
മലയാള സിനിമാസ്വാദകർക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിച്ച് എക്കോ തിയറ്ററുകളിൽ മുന്നേറുകയാണ്. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രത്തിലെ ഓരോ അഭിനേതാക്കളെയും സന്ദർഭങ്ങളെയും അഭിനയത്തെയും എല്ലാം പ്രകീർത്തിച്ച് ഓരോ നിമിഷവും ഒട്ടനവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയകളിലും നിറയുന്നത്. ഒപ്പം വൻ മൗത്ത് പബ്ലിസിറ്റിയും എക്കോയ്ക്ക് ലഭിച്ചു കഴിഞ്ഞു. ബോക്സ് ഓഫീസിലും മികച്ച പ്രതികരണവുമായി മുന്നേറുന്ന സിനിമ രാജ്യം വിടാൻ ഒരുങ്ങുന്നുവെന്ന വിവരം ഇപ്പോൾ പുറത്തുവരികയാണ്.
എക്കോ ജർമനിയിൽ റിലീസ് ചെയ്യാൻ പോവുകയാണ്. ദിൻജിത്ത് അയ്യത്താൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നവംബർ 28 അതായത് നാളെ എക്കോ ജർമനിയിൽ റിലീസ് ചെയ്യും. ബെർളിൻ അടക്കമുള്ള പ്രദേശങ്ങളിലെ തിയറ്ററുകളിൽ ചിത്രം കാണാനാകും. മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത ചിത്രം ജർമനിയിലും വലിയ സ്വീകാര്യത നേടുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.
നവംബർ 21ന് ആയിരുന്നു എക്കോ റിലീസ് ചെയ്തത്. ബാഹുൽ രമേശ് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ യുവതാരം സന്ദീപ് പ്രദീപ് ആണ് നായകനായി എത്തിയത്. തന്റെ കരിയറിലെ ദി ബെസ്റ്റ് പെർഫോമൻസ് തന്നെയാണ് താരം കാഴ്ചവച്ചിരിക്കുന്നതും. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാമിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം.
കഥാവഴിയിൽ മൃഗങ്ങൾക്കും നിർണ്ണായകമായ സ്ഥാനം നല്കിയൊരുക്കിയ കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം വരുന്ന ഈ ചിത്രത്തിലും മൃഗങ്ങൾക്ക് പ്രാധാന്യമുണ്ട്. മൂന്നു ഭാഗങ്ങൾ ഉള്ള ഈ അനിമൽ ട്രിയോളജിയിലെ അവസാന ഭാഗം എന്നും "എക്കോ" യെ വിശേഷിപ്പിക്കാം. പരസ്പരം ബന്ധമില്ലാത്ത മൂന്ന് വ്യത്യസ്ത കഥകളാണ് ഈ ട്രിയോളജിയിൽ ഉള്ളതെങ്കിലും, കഥാഗതിയിൽ മൃഗങ്ങൾ പുലർത്തുന്ന നിർണ്ണായക സ്വാധീനം കൊണ്ട് തന്നെ ഈ കഥകളുടെ ആത്മാവുകൾ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. മൃഗസാന്നിധ്യമുള്ള കഥാലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും ധാർമിക സംഘർഷങ്ങളുമാണ് ഈ മൂന്നു കഥകളിലും പൊതുവായി വിഷയമായിരിക്കുന്നത്.