
ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മലയാള ചലച്ചിത്ര മേഖലയിലെ പിആര്‍ഒമാരുടെ കൂട്ടായ്മയായ ഫെഫ്ക പി.ആർ.ഒ യൂണിയൻ നടത്തിയ ഹ്രസ്വചിത്ര മത്സരത്തിൻ്റെ വിജയികളെ പ്രഖ്യാപിച്ചു. ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന, പരമാവധി 2 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണ് മത്സരത്തിന് പരിഗണിച്ചത്.
പരിഗണനയ്ക്ക് വന്ന നിരവധി ചിത്രങ്ങളിൽനിന്നും ഡോ. പ്രകാശ് പ്രഭാകർ സംവിധാനം ചെയ്ത പാഠം ഒന്ന്, ആദർശ്. എസ് സംവിധാനം ചെയ്ത ടൂ ഷേഡ്സ് ഓഫ് ലൈഫ്, അഭി കൃഷ്ണ സംവിധാനം ചെയ്ത സ്റ്റേ ഹൈ ഓൺ ലൈഫ് എന്നീ ചിത്രങ്ങളാണ് ഒന്ന്, രണ്ട്, മൂന്ന് എന്ന ക്രമത്തിൽ വിജയികളായി തിരഞ്ഞെടുത്തിരിക്കുന്നത്. യൂണിയൻ ജഡ്ജിംഗ് കമ്മിറ്റി തെരഞ്ഞെടുത്ത വിജയികൾക്ക് പ്രശസ്തി പത്രവും മറ്റ് സമ്മാനങ്ങളും നൽകുമെന്ന് പി. ആർ.ഒ യൂണിയൻ പ്രസിഡൻ്റ് അജയ് തുണ്ടത്തിൽ, സെക്രട്ടറി എബ്രഹാം ലിങ്കൺ എന്നിവർ അറിയിച്ചു.