ഉണ്ണി മുകുന്ദൻ കേസിലെ കുറ്റപത്രം: നടൻ വിചാരണ നേരിടേണ്ടി വരും, സത്യം തെളിയുമെന്നും വിപിൻ കുമാർ

Published : Jul 10, 2025, 10:08 PM ISTUpdated : Jul 10, 2025, 10:52 PM IST
Unni Mukundan

Synopsis

താൻ പറഞ്ഞ പരാതിയ്ക്ക് അടിസ്ഥാനമായ തെളിവുകൾ പൊലീസിന് കിട്ടിയിട്ടുണ്ടെന്നും വിപിൻ കുമാർ.

കൊച്ചി: മുൻ മാനേജരെ നടൻ ഉണ്ണി മുകുന്ദൻ മർദ്ദിച്ചെന്ന കേസില്‍ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി പരാതിക്കാരൻ വിപിൻ കുമാർ. കേസിൽ ഉണ്ണി മുകുന്ദൻ കോടതിയിൽ വിചാരണ നേരിടേണ്ടി വരും. സത്യം തെളിയുമെന്നും കോടതിയിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും വിപിൻ കുമാർ പറഞ്ഞു.

താൻ പറഞ്ഞ പരാതിയ്ക്ക് അടിസ്ഥാനമായ തെളിവുകൾ പൊലീസിന് കിട്ടിയിട്ടുണ്ടെന്നും വിപിൻ കുമാർ പറഞ്ഞു. തന്റെ പരാതിയിൽ എവിടെയും ക്രൂരമായി മർദ്ദിച്ചു എന്ന് പറഞ്ഞിട്ടില്ല. മർദ്ദിക്കണമെന്ന ഉദ്ദേശത്തോടെ വിളിച്ച് വരുത്തി ചീത്തവിളിച്ച് ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. തന്റെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിന് കിട്ടിയിട്ടുണ്ടെന്നും വിപിൻ കുമാർ പറഞ്ഞു.

അതേസമയം, ഉണ്ണി മുകുന്ദന്‍, വിപിന്‍ കുമാറിനെ മര്‍ദ്ദിക്കുന്നതിന് തെളിവില്ലെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. എന്നാൽ പിടിവലിയുണ്ടാവുകയും ഇതിൽ വിപിന്‍ കുമാര്‍ എന്ന മുന്‍ മാനേജരുടെ കണ്ണട പൊട്ടുകയും ചെയ്തു. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം. സംഭവസമയത്ത് വൈകാരികമായ പ്രതികരണമാണ് ഉണ്ണി മുകുന്ദന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദനെ നേരത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

നേരത്തെ താരസംഘടനയായ അമ്മയും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും രണ്ട് പേരോടും വിശദീകരണം തേടിയിരുന്നു. ഉണ്ണി മുകുന്ദനും വിപിൻ കുമാറും തമ്മിലുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചിരുന്നു. ടൊവിനോ തോമസ് ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ഉണ്ണി മുകുന്ദന്‍ പ്രകോപിതനായെന്നും തന്നെ മര്‍ദ്ദിച്ചുവെന്നും ആയിരുന്നു വിപിന്‍റെ പരാതി.

PREV
Read more Articles on
click me!

Recommended Stories

'പിന്നീട് ചെയ്യാമെന്ന് അറിയിച്ചിരുന്നെങ്കിൽ ഐശ്വര്യ റായ്‌ക്ക് വേണ്ടി ഒരു വർഷമൊക്കെ കാത്തിരിക്കാൻ തയ്യാറായിരുന്നു'; ആ സിനിമയെ കുറിച്ച് രജനികാന്ത്
കരിയറിലെ വ്യത്യസ്തമായ വേഷത്തിൽ ഹണി റോസ്; 'റേച്ചൽ' റിലീസിനൊരുങ്ങുന്നു