
തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കും സ്ത്രീകൾക്കും സിനിമ എടുക്കാൻ വെറുതെ പണം നൽകരുതെന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്‍റെ പരാമർശം വിവാദത്തിൽ. പുറത്തുവന്നത് ഫ്യൂഡൽ ചിന്താഗതിയെന്ന് സംവിധായകൻ ഡോ. ബിജു പറഞ്ഞു. അടൂരിനെ പോലുള്ളവർ കൂടുതൽ സാമൂഹ്യ ബോധ്യത്തോടെ പെരുമാറണം. പട്ടിക വിഭാഗക്കാർക്കും വനിതകൾക്കും മാത്രം പരിശീലനം എന്തിനാണ്? ഇവർ കഴിവില്ലാത്തവരാണ് എന്ന ബോധ്യത്തിൽ നിന്നാണ് അടൂരിന്റെ വാക്കുകൾ. മറ്റാർക്കും ഇല്ലാത്ത ഓഡിറ്റിങ് ഈ വിഭാഗങ്ങൾക്ക് മാത്രം എന്തിനാണ്? അവകാശപ്പെട്ട സഹായമാണ് സർക്കാർ നൽകുന്നത്. അത് ദയാവായ്പ് ആണെന്ന മാനസികനില മാറണമെന്നും ഡോ. ബിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഫിലിം കോൺക്ലേവ് സമാപന ചടങ്ങിൽ അടൂർ നടത്തിയ പരാമർശമാണ് വിവാദമായത്. പട്ടികജാതി വിഭാഗത്തിനും സ്ത്രീകള്‍ക്കുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. ചലച്ചിത്ര കോര്‍പ്പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. .
കെ ആർ നാരായണ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നത് വൃത്തികെട്ട സമരമാണെന്നും അടൂർ ഗോപാലകൃഷ്ണൻ വിമർശിച്ചു. അച്ചടക്കം കൊണ്ടുവരാൻ ശ്രമിച്ചതിനാണ് സമരം നടന്നത്. ഇന്ത്യയിലെ ഒന്നാം നമ്പർ സ്ഥാപനമായി മാറുന്നതിനിടെയായിരുന്നു സമരം. തങ്ങൾ ചുമതലയേൽക്കുന്നത് ഇൻസ്റ്റിറ്റ്യൂട്ട് നശിച്ചുകിടന്ന സമയത്താണ്. ആ സ്ഥാപനത്തെ ഇപ്പോൾ ഒന്നും അല്ലാതാക്കി. ടെലിവിഷൻ മേഖല നശിച്ച അവസ്ഥയിലാണ്. കൊള്ളാവുന്ന ഒരു പരിപാടി പോലുമില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ കുറ്റപ്പെടുത്തി. ചാലയിലെ തൊഴിലാളികളെയും ഐഎഫ്എഫ്കെയ്ക്ക് എത്തുന്നവരെയും അടൂര്‍ പ്രസംഗത്തില്‍ അധിക്ഷേപിച്ചു. സെക്സ് സീന്‍ കാണാന്‍ വേണ്ടി മാത്പം തീയേറ്ററിലേക്ക് ഇടച്ചു കയറിയുന്നു എന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം.
അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസംഗത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് വേദിയിലും സദസിലും നിന്ന് ഉയര്‍ന്നത്. സംവിധായകന്‍ ഡോക്ടര്‍ ബിജുവിനെ ചൂണ്ടിക്കാണിച്ച് സദസിലുള്ളവര്‍ മറുപടി നല്‍കി. ഗായിക പുഷ്പലത അടൂരിനെ പ്രസംഗത്തിനിടെ പരാമര്‍ശത്തെ ചോദ്യം ചെയ്തു. സിനിമയെടുത്താണ് പഠിക്കുന്നതെന്നാണ് പുഷ്പലത പറഞ്ഞത്. പിന്നാലെ പ്രസംഗിക്കാന്‍ വന്ന ശ്രീകുമാരന്‍ തമ്പിയും അടൂരിന് മറുപടി നല്‍കി. താന്‍ സിനിമ പഠിച്ചത് സിനിമയെടുത്താണെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
പട്ടികജാതിക്കാര്‍ സര്‍ക്കാരിന്റെ ധനസഹായത്തോടെ നിര്‍മിച്ചത് മികച്ച സിനിമകളാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണന്‍ അധിക്ഷേപം ചൊരിഞ്ഞ അതേ വേദിയിലായിരുന്നു മന്ത്രിയുടെ മറുപടി. കഴിവും കഥയും പരിശോധിച്ചാണ് സിനിമ നിര്‍മിക്കാന്‍ പണം അനുവദിച്ചത്. ഒന്നരക്കോടി കൊണ്ടൊന്നും ഇപ്പോള്‍ സിനിമ നിര്‍മ്മിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. പിന്നാക്കക്കാര്‍, പട്ടികജാതിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്സ് എന്നിവര്‍ക്ക് സിനിമയുടെ മുന്‍നിരയിലേക്ക് വരാനുള്ള സഹായം സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.