'നെറ്റ്ഫ്ലിക്സില്‍ വരുന്നത് നയൻതാരയുടെ ജീവിതമാണ്, വെറും കല്യാണ വീഡിയോ അല്ല', വെളിപ്പെടുത്തി ഗൗതം മേനോൻ

By Web TeamFirst Published Sep 22, 2022, 10:27 AM IST
Highlights

നയൻതാരയുടെ വിവാഹ വീഡിയോ അല്ല താൻ സംവിധാനം ചെയ്യുന്നതെന്ന് ഗൗതം വാസുദേവ് മേനോൻ.

തമിഴകത്തിന്റെ താര റാണി നയൻതാരയുടെയും ഹിറ്റ് സംവിധായകൻ വിഘ്നേശ് ശിവന്റെയും വിവാഹം തെന്നിന്ത്യ ഇന്നോളം കണ്ടതില്‍ വെച്ചേറ്റവും ആഘോഷപൂര്‍വമായിരുന്നു. ജൂണ്‍ ഒമ്പതിന് മഹാബലിപുരത്ത് വെച്ചായിരുന്നു വിവാഹം. ഗൗതം വാസുദേവ് മേനോൻ വിവാഹ വീഡിയോ സംവിധാനം ചെയ്യുന്നുവെന്നും നെറ്റ്ഫ്ലിക്സില്‍ സ്‍ട്രീം ചെയ്യുമെന്നും അന്നേ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് കേവലം വിവാഹ വീഡിയോ അല്ല എന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ.

ലേഡി സൂപ്പര്‍സ്റ്റാറിനെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററി ആണ് താൻ ചെയ്യുന്നത് എന്ന് ഗൗതം വാസുദേവ് മേനോൻ വെളിപ്പെടുത്തി. 'നയൻതാര : ബിയോണ്ട് ദ ഫെയറിടെയില്‍' എന്ന പേരിട്ട ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നതിലെ ആവേശവും അദ്ദേഹം പങ്കുവെച്ചു. നയൻതാരയുടെ കുട്ടിക്കാല ഓര്‍മകളും ഫോട്ടോകളും സിനിമാ ലോകത്തെ യാത്രയും വിവാഹ നിമിഷങ്ങളും ഡോക്യുമെന്ററിയിലുണ്ടാകും എന്ന് ഗൗതം വാസുദേവ് മേനോൻ വ്യക്തമാക്കി. പിങ്ക് വില്ലയോടാണ് ഗൗതം വാസുദേവ് മേനോൻ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

പലരും ആദ്യം വിചാരിച്ചത് ഞാൻ അവരുടെ വിവാഹ സിനിമ സംവിധാനം ചെയ്യുന്നു എന്നാണ്.  എന്നാല്‍ ഇത് നയൻതാരയുടെ ഇതുവരെയുള്ള ജീവിതത്തെ കുറിച്ചാണ്. അവരെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കാൻ ഒരു കാരണമുണ്ട്. അവരുടെ കുട്ടിക്കാലം മുതല്‍ ഇന്നുവരെയുള്ള യാത്രയിലെ എല്ലാ കാര്യങ്ങളും ഞങ്ങള്‍ ഉള്‍പ്പെടുത്തുന്നുണ്ട്.  അവരുടെ ബാല്യകാല ചിത്രങ്ങള്‍ നിങ്ങള്‍ക്ക് കാണാനാകും, അവരുടെ ഓര്‍മകളും. വിഘ്‍നേശ് ഇതിന്റെ ഭാഗമാണ്. ഞങ്ങള്‍ അതിന്റെ ജോലികളിലാണ് എന്നും ഗൗതം വാസുദേവ് മേനോൻ പറയുന്നു.

മഹാബലിപുരത്തെ ആഡംബര ഹോട്ടല്‍ ആയ ഷെറാട്ടണ്‍ ഗ്രാന്‍ഡില്‍ വച്ചായിരുന്നു നയൻതാരയുടെയും വിഘ്‍നേശ് ശിവന്റെയും വിവാം. ആഡംബര റിസോർട്ട് പൂർണമായും ഒരാഴ്‍ച മുമ്പുതന്നെ വിവാഹത്തിനായി ബുക്ക് ചെയ്‍തിരുന്നു. തെക്കേയിന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള താരത്തിന്‍റെ വിവാഹം അതിന്‍റെ എല്ലാ പ്രൗഢിയിലും ബ്രാൻഡ് ചെയ്യപ്പെട്ടിരുന്നു. കുടിവെള്ളക്കുപ്പിയിൽ മുതൽ അതിഥികളുടെ ഡ്രസ് കോഡിലും വിവാഹവേദിയിലെ അലങ്കാരങ്ങളിലും വരെ അത് പ്രതിഫലിച്ചിരുന്നു. ഡിജിറ്റൽ ക്ഷണക്കത്തിനൊപ്പമുള്ള ക്യു ആർ കോഡ് സ്‍കാൻ ചെയ്‍ത് വിവാഹവേദിയിലേക്ക് പ്രവേശനം. സുരക്ഷാ ഉദ്യോഗസ്ഥരുടേയും ഇവന്‍റ് മാനേജ്മെന്‍റ് ടീമിന്‍റേയുമടക്കം ഫോണുകളുടെ ക്യാമറ സ്റ്റിക്കർ ഉപയോഗിച്ച് മറച്ചിരുന്നു. വിവാഹചിത്രങ്ങൾ പുറത്തുപോകാതിരിക്കാനുള്ള മുൻകരുതൽ. രജനികാന്തും ഷാരൂഖ് ഖാനും അജിത്ത് കുമാറും വിജയ്‍യും സൂര്യയുമടക്കം പ്രമുഖ താരങ്ങളുടെ വലിയ നിര വിവാഹത്തിനും പിന്നീട് നടന്ന വിരുന്നിനും എത്തിയിരുന്നു.  

Read More : ബോക്സ് ഓഫീസില്‍ തകര്‍ന്നു, ഇനി പ്രതീക്ഷ ഒടിടിയില്‍, 'ലൈഗര്‍' സ്‍ട്രീമിംഗ് തുടങ്ങി

click me!