
നടൻ മോഹൻലാലും(mohanlal) സംവിധായകൻ വിനയനും(vinayan) ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേമികൾ. താനുമായി സിനിമ ചെയ്യാന്‍ മോഹന്‍ലാല്‍ സമ്മതിച്ചിട്ടുണ്ടെന്നും അതൊരു വലിയ സിനിമയായിരിക്കുമെന്നും വിനയന്‍ നേരത്തേ പറഞ്ഞിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മറ്റുവിവരങ്ങളൊന്നും തന്നെ വിനയൻ അറിയിച്ചിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ഒരു ആരാധകന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞിരിക്കുകയാണ് സംവിധായകൻ.
മോഹൻലാലുമായുള്ള ചിത്രം എന്ന് തുടങ്ങുമെന്നായിരുന്നു ആരാധകന്റെ ചോദ്യം. ‘കഥ ഒത്തു വന്നിട്ടില്ല.. വലിയൊരു സിനിമ ചെയ്യണമെന്നാണ് ആഗ്രഹം.. കഥ റെഡിയായാല്‍ ഉടന്‍ കാണും’ എന്നായിരുന്നു വിനയന്‍റെ മറുപടി. തന്റെ പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ക്യാരക്ടർ പോസ്റ്റർ അദ്ദേഹം കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഇതിന് താഴെ ആയിരുന്നു ആരാധകരന്റെ ചോദ്യം.
Read Also: മോഹന്‍ലാലിനൊപ്പം മാസ് എന്റർടെയ്നർ; ചിത്രം ആലോചനയിലാണെന്ന് വിനയന്‍
ലാലുമൊത്ത് ഒരു ചെറിയ പടം എടുക്കാന്‍ എനിക്ക് താല്‍പര്യമില്ല. അതിനാല്‍ ഒരു മാസ് എന്‍റര്‍ടെയ്‍നര്‍ തന്നെ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ബറോസിനു ശേഷം സിനിമ ചെയ്യാമെന്നാണ് ലാല്‍ പറഞ്ഞിരിക്കുന്നതെന്നും വിനയൻ നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, പത്തൊമ്പതാം നൂറ്റാണ്ടിന്റെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു. സിജു വിത്സനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നിവയാണ് മോഹന്‍ലാലിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍. ഡിസംബർ രണ്ടിനാണ് മരക്കാരിന്റെ തിയറ്റർ റിലീസ്.