'വെബ് സിരീസില്‍ ഹിന്ദു ദൈവങ്ങളെയും സൈനികരെയും അപമാനിച്ചു'; ഏക്ത കപൂറിനെതിരെ എഫ്ഐആര്‍

By Web TeamFirst Published Jun 6, 2020, 4:20 PM IST
Highlights

സിരീസിലെ ചില രംഗങ്ങള്‍ സൈന്യത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മാര്‍ട്ടിയേഴ്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (എംഡബ്ല്യുഎഫ്) എന്ന സംഘടനയും ബിഗ് ബോസ് മുന്‍ മത്സരാര്‍ഥി വികാസ് പതക്കും നേരത്തെ രംഗത്തെത്തിയിരുന്നു.

ബോളിവുഡ് നിര്‍മ്മാതാവ് ഏക്ത കപൂറിനെതിരെ എഫ്ഐആര്‍. ഏക്ത കപൂര്‍ നിര്‍മ്മിച്ച്, ഒടിടി പ്ലാറ്റ്ഫോം ആയ ആള്‍ട്ട് ബാലാജി സ്ട്രീം ചെയ്യുന്ന ഇറോട്ടിക് സിരീസ് ആയ ട്രിപ്പിള്‍ എക്സ് 2ന്‍റെ ഉള്ളടക്കത്തെച്ചൊല്ലിയുള്ള പരാതികളിലാണ് എഫ്ഐആര്‍. വെബ് സീരിസിൽ ഹിന്ദു ദൈവങ്ങളെയും സൈനികരെയും  ദേശീയ ചിഹ്നത്തെയും അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി ഇൻഡോർ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്‍തിരിക്കുന്നത്.

സിരീസിലെ ചില രംഗങ്ങള്‍ സൈന്യത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മാര്‍ട്ടിയേഴ്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (എംഡബ്ല്യുഎഫ്) എന്ന സംഘടനയും ബിഗ് ബോസ് മുന്‍ മത്സരാര്‍ഥി വികാസ് പതക്കും നേരത്തെ രംഗത്തെത്തിയിരുന്നു. ഒരു സൈനികന്‍റെ ഭാര്യയുടെ പ്രണയരംഗങ്ങളാണ് ഇവര്‍ വിമര്‍ശനവിധേയമാക്കിയത്. സിരീസില്‍ നിന്നും പ്രസ്തുത രംഗങ്ങള്‍ നീക്കി, നിര്‍മ്മാതാവ് ഏക്ത കപൂര്‍ മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം തങ്ങള്‍ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും എംഡബ്ല്യുഎഫ് പ്രതികരിച്ചിരുന്നു. ഗുരുഗ്രാമിലെ പാലം വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ ഈ സംഘടനയും മുംബൈയിലെ ഖര്‍ പൊലീസ് സ്റ്റേഷനില്‍ വികാസ് പതക്കും സമാന വിഷയത്തില്‍ പരാതി നല്‍കിയിരുന്നു.

വികാസ് പതക് ഇന്‍സ്റ്റഗ്രാമിലൂടെ ലൈവ് ആയി വിഷയം ഉന്നയിച്ചതിനു പിന്നാലെ സിരീസിനെതിരെ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പെയ്‍നും നടന്നിരുന്നു. ആള്‍ട്ട് ബാലാജി ഇന്‍സള്‍ട്ട്സ് ആര്‍മി എന്ന പേരില്‍ ട്വിറ്ററില്‍ ആയിരുന്നു ക്യാമ്പെയ്ന്‍. 
 

click me!