
സൂപ്പർ ഹിറ്റ് ചിത്രം സൂരരൈ പൊട്രുവിൽ സൂര്യയുടെ ഫിറ്റ്നസ് ട്രെയിനർ ആയിരുന്ന നിർമൽ നായർ ഇനി മലയാള സിനിമയിലും. നിവിൻ പോളി നായകനാവുന്ന പടവെട്ട് എന്ന ചിത്രത്തില്‍ നിവിന്റെ ഫിറ്റ്നസ് ട്രെയിനറായാണ് നിർമൽ നായർ എത്തുക. നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിലെ നിവിന്റെ മാസ്സ് ലുക്ക് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫിൽ വണ്ണമുള്ള കഥാപാത്രമായി എത്തുന്ന നിവിൻ പോളി, സെക്കൻഡ് ഹാഫിൽ ഫിറ്റ് ബോഡിയുമായാണ് എത്തുക. ഇതിനായി ഒരുക്കാനാണ് നിവിന്റെ ഫിറ്റ്നസ് ട്രെയിനറായി നിർമൽ നായർ എത്തുന്നത്. ചലച്ചിത്ര നിർമാണ രംഗത്തേക്ക് കൂടി കടന്നു വരവിന് ഒരുങ്ങുന്ന സണ്ണി വെയ്ൻ നിർമാണം നിർവഹിക്കുന്ന ആദ്യ ചിത്രമാണ് പടവെട്ട്. നേരത്തെ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച 'മൊമെന്‍റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്' എന്ന നാടകത്തിന്‍റെ സംവിധാനവും ലിജു കൃഷ്‍ണ ആയിരുന്നു. ദേശീയതലത്തില്‍ നിരവധി പുരസ്‍കാരങ്ങള്‍ ലഭിച്ച നാടകമായിരുന്നു ഇത്. 'അരുവി' എന്ന തമിഴ് ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ അദിതി ബാലനാണ് നായിക. മഞ്ജു വാര്യര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനഗിരി തങ്കരാജ്, ബാലന്‍ പാറയ്ക്കല്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ദീപക് ഡി മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു. ബിബിന്‍ പോളാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദലിയും സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വ്വഹിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ