഴ്ചയ്ക്ക് ശേഷം ഏകനാഥ് ഷിൻഡെ ഇത്തരം അക്രമങ്ങൾക്കെതിരെ ശക്തമായ പ്രസ്താവന പുറപ്പെടുവിക്കുകയും "ലോറൻസ് ബിഷ്ണോയിയെ അവസാനിപ്പിക്കും" എന്ന് ശപഥം എടുക്കുന്നുവെന്നും പ്രസ്താവിച്ചു. 
 

മുംബൈ:ബോളിവുഡ് നടൻ സൽമാൻ ഖാന്‍റെ ബാന്ദ്രയിലെ വസതിക്ക് നേരെ വെടിവയ്പ്പ് ഉണ്ടായതിനെ തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ചൊവ്വാഴ്ച  അദ്ദേഹത്തെ സന്ദര്‍ശിച്ച് സുരക്ഷയും സംരക്ഷണവും ഉറപ്പ് നൽകി. കൂടികാഴ്ചയ്ക്ക് ശേഷം ഏകനാഥ് ഷിൻഡെ ഇത്തരം അക്രമങ്ങൾക്കെതിരെ ശക്തമായ പ്രസ്താവന പുറപ്പെടുവിക്കുകയും "ലോറൻസ് ബിഷ്ണോയിയെ അവസാനിപ്പിക്കും" എന്ന് ശപഥം എടുക്കുന്നുവെന്നും പ്രസ്താവിച്ചു. 

“മുംബൈയിൽ ഒരു ഗ്യാംങ് വാറും നടക്കില്ല. അധോലോകത്തിന് മുംബൈയിൽ ഒരു ഇടവും നല്‍കില്ല. ഇത് മഹാരാഷ്ട്രയാണ്, ഇത് മുംബൈയാണ്. ഇത്തരമൊരു കാര്യം ചെയ്യാൻ ആരും ധൈര്യപ്പെടാതിരിക്കാൻ അത് ഏത് ലോറൻസ് ബിഷ്‌ണോയി സംഘമായാലും അവരെ അവസാനിപ്പിക്കും” ഏകനാഥ് ഷിൻഡെ സല്‍മാനൊപ്പം നിന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വസതിക്ക് നേരെ വെടിവയ്പ്പ് ഉണ്ടായതിനാല്‍  സൽമാൻ ഖാൻ്റെയും കുടുംബാംഗങ്ങളുടെയും സുരക്ഷ ശക്തമാക്കാൻ മുംബൈ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൽമാൻ ഖാൻ്റെ പിന്നിൽ മഹാരാഷ്ട്ര സർക്കാർ നിൽക്കുമെന്നും അദ്ദേഹത്തിൻ്റെ സുരക്ഷ സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നും സൽമാൻ ഖാനോട് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഷിൻഡെ പറഞ്ഞു.

അതേ സമയം ഏപ്രിൽ 14 ന് ബാന്ദ്ര വെസ്റ്റിലുള്ള ബോളിവുഡ് താരം സൽമാൻ ഖാൻ്റെ വസതിക്ക് പുറത്ത് വെടിയുതിർത്ത രണ്ടുപേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ ഭുജിൽ നിന്നാണ് വെടിവെപ്പില്‍ പങ്കാളികള്‍ എന്ന് സംശയിക്കുന്ന രണ്ട് പേരെ പിടികൂടിയത്.

വിക്കി ഗുപ്ത (24), സാഗർ പാൽ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മുംബൈയില്‍ എത്തിച്ച് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. 

സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം, ഗുണ്ടാ തലവന്‍ ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വെടിവയ്പ്പിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇത് “ട്രെയിലർ” മാത്രമാണെന്ന് നടന്  അൻമോൽ ബിഷ്‌ണോയി  മുന്നറിയിപ്പ് നൽകി. കേസിലെ പ്രതികളിലൊരാൾ ഗുണ്ടാസംഘം രോഹിത് ഗോദാരയുമായി ബന്ധമുള്ള ഗുരുഗ്രാം സ്വദേശിയാണെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
 

click me!