സംവിധായകന്‍ നജീം കോയയുടെ മുറിയിലെ എക്സൈസ് പരിശോധന; ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് ഫെഫ്‍ക

Published : Jun 08, 2023, 11:12 AM ISTUpdated : Jun 08, 2023, 11:38 AM IST
സംവിധായകന്‍ നജീം കോയയുടെ മുറിയിലെ എക്സൈസ് പരിശോധന; ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് ഫെഫ്‍ക

Synopsis

"ഉദ്യോഗസ്ഥർ ജോലി ചെയ്തോളൂ. പക്ഷെ ഒരാളെയും അപമാനിക്കരുത്"

ചലച്ചിത്ര സംവിധായകന്‍ നജീം കോയ താമസിച്ച ഈരാറ്റുപേട്ടയിലെ ഹോട്ടല്‍മുറിയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. നിയമപരമായ പരിശോധനകള്‍ക്ക് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ എക്സൈസ് ഉദ്യേഗസ്ഥരുടെ നടപടി സംശയകരമാണെന്നും ഫെഫ്‍ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ലഹരിമരുന്ന് ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് സംവിധായകന്‍ നജീം കോയയുടെ ഈരാറ്റുപേട്ടയിലെ ഹോട്ടല്‍ മുറിയില്‍ എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ റെയ്ഡ് നടന്നത്. ഒരു വെബ് സിരീസിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് എത്തിയ നജീമിന്‍റെയും സംഘത്തിന്‍റെയും മുറിയിലേക്കാണ് എക്സൈസ് ഉദ്യേഗസ്ഥര്‍ എത്തിയത്. "ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കം 15 നും 20 നും ഇടയ്ക്ക് ആളുകളാണ് ഉണ്ടായിരുന്നത്. നജീമിനെയും മറ്റുള്ളവരെയും പുറത്തിറക്കി വരിവരിയായി നിര്‍ത്തിയതിനു ശേഷം ഉദ്യോഗസ്ഥര്‍ അകത്ത് കയറി മുറി പൂട്ടുകയായിരുന്നു. കയറിയപാടെ നജീമിനോട് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത് സാധനം എടുക്കെടാ എന്നാണ്. 2 മണിക്കൂര്‍ നീണ്ട ഒരു റെയ്ഡ് ആണ് അദ്ദേഹത്തിന്‍റെ മുറിയില്‍ പിന്നീട് നടന്നത്. അതിനിടെ, കിട്ടിയിട്ടില്ല എന്ന് ഏതോ ഉദ്യോഗസ്ഥനോട് ഇവര്‍ പറയുന്നുണ്ടായിരുന്നു. ഇടയ്ക്ക് നജീമിനോട് ഒരു ഉദ്യോഗസ്ഥന്‍ ചോദിച്ചു, നീ വലിയ ആത്മവിശ്വാസത്തിലാണല്ലോ. ഇവിടെയില്ല എന്ന് ഉറപ്പാണോ എന്ന്. അതിനിടെ നജീമിന്‍റെ ഉപയോഗത്തിന് പ്രൊഡക്ഷനില്‍ നിന്ന് കൊടുത്ത കാറും ഇവര്‍ പരിശോധിച്ചു", ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

സിനിമാ മേഖലയില്‍ വന്‍ തോതില്‍ ലഹരി ഉപയോഗമെന്ന ആരോപണത്തെ തുടര്‍ന്ന് സിനിമാ സെറ്റുകളില്‍ ഷാഡോ പൊലീസിനെ വിന്യസിക്കുമെന്ന കൊച്ചി പൊലീസ് കമ്മിഷണറുടെ പ്രസ്‍താവനയിലും ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. "ഷാഡോ പൊലീസിനെ വച്ചാൽ ക്രൂവിന് തിരിച്ചറിയാൻ സാധിക്കും. സിനിമാ മേഖലയെ മുഴുവൻസമയ നിരീക്ഷണത്തില്‍ നിർത്തുന്നത് എതിർക്കും. ഷാഡോ പൊലീസ് സിനിമാ സെറ്റിൽ വേണ്ട. ലഹരി ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് ഉള്ളവർ എല്ലാം പുറത്തു വിടണം", ബി ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു. സംവിധായകന്‍ നജീം കോയയും ബി ഉണ്ണികൃഷ്ണനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ALSO READ : 'ഞങ്ങള്‍ക്ക് ഇവിടെ തുടരാന്‍ താല്‍പര്യമില്ല'; റിനോഷിനെയും മിഥുനെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ച് 'ബോസ്'

 ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

'വർണ്ണനാതീതമായ അവിസ്മരണീയാനുഭൂതി സമ്മാനിച്ച ചിത്രം'; 'ഖജുരാഹോ ഡ്രീംസി'നെ കുറിച്ച് എം പത്മകുമാർ
റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ