
സഹപാഠികളായിരുന്ന രണ്ടുപേർ വർഷങ്ങൾക്ക് ശേഷം നേരിൽ കാണുകയാണ്. പക്ഷേ ആ കൂടിക്കാഴ്‍ച വലിയൊരു യുദ്ധത്തിലേക്കാണ് ഇരുവരേയും എത്തിച്ചത്. 'പൂക്കാലം' എന്ന സിനിമയിൽ 'രവി'യായി വിനീത് ശ്രീനിവാസനും 'ജിക്കുമോനാ'യി ബേസിൽ ജോസഫും മിന്നും പ്രകടനമാണ് കാഴ്‍ചവെച്ചിരിക്കുന്നത്. ഇവരൊന്നിക്കുന്ന രംഗങ്ങളിലെല്ലാം തീയേറ്ററുകളിൽ കൂട്ടച്ചിരിയാണ്.
'നീ വാദിക്കുക പോലും വേണ്ട' എന്നാണ് 'പി എൽ രവി' അഡ്വക്കേറ്റായ 'ജിക്കുമോനോ'ട് പറഞ്ഞത്, ഇതോടെ 'ഞാൻ വാദിക്കില്ലെ'ന്നായി 'ജിക്കുമോൻ'. ശേഷം നടന്നത് എന്താണെന്നാണ് കൗതുകം. ഇത്തരത്തിൽ രസകരമായ ഒട്ടേറെ കഥാപാത്രങ്ങളേയും അവരുടെ അഭിനയമുഹൂർത്തങ്ങളേയും ചേർത്തുവെച്ചതാണ് ഗണേഷ് രാജിന്റെ 'പൂക്കാലം'. 'ആനന്ദം' എന്ന സൂപ്പർഹിറ്റിന് ശേഷം ഗണേഷ് രാജ് അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രം മികച്ച പ്രേക്ഷകപ്രീതി നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. വൻ ഹിറ്റാകും ചിത്രമെന്നാണ് പ്രതീക്ഷകള്‍.
ഒരു ക്ലീൻ ഫാമിലി എന്‍റര്‍ടെയ്‍നര്‍ എന്നാണ് കണ്ടവർക്ക് പറയാനുള്ളത്. വിവാഹം കഴിഞ്ഞിട്ട് എൺപതുവർഷത്തില്‍ അധികമായ ഒരു അപ്പാപ്പനും അമ്മാമ്മയും. അവരുടെ മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെയടക്കം നാല് തലമുറയടങ്ങുന്ന കുടുംബം. ഇവരുടെ ജീവിതത്തിലേക്ക് വന്ന് കയറുന്ന മറ്റുചിലരും, ഇവരുടെ ഇടയിലേക്ക് തീർത്തും ആകസ്‍മികമായെത്തുന്ന ഒരു കത്ത് വരുത്തുന്ന വിനയാണ് ചിത്രത്തിന്‍റെ പ്രമേയം.
'ഇട്ടൂപ്പായി' വിജയരാഘവന്‍റേയും 'കൊച്ചുത്രേസ്യാമ്മ'യായി കെപിഎസി ലീലയുടേയും ഗംഭീര പ്രകടനങ്ങളാണ് ഗണേഷ് രാജിന്റെ 'പൂക്കാല'ത്തിന്റെ ഏറ്റവും വലിയ ഹൈ ലൈറ്റ്. ഒപ്പം അന്നു ആന്‍റണി, അരുൺ കുര്യൻ, സരസ ബാലുശ്ശേരി, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ജോണി ആന്‍റണി തുടങ്ങി വലിയൊരു താരനിരയുടെ ശ്രദ്ധേയ പ്രകടനങ്ങളും പൂക്കാലത്തിന് മുതൽക്കൂട്ടാണ്. ആനന്ദ് സി ചന്ദ്രന്‍റെ കളർഫുൾ സിനിമാറ്റോഗ്രാഫിയും സച്ചിൻ വാര്യരുടെ പാട്ടുകളും റോണക്സ് സേവ്യറുടെ മേക്കപ്പും ചിത്രത്തെ കൂടുതൽ ഭംഗിയുള്ളതാക്കിയിട്ടുമുണ്ട്. തീർച്ചയായും ആഘോഷപൂർവ്വം കണ്ടുരസിക്കാനുള്ളതെല്ലാം 'പൂക്കാല'മെന്ന ചിത്രത്തില്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്.
Read More: ഫഹദ് നായകനായി 'പാച്ചുവും അത്ഭുതവിളക്കും', വീഡിയോ ഗാനം പുറത്ത്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ