'എസ്ര'യുടെ തിരക്കഥാകൃത്തിന്‍റെ രചനയില്‍ മലയാളത്തിലെ ആദ്യ സോംബി ചിത്രം; 'ര' വരുന്നു

By Web TeamFirst Published Aug 9, 2020, 11:51 AM IST
Highlights

കിരണ്‍ മോഹന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. തമിഴില്‍ റിലീസിന് തയ്യാറെടുത്തിരിക്കുന്ന 'ബ്രഹ്മപുരി' എന്ന ചിത്രം കിരണിന്‍റേതായുണ്ട്.  തമിഴില്‍ പാര്‍ഥിപന്‍റെ സഹസംവിധായകനായിരുന്നു ഇദ്ദേഹം.

പൃഥ്വിരാജിനെ നായകനാക്കി ജയ് കെ സംവിധാനം ചെയ്ത സൂപ്പര്‍നാച്ചുറല്‍ ഹൊറര്‍ ത്രില്ലര്‍ ചിത്രം 'എസ്ര'യുടെ സഹ തിരക്കഥാകൃത്തായിരുന്ന മനു ഗോപാലിന്‍റെ രചനയില്‍ പുതിയ സിനിമ വരുന്നു. 'ര' എന്നു പേരിട്ടിരിക്കുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ സോംബി ചിത്രമാണെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു. പ്രഖ്യാപനത്തിനൊപ്പം ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇരുണ്ട പശ്ചാത്തലത്തില്‍ ചുവപ്പു പടര്‍ന്ന ഒരു കണ്ണ് മാത്രമാണ് ഫസ്റ്റ് ലുക്കില്‍.

കിരണ്‍ മോഹന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. തമിഴില്‍ റിലീസിന് തയ്യാറെടുത്തിരിക്കുന്ന 'ബ്രഹ്മപുരി' എന്ന ചിത്രം കിരണിന്‍റേതായുണ്ട്.  തമിഴില്‍ പാര്‍ഥിപന്‍റെ സഹസംവിധായകനായിരുന്നു ഇദ്ദേഹം. 'ഒലാലാ'യാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കൂടുതല്‍ വിശദാംശങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. പിആര്‍ഒ പി ആര്‍ സുമേരന്‍.

'ജീവന്‍ വെക്കുന്ന' മൃതദേഹങ്ങളും അപകടകരമായതും നിഗൂഢമായതുമായ 'ബാധയേല്‍ക്കുന്ന' മനുഷ്യരുമൊക്കെ ചേരുന്ന ഭാവനാലോകമാണ് ലോകസിനിമയില്‍ സോംബികളുടേത്. നരഭോജികളായാണ് പല സിനിമകളിലും സോംബികള്‍ ചിത്രീകരിക്കപ്പെടാറ്. മിക്കവാറും സോംബി ചിത്രങ്ങള്‍ 'ഹൊറര്‍' വിഭാഗത്തിലേക്ക് നയിക്കപ്പെടുമ്പോള്‍ ആക്ഷന്‍, കോമഡി എന്തിന് റൊമാന്‍സ് വിഭാഗത്തിലേക്കുവരെ എത്തിനില്‍ക്കുന്ന സോംബി ചിത്രങ്ങള്‍ പല ലോകഭാഷകളിലായുണ്ട്. ഡാനി ബോയിലിന്‍റെ 28 ഡെയ്സ് ലേറ്റര്‍, മിഷേല്‍ സോവിയുടെ സിമെറ്ററി മാന്‍, യോംഗ് സാങ് ഹോയുടെ ട്രെയിന്‍ ടു ബുസാന്‍ എന്നിവ വലിയ സ്വീകാര്യത നേടിയ സോംബി ചിത്രങ്ങളാണ്.

click me!