ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സൗജന്യ വാക്സിനേഷന്‍; മാതൃക സൃഷ്‍ടിക്കാന്‍ നിര്‍മ്മാതാക്കള്‍

By Web TeamFirst Published Jun 5, 2021, 5:24 PM IST
Highlights

 ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ബര്‍മുഡ, കമല്‍ കെ എം സംവിധാനം ചെയ്യുന്ന പട എന്നീ ചിത്രങ്ങളുടെ പ്രവര്‍ത്തകര്‍ക്കാണ് സൗജന്യ വാക്സിനേഷന്‍ നല്‍കുക

നിര്‍മ്മാണം പാതിവഴിയിലെത്തിയ തങ്ങളുടെ സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സൗജന്യ വാക്സിനേഷന്‍ പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍. നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍ എം ബാദുഷയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ബര്‍മുഡ, കമല്‍ കെ എം സംവിധാനം ചെയ്യുന്ന പട എന്നീ ചിത്രങ്ങളിലെ പ്രവര്‍ത്തകര്‍ക്കാണ് സൗജന്യ വാക്സിനേഷന്‍ നല്‍കുകയെന്ന് ബാദുഷ അറിയിച്ചു.

എന്‍ എം ബാദുഷയുടെ ഫേസ്ബുക്ക് കുറിപ്പ്

സുപ്രധാന വിവരം അറിയിക്കാനാണ് ഈ കുറിപ്പ്. ഈ കാലവും കടന്നുപോയി എല്ലാ മേഖലകളും സജീവമാകുന്ന സമയത്തിലേക്ക് ഇനി അധികദൂരമില്ല. ഒപ്പം സിനിമാ മേഖലയും സജീവമാകും. ഒരു പ്രൊഡക്ഷൻ കൺട്രോളർ എന്ന നിലയിൽ എന്‍റെ സെറ്റിൽ ജോലി ചെയ്യുന്ന എല്ലാവരുടെയും ആരോഗ്യവും ജീവനും കാത്തു സൂക്ഷിക്കുന്നതിൽ ഞാൻ ബദ്ധശ്രദ്ധനാണ്. എല്ലാവരും വാക്സിനേഷന്‍ എടുത്താൽ ആരോഗ്യകാര്യത്തെക്കുറിച്ച് ഭയമില്ലാതെ സെറ്റിൽ പ്രവർത്തിക്കാനാകും. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും വാക്സിനേഷൻ നടത്തിയാൽ സിനിമ സുഗമമായി പ്രവർത്തിക്കാനുള്ള അനുമതിക്ക് സർക്കാരിന് മുൻഗണന  നൽകാനുമാകും.

ഞാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 2 ചിത്രങ്ങളാണ് ഈ കൊവിഡ് കാലയളവിൽ പാതിവഴിയിൽ നിലച്ചത്. ഞാൻ കൂടി നിർമാണ പങ്കാളിയായിട്ടുള്ള, 24 ഫ്രെയിംസിന്‍റെ ബാനറിൽ നിർമിച്ച് ശ്രീ ടി കെ രാജീവ് കുമാർ സംവിധാനം നിർവഹിക്കുന്ന ബർമുഡയും ഇ 4 എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറിൽ നിർമിച്ച് കമൽ കെ എം സംവിധാനം നിർവഹിക്കുന്ന, ഞാൻ പ്രൊഡക്ഷൻ കൺട്രോളറാകുന്ന പട എന്ന സിനിമയും. ഈ രണ്ടു ചിത്രങ്ങളുടെയും തുടർ ചിത്രീകരണത്തിൽ പങ്കെടുക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുഴുവൻ തൊഴിലാളികൾക്കും ഞാനും നിർമാതാക്കളും ചേർന്ന്  സൗജന്യമായി വാക്സിനേഷൻ നൽകും. ഇനിയങ്ങോട്ട് ഞാൻ പ്രവർത്തിക്കുന്ന എല്ലാ സിനിമകളിലും ഈ രീതി അവലംബിക്കും. സിനിമയിലെ എല്ലാ സംഘടനകളും തങ്ങളുടെ അംഗങ്ങൾക്ക് സൗജന്യ വാക്സിനേഷന് സൗകര്യമൊരുക്കേണ്ടതാണ്, എന്ന് നിങ്ങളുടെ ബാദുഷ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!