
മണിയന്‍പിള്ള രാജു എന്ന നിര്‍മ്മാതാവിന്റെ സവിശേഷതകള്‍ വിശദീകരിച്ച് 'ഫൈനല്‍സ്' സിനിമയുടെ സംവിധായകന്‍ അരുണ്‍ പി ആര്‍. രജിഷ വിജയന്‍ പ്രധാന കഥാപാത്രമായെത്തിയ സ്‌പോര്‍ട്‌സ് ഡ്രാമാ ചിത്രം നിര്‍മ്മിച്ചത് മണിയന്‍പിള്ള രാജുവും പ്രജീവ് സത്യവര്‍ത്തനും ചേര്‍ന്നായിരുന്നു. മണിയന്‍പിള്ള രാജു നിര്‍മ്മിക്കുന്ന സിനിമയുടെ സെറ്റില്‍ നല്ല ഭക്ഷണം കിട്ടുമെന്ന് മാത്രമാണ് പൊതുവെ സിനിമാലോകത്ത് കേള്‍ക്കാറുള്ളതെന്നും ഒരു സംവിധായകന്‍ എന്ന നിലയില്‍ തനിക്ക് മറ്റുചിലത് കൂടി പറയാനുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അരുണ്‍ പറയുന്നു.
അരുണ്‍ പി ആറിന്റെ ഫേസ്ബുക്ക് കുറിപ്പ്
മണിയന്‍പിള്ള രാജു എന്ന പ്രൊഡ്യൂസറിനെ കുറിച്ച് ചിലത് തുറന്ന് പറഞ്ഞേ പറ്റൂ...
എല്ലാവരും ആഘോഷത്തോടെ പറയുന്ന കാര്യം ഉണ്ട്. മണിയന്‍പിള്ള രാജു എന്ന പ്രൊഡ്യൂസര്‍ ഭക്ഷണത്തിന്റെ ആളാണ്. സെറ്റില്‍ ഏറ്റവും നല്ല ഫുഡ് കൊടുക്കുന്ന ആളാണ്. സംഭവം സത്യമാണ്. ബൂസ്റ്റും നാരങ്ങാ വെള്ളവും പിന്നെ ആടും മാടും എന്ന് വേണ്ട , നാട്ടില്‍ ഉള്ള എല്ലാത്തരം ആഹാരവും, ഏറ്റവും ഗംഭീരമായി തന്നെ രാജുച്ചേട്ടന്റെ സെറ്റില്‍ ഉണ്ടാവും. എല്ലാവര്‍ക്കും... ഒരു ക്യാമറാമാന്‍ ലെന്‍സ് മാറ്റുന്ന ജാഗ്രതയോടെ രാജു ചേട്ടന്‍ ഇതിനെല്ലാം മേല്‍നോട്ടം നല്‍കുകയും ചെയ്യും.. എപ്പോഴും രാജു ചേട്ടന്റെ ഈ പ്രത്യേകത എല്ലാവരും ആഘോഷിക്കാറും ഉണ്ട്. പക്ഷെ എനിക്ക് ഇത് കേള്‍ക്കുമ്പോള്‍ ദേഷ്യം ആണ് തോന്നാറ് . കാരണം എനിക്ക് വേറെ ചിലത് പറയാനുണ്ട്..
സെന്‍സര്‍ കഴിഞ്ഞ് ഞാന്‍ തിരുവനന്തപുരത്ത് നിന്നും മടങ്ങുകയാണ്. ഫോണില്‍ ഒരു മെസ്സേജ്. അധികം കണ്ടു പരിചയം ഇല്ലാത്ത തലക്കെട്ടില്‍ നിന്നാണ് മെസ്സേജ് വന്ന് കിടക്കുന്നത്.ബാങ്കില്‍ നിന്ന് . വണ്ടി വശത്തേക്ക് ഒതുക്കി നോക്കി. എന്റെ പ്രതിഫലം മുഴുവനായി ക്രെഡിറ്റ് ആയിരിക്കുന്നു. മണിയന്‍പിള്ള രാജു എന്ന പ്രൊഡ്യുസര്‍ മുഴുവന്‍ പ്രതിഫലവും ഇട്ടിരിക്കുകയാണ്. എന്നെയും എന്റെ പല സുഹൃത്തുക്കളെയും സംബന്ധിച്ച് ഇത് കേട്ട് കേള്‍വി ഇല്ലാത്തതാണ്. ആദ്യ സിനിമ എന്നാല്‍ , പ്രൊഡ്യൂസര്‍ പറയുന്ന പ്രതിഫലം തലയാട്ടി കേള്‍ക്കുകയും, അവസാനം എന്തെങ്കിലും കിട്ടിയാല്‍ ഭാഗ്യം എന്നതും ആണ് നാട്ടു നടപ്പ് എന്ന് കരുതാന്‍ കാരണം, ഞങ്ങളില്‍ പലരുടെയും അനുഭവം തന്നെയായിരുന്നു. പ്രതിഫലം കിട്ടാതെ ആദ്യ സിനിമയുടെ അധ്വാനം തളര്‍ത്തിയ ഒരുപാട് പേരെ കണ്ടിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷന്‍ തീര്‍ന്നപ്പോള്‍ തന്നെ, സിനിമയില്‍ ജോലി ചെയ്ത എല്ലാവര്‍ക്കും , പറഞ്ഞ പ്രതിഫലം കൊടുത്ത് തീര്‍ത്തു കഴിഞ്ഞു, ഈ പ്രൊഡ്യൂസര്‍.
ഓര്‍മ്മകളുടെ മനുഷ്യനാണ് രാജു ചേട്ടന്‍. താന്‍ സിനിമ പഠിക്കാന്‍ പോയപ്പോള്‍, എല്ലാ ദിവസവും ഇഷ്ടമില്ലാതെ ഗോതമ്പ് ദോശ കഴിച്ച കുടുംബത്തെ പറ്റി , ഇപ്പോഴും ഓര്‍ക്കും.. പറയും.. പഴയ കാലത്തെ സകല കഥകളും, അത് തമാശകള്‍ മാത്രമല്ല, ബുദ്ധിമുട്ടിയതും, അതിനിടയില്‍ സഹായിച്ചവരെയും ഓര്‍ക്കും. ചിലപ്പോള്‍ മെറിറ്റിനേക്കാള്‍ കൂടുതല്‍ അത്തരം ഓര്‍മ്മകള്‍ തീരുമാനത്തെ ബാധിക്കാറുണ്ട്. ഞാന്‍ അപ്പോള്‍ വഴക്കിടും. പക്ഷെ അപ്പോള്‍ ഓര്‍ക്കും. രണ്ടു സിനിമ കഴിയുമ്പോള്‍ തന്നെ ചുറ്റും ഉണ്ടായിരുന്നവരെ മറക്കുന്ന ആളുകളുള്ള ഒരു കാലത്താണ് ഈ മനുഷ്യന്‍ ഇതെല്ലം ഓര്‍ക്കുന്നത്. അത് കൊണ്ട് സന്തോഷത്തോടെ ആ തീരുമാനത്തിന് കൂടെ നിന്നിട്ടുണ്ട്.
കൃത്യമായ പ്ലാനിങ് രാജു ചേട്ടന്‍ എന്ന പ്രൊഡ്യൂസറിന് ഉണ്ട്. ഷൂട്ടിംഗ് സമയത്ത്, മുറിയുടെ വാതിലില്‍ ഓരോ ദിവസത്തെ ചാര്‍ട്ടും ഉണ്ട്. എല്ലാ ദിവസവും രാത്രി അത് വെട്ടിയാലേ രാജു ചേട്ടന് സമാധാനം ഉളളൂ. എനിക്കും.
ഇത്രയും അര്‍ത്ഥവത്തായ കാര്യങ്ങള്‍ എന്നെയും സ്വാധീനിച്ചിട്ടുണ്ട്. അത് കൊണ്ട്, ഈ കാര്യങ്ങള്‍ പറയാതെ, രാജു ചേട്ടന്റെ സെറ്റിലെ ഭക്ഷണം എന്ന് കേള്‍ക്കുമ്പോള്‍, എനിക്ക് ചില സമയം സങ്കടം വരും. അതിനുമപ്പുറം ആ സെറ്റില്‍ പലതുമുണ്ട് എന്ന് അറിയാവുന്ന ഒരാള്‍ ആയത് കൊണ്ട്...
ഇന്ന് ഫൈനല്‍സ് എന്ന സിനിമ വിജയത്തിലേക്ക് കടക്കുകയാണ് ...സാമ്പത്തിക ലാഭത്തിലേക്ക് കടന്ന് കഴിഞ്ഞു. ഒരു ലളിത വാചകം മനസ്സിലേക്ക് വരുകയാണ്..
A Happy Producer is a Happy Director .
A Happy Director is a Happy Producer ....
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ