
മലയാളികളുടെ പ്രിയ താരമാണ് മമ്മൂട്ടി. അൻപത്തി ഒന്ന് വർഷത്തെ അഭിനയ ജീവിതത്തിൽ മമ്മൂട്ടി എന്ന മഹാനടൻ കെട്ടിയാടാത്ത വേഷങ്ങൾ ഇല്ലെന്ന് തന്നെ പറയാം. പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന മലയാളികളുടെ പ്രിയ 'മമ്മൂക്ക'യുടെ പിറന്നാളാണ് ഇന്ന്. ഒരാഴ്ച മുൻപ് തന്നെ താരത്തിന്റെ പിറന്നാൾ ആഘോഷങ്ങൾ ആരാധകർ തുടങ്ങിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ വീടിന് മുന്നിൽ ആശംസകൾ അറിയിക്കാൻ തടിച്ചു കൂടിയ ആരാധകരുടെ വീഡിയോയാണ് വൈറലാകുന്നത്.
വിവിധ മേഖലകളിലെ മമ്മൂട്ടി ഫാൻസ് അംഗങ്ങളാണ് താരത്തിന്റെ വീടിന് മുന്നിൽ അർദ്ധരാത്രി അണിനിരന്നത്. കേക്ക് മുറിച്ചും ആശംസകൾ അറിയിച്ചും ആരാധകർ പ്രിയതാരത്തിന്റെ പിറന്നാൾ ആഘോഷമാക്കി. നീണ്ട കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടി ആരാധകരെ അഭിവാദ്യം ചെയ്യുകയും ചെയ്തു.
അതേസമയം, കഴിഞ്ഞ ദിവസം നടൻ രമേഷ് പിഷാരടി പങ്കുവച്ച മമ്മൂട്ടിയുടെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൗമാരക്കാരനായ ഒരു ആരാധകന്‍ മമ്മൂട്ടിയെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ട് സൈക്കിളില്‍ പായുന്നതിന്‍റെ വീഡിയോയാണിത്. കാര്‍ അടുത്തെത്തുമ്പോള്‍ വലിയ ആവേശത്തോടെ ഇക്കാ, ടാറ്റാ എന്ന് പറയുകയാണ് കുട്ടി ആരാധകന്‍. വിന്‍ഡോ ഗ്ലാസ് താഴ്ത്തിയിട്ടിരിക്കുന്ന മമ്മൂട്ടി ഇത് കേള്‍ക്കുകയും കുട്ടിയെ കൈ വാശി കാണിക്കുന്നുമുണ്ട്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്‍റെ റോഷാക്ക്, ബി ഉണ്ണികൃഷ്ണന്‍റെ ക്രിസ്റ്റഫര്‍ തുടങ്ങി നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്നത്. എംടിയുടെ കഥകളെ ആസ്പദമാക്കി ഒരുക്കുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രത്തിലും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്. ശ്രീലങ്കയിൽ വച്ച് നടന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ ആണ് അവസാനിച്ചത്.
മലയാളത്തിന്റെ വല്ല്യേട്ടന് ഇന്ന് 71ാം പിറന്നാൾ; ആശംസകള്‍ നേര്‍ന്ന് കേരളക്കര