
സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് 'കാവൽ'. നിഥിന്‍ രണ്‍ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വിഷു ദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് താരം. മലയാള സിനിമ പ്രേക്ഷകർക്കുള്ള വിഷു സമ്മാനമാണ് പോസ്റ്റർ എന്ന് സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ അറിയിച്ചു.
‘ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എൻ്റെ ഒരായിരം വിഷു ആശംസകൾ! ഇതാ നിങ്ങൾക്കായുള്ള ഞങ്ങളുടെ കുഞ്ഞ് വിഷു സമ്മാനം. കാവലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ‘ എന്നാണ് സുരേഷ് ഗോപി പോസ്റ്റർ പങ്കുവച്ചു കൊണ്ട് കുറിച്ചത്.
ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എൻ്റെ ഒരായിരം വിഷു ആശംസകൾ! Here's a small #Vishu gift from us to you - the first...
Posted by Suresh Gopi on Tuesday, 13 April 2021
സുരേഷ് ഗോപിയുടെ കഥാപാത്രം ഒരാളെ ചവിട്ടി നിൽക്കുന്നതാണ് പോസ്റ്ററിൽ ഉള്ളത്. താരത്തിന്റെ കൈയിൽ ഒരു ട്രങ്ക് പെട്ടിയുമുണ്ട്. അദ്ദേഹത്തിന് എതിരായി നിൽക്കുന്ന രണ്ടുപേരിൽ ഒരാളുടെ കൈവശം ഒരു തോക്കും കാണാം. ഒരു സംഘട്ടന രംഗമാണ് പോസ്റ്ററിൽ ഉള്ളത്. സുരേഷ് ഗോപിക്ക് പുറകിലായി എസ്തറിന്റെ സഹോദരൻ ഇവാനെയും കാണാനാകും.
'കസബ'യ്ക്കു ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമ്പാന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ എത്തിയ 'കാവല്‍' ടീസറിന് വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
സുരേഷ് ഗോപിക്കൊപ്പം ലാല്‍ ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്. സയ ഡേവിഡ്, മുത്തുമണി, ഐ എം വിജയന്‍, സുജിത്ത് ശങ്കര്‍, അലന്‍സിയര്‍, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ ആണ്. സംഗീതം രഞ്ജിന്‍ രാജ്. എഡിറ്റിംഗ് മന്‍സൂര്‍ മുത്തൂട്ടി. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‍സ് സനല്‍ വി ദേവന്‍, സ്യമന്തക് പ്രദീപ്. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്.